Sorry, you need to enable JavaScript to visit this website.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംപ്രേഷണം ചെയ്യുന്ന പ്രസംഗത്തിന് ദൂരദർശൻ വിലക്ക് ഏർപ്പെടുത്തിയ സംഭവം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കൈയേറ്റവും സാംസ്‌കാരിക ഫാസിസത്തിന്റെ തേർവാഴ്ചയുമാണ്. 
ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്താൽ നയിക്കപ്പെടുന്ന കേന്ദ്ര സർക്കാർ എന്ന വാചകം ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു ഈ മാസം 25ന് സംപ്രേഷണം നടത്തേണ്ടിയിരുന്ന സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം.പിയുടെ പ്രസംഗത്തിന് ദൂരദർശൻ അധികൃതർ ഏർപ്പെടുത്തിയ വിലക്ക്.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനെയും ആർഎസ്എസിനെയും വിമർശിക്കാൻ പാടില്ലെന്ന നിലപാടാണ് ദൂരദർശൻ അധികൃതർ സ്വീകരിച്ചത്. നരേന്ദ്ര മോഡി അധികാരത്തിലെത്തിയ നാൾ മുതൽ അവർ വിമർശനങ്ങളെ ഭയപ്പെടുകയാണ്; എതിർക്കുകയാണ്; തമസ്‌കരിക്കാൻ ശ്രമിക്കുകയാണ്. എതിരഭിപ്രായം പറയുന്നവരെ കൊലക്കത്തിക്ക് വരെ ഇരയാക്കി.
മുൻകൂട്ടി എഴുതി നൽകി അംഗീകാരം വാങ്ങിയ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങൾ റെക്കാർഡിങ്ങിനെത്തുന്ന വേളയിൽ വെട്ടിമാറ്റി നൽകുന്നത് എന്ത് ജനാധിപത്യ മര്യാദയാണ്? കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെയും ആർ.എസ്.എസിനെയും ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഉപമിച്ച പരാമർശം ഒഴിവാക്കണമെന്നാണ് ആവശ്യപ്പെട്ടത്. പ്രസംഗത്തിലെ ചില ഭാഗങ്ങൾ മറ്റ് പാർട്ടിക്കാരെയോ അവയുടെ പ്രവർത്തകരെയോ വിമർശിക്കുന്നതാണെന്നും പെരുമാറ്റച്ചട്ട ലംഘനമാണെന്നുമാണ് ദൂരദർശന്റെ നിലപാട്.
ഒരു സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകളെ വിമർശിക്കുന്നത് എങ്ങനെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകും? അങ്ങനെയെങ്കിൽ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ പരമ്പര നടത്തുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വന്ന് നരേന്ദ്രമോഡി പ്രസംഗിച്ചതും ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ തൃശൂരിൽ പറഞ്ഞതും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമല്ലാതെ മറ്റെന്താണ്? ദൈവത്തിന്റെ പേര് ഉച്ചരിച്ചാൽ കേരളത്തിൽ ജയിലിൽ പോകേണ്ട അവസ്ഥയാണുള്ളതെന്നാണ് മോഡി പറഞ്ഞുവെച്ചത്. 
ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ഇലക്ഷൻ കമ്മിഷൻ പലവട്ടം വ്യക്തമാക്കിയിട്ടും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയും മറ്റ് പല ബിജെപി - എൻഡിഎ നേതാക്കളും ഇലക്ഷൻ കമ്മീഷന്റെ വിലക്കുകളെ പരസ്യമായി ലംഘിച്ചു കൊണ്ടിരിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതപോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മുൻ ചീഫ് ഇലക്ഷൻ കമ്മിഷണർ ഖുറേഷി തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഏകപക്ഷീയമായ നടപടിക്കെതിരെ സുപ്രീം കോടതി തന്നെ രംഗത്തുവരേണ്ടിവന്നു. സുപ്രീം കോടതി ഇടപെട്ടതിനെ തുടർന്നാണ് പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ പലതിലും നടപടി സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയാറായത്.
കേന്ദ്ര സർക്കാരും സംഘ്പരിവാർ ശക്തികളും ഒരു രാഷ്ട്രത്തിന്റെ മതേതര സങ്കൽപങ്ങളെയാണ് തകർത്തെറിയുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ നയത്തെ എതിർത്ത് അഭിപ്രായം പറഞ്ഞാൽ അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവും പ്രധാനമന്ത്രിയും മറ്റ് ഉയർന്ന ബി.ജെ.പി നേതാക്കളും തോന്നുംപടി വിളിച്ചുപറയുന്നത് പെരുമാറ്റച്ചട്ട സംരക്ഷണവും ആകുന്നതെങ്ങനെ?
ആർ.എസ്.എസും മോഡിയും കൂടുതൽ കൂടുതൽ ഭീരുക്കളായി മാറുന്നതിന്റെ തെളിവാണ് വിമർശനത്തെയും വിമർശകരെയും ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നുവെന്നത്. ഗോവിന്ദ് പൻസാരെയും കൽബുർഗിയും ഗൗരി ലങ്കേഷുമെല്ലാം മോഡീഭക്തരുടെ ഭയത്തിന്റെ രക്തസാക്ഷികളാണ്. എഴുതാനും പറയാനും പാടാനും സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭരണകൂടമായി മോഡി സർക്കാർ മാറി. വികസനവും രാഷ്ട്രസേവനവും മറന്ന മോഡി കുത്തകകൾക്കായി അഞ്ച് വർഷം പാഴാക്കിയതിനെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ മുതിരുന്നവരെയാണ് ഇപ്പോൾ ശത്രുപക്ഷത്തുനിർത്തുന്നത്. 
വർഗീയതയെയും തീവ്രഹിന്ദുത്വത്തെയും ആയുധമാക്കി രാജ്യത്തെ ഐക്യത്തെയും മതേതരത്വത്തെയും തകർത്തുകൊണ്ടിരിക്കുന്ന ഈ സന്ദർഭം തുറന്നുകാട്ടേണ്ടതുതന്നെയാണ്. പ്രധാനമന്ത്രി മുതൽ സംഘപരിവാർ സംഘടനയുടെ നേതാക്കളും സന്ന്യാസിവര്യരുമെല്ലാം മതവൈരം വിളമ്പുന്നത് നോക്കിനിൽക്കാൻ രാജ്യസ്‌നേഹികൾക്കാവില്ല. ബിനോയ് വിശ്വവും ബാൽചന്ദ്ര കാൻഗോയും തങ്ങളുടെ ഉത്തരവാദിത്തമെന്ന നിലയിലാണ് രാജ്യം അഭിമുഖീകരിക്കുന്ന ആപൽകരമായ അവസ്ഥയെ ജനങ്ങളുടെ ശ്രദ്ധയിൽക്കൊണ്ടുവരാൻ ശ്രമിച്ചത്.
കേന്ദ്ര സർക്കാരിന്റെയും തങ്ങളുടെ പാർട്ടിയുടെയും നെറികെട്ട നയങ്ങളെ ന്യായീകരിക്കാൻ തട്ടിവിടുന്ന നുണപ്രചാരണങ്ങൾക്ക് സംരക്ഷണം നൽകുകയും അതിനെതിരെയുള്ള അഭിപ്രായങ്ങൾക്ക് മൂക്കുകയറിടുകയും ചെയ്യുന്നത് ഒരു ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. ദൂരദർശൻ കേന്ദ്ര ഭരണകക്ഷിയുടെ രാഷ്ട്രീയ പ്രചാരണ ഉപകരണമാകരുത്. ദൂരദർശന്റെ ഇപ്പോഴത്തെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പൊതുസമൂഹത്തിന്റെ യോജിച്ച വികാരം ഉയർന്നുവരണം.
 

Latest News