Sorry, you need to enable JavaScript to visit this website.
Thursday , May   28, 2020
Thursday , May   28, 2020

രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്ര നിയോഗം

ഇതൊരു ചരിത്ര ദൗത്യമാണ്. അഞ്ചു വർഷത്തെ ഭരണം കൊണ്ട് നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ ഇളക്കിയ ബി. ജെ.പി ഭരണത്തിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കാനുള്ള ചരിത്ര നിയോഗമാണ് ഈ തെരഞ്ഞെടുപ്പ്  നമുക്ക് നൽകിയിട്ടുള്ളത്.  അനേക ലക്ഷം ദേശസ്‌നേഹികളുടെ ത്യാഗോജ്വലമായ പോരാട്ടത്തിലൂടെയും സഹന സമരത്തിലൂടെയും ജീവത്യാഗത്തിലൂടെയും നേടിയെടുത്ത നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും  മതസാഹോദര്യവും ബഹുസ്വരതയും ഇതേ പോലെ നിലനിൽക്കണോ എന്ന കാതലായ ചോദ്യമുയരുമ്പോൾ അവ കാത്തു സൂക്ഷിക്കാനായി നമ്മുടെ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്ന കടമയാണ് രാജ്യസ്‌നേഹിയായ ഏതൊരു ഇന്ത്യൻ പൗരനുമുള്ളത്. 
കഴിഞ്ഞ അഞ്ചു വർഷത്തെ നരേന്ദ്ര മോഡിയുടെ ഭരണം കൊണ്ട് നാശത്തിലേക്കും അസ്വസ്ഥതയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തിയ നമ്മുടെ രാജ്യത്തെ വീണ്ടെടുക്കുന്നതിനും കെടുകാര്യസ്ഥതയും മുഷ്‌ക്കും  ചോരക്കൊതിയും  അവിവേകവും മാത്രം കൈമുതലാക്കി കേരളത്തെ തകർക്കുന്ന സംസ്ഥാനത്തെ പിണറായി സർക്കാരിന് താക്കീത് നൽകാനും  കിട്ടുന്ന സുവർണ്ണാവസരമാണ് ഏപ്രിൽ 23 ന് നടക്കുന്ന വോട്ടെടുപ്പ്.  
നരേന്ദ്ര മോഡിയുടെ അഞ്ചു വർഷത്തെ  ഭരണം നമ്മുടെ രാജ്യത്തിനുണ്ടാക്കിയ ആപത്ത്  വിവരണാതീതമാണ്. പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരാവുകയും രാജ്യം ദാരിദ്ര്യത്തിൽ മുങ്ങിത്താഴുകയും കടംകയറി കർഷകർ കൂട്ടത്തോടെ ആത്മഹത്യ നടത്തുകയും ചെയ്തപ്പോൾ മോഡിയുടെ സുഹൃത്തുക്കളായ ഏതാനും കോർപ്പറേറ്റ് മുതലാളിമാർ രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കയ്യടക്കി തടിച്ചു  കൊഴുത്തു. 
രാജ്യത്തിന്റെ കാവൽക്കാരനാണെന്ന് വീമ്പളക്കിയ നരേന്ദ്ര  മോഡിയുടെ യഥാർത്ഥ നിറം പുറത്തു കൊണ്ടു വന്നതാണ് റാഫേൽ യുദ്ധവിമാന ഇടപാട്. പ്രതിരോധ മന്ത്രിയെപ്പോലും നോക്കു കുത്തിയാക്കി മോദി തന്റെ സുഹൃത്തായ അനിൽ അംബാനിയുടെ റിലയൻസിന് നാടിന്റെ പണം കൊള്ളയടിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ്  ചെയ്തത്. യു.പി.എ കാലത്ത് 570 കോടി രൂപയക്ക് വാങ്ങാൻ നിശ്ചയിച്ചിരുന്ന റാഫേൽ യുദ്ധവിമാനങ്ങൾ അതിന്റെ മൂന്നിരട്ടി തുകയായ 1760 കോടി വച്ച് വാങ്ങാനാണ് മോഡി കരാറുണ്ടാക്കിയത്. ഇത് വഴി  30,000 കോടി രൂപ റിലയൻസിന്റെ പോക്കറ്റിലെത്തിയത്. 
ജനങ്ങളെ വർഗീയമായി വേർതിരിക്കുകയും സംഘർഷം സൃഷ്ടിക്കുകയുമാണ് ബി.ജെ.പി ഭരണത്തിന് കീഴിൽ സംഘപരിവാർ ശക്തികൾ ചെയ്തത്.  പശുവിന്റെ പേരിൽ പട്ടാപ്പകൽ തെരുവിൽ  ആളുകളെ അടിച്ചു കൊല്ലാൻ സംഘപരിവാറിന്റെ ഗോരക്ഷാ സംഘങ്ങൾ എന്ന ഗുണ്ടാ സംഘങ്ങൾക്ക്  യാതൊരു മടിയുമുണ്ടായില്ല. പശുവിന്റെ പേരിൽ മാത്രം 28 പേരെയാണ് കൊല്ലപ്പെട്ടത്.    രാജ്യത്തെങ്ങും സാംസ്‌ക്കാരിക പ്രവർത്തകരും എഴുത്തുകാരും പത്രപ്രവർത്തകരും ചിന്തകരും ആക്രമിക്കപ്പെടുകയോ  കൊല്ലപ്പെടുകയോ ചെയ്തു. ബാംഗഌരിലെ പ്രശസ്ത പത്രപ്രവർത്തക  ഗൗരി ലങ്കേഷിനെ നിഷ്ഠുരമായാണ് വെടിവച്ചു കൊന്നത്. ജെ.എൻ.യു പോലെ ഇന്ത്യയിലെ എണ്ണം പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിഷം ചീറ്റി. 
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ വാരിച്ചൊരിഞ്ഞാണ് കേന്ദ്രത്തിൽ  ബി.ജെ.പി സർക്കാർ അധികാരത്തിലേറിയത്. 
പെട്രോൾ വിലവർധനവിനെതിരെ പ്രതിപക്ഷത്തായിരിക്കെ കാളവണ്ടി യാത്ര നടത്തി പ്രതിഷേധിച്ച മോഡി അധികാരത്തിലേറിയപ്പോൾ  പെട്രോളിന്റെ പേരിൽ ഏറ്റവും വലിയ കൊള്ള നടത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഇടിയുന്നതനുസരിച്ച് ഇന്ത്യയിൽ പെട്രോളിയം വില കുത്തനെ കൂട്ടി. ഇതിനായി  എക്‌സൈസ് തീരുവ പത്തിരട്ടിയോളമാണ് വർധിപ്പിച്ചത്.  
ഏതാണ്ട് രണ്ടു ലക്ഷത്തോളം കോടി രൂപയാണ് പെട്രോളിൽ നിന്നും ഡീസലിൽ നിന്നും കേന്ദ്ര സർക്കാർ നികുതി ഇനത്തിൽ ജനങ്ങളിൽ നിന്ന് പിഴിയുന്നത്. പെട്രോളിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിൽ  കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരും സംസ്ഥാനത്തെ ഇടതു സർക്കാരും ഒറ്റക്കെട്ടാണ്. കേന്ദ്രം നികുതി വർദ്ധിപ്പിച്ചപ്പോഴൊക്കെ അതിന്റെ വിഹിതം സന്തോഷ പൂർവം സംസ്ഥാനവും വാങ്ങി പോക്കറ്റിലിട്ടു.  
മോഡിയുടെ സുഹൃത്തുക്കളായ കോർപ്പറേറ്റ് മുതലാളിമാർ തടിച്ചു കൊഴുക്കുമ്പോൾ രാജ്യത്തിന്റെ നട്ടെല്ലായ കർഷകർക്ക് കടം കയറി ആത്മഹത്യ ചെയ്യേണ്ടി വന്നു.  വർഷം 12,500 കർഷകർ മോഡി സർക്കാരിന് കീഴിൽ  ആത്മഹത്യ ചെയ്യുന്നത് എന്നാണ് കണക്ക്. 
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ മറ്റൊരു പതിപ്പാണ് കേരളത്തിലെ പിണറായി സർക്കാർ.  അസഹിഷ്ണുതയും ചോരക്കൊതിയും തന്നെയാണ് സി.പി.എമ്മിന്റെയും മുഖമുദ്ര. പിണറായി അധികാരമേറ്റ അന്ന് തുടങ്ങിയ രാഷ്ട്രീയ കൊലപാതക പരമ്പരയ്ക്ക് അറുതിയില്ല. ഇതിനകം കൊല്ലപ്പെട്ടത് 29 പേരാണ്.  ഏറ്റവും ഒടുവിൽ പെരിയയിൽ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും  രക്തത്തിൽ ചവിട്ടി നിന്നാണ് സി.പി.എം വോട്ട് ചോദിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും രാഷ്ട്രീയ കൊലപാതകങ്ങളിൽ മത്സരിക്കുകയാണ്. ക്രമസമാധാന നില പരിപാലിക്കുന്നതിൽ  പിണറായി സർക്കാർ പൂർണമായാണ് പരാജയപ്പെട്ടത്. 
നിയമാനുസൃതമായ മുൻകരുതലുകളെടുക്കാതെ  ഡാമുകളെല്ലാം ഒന്നിച്ചു തുറന്നു വിട്ട സർക്കാരിന്റെ വിവേക ശൂന്യമായ നടപടിയാണ് മഹാപ്രളയത്തിന് കാരണമായത്.  ഈ ദുരന്തം മനുഷ്യ നിർമിതമാണെന്ന പ്രതിപക്ഷ ആരോപണം പൂർണ്ണമായി ശരിവയ്ക്കുന്നതാണ് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂരി റിപ്പോർട്ട്. പെരുമഴയിൽ ഡാമുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ വീഴ്ചയുണ്ടായി എന്നാണ് അമിക്കസ് ക്യൂരി കണ്ടെത്തിയത്. 
ഡാമുകൾ തുറക്കുന്നതിന് മുമ്പ് ബഌ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിക്കണമെന്നാണ് നിബന്ധനയെങ്കിലും അതൊന്നുമുണ്ടായില്ല. അർദ്ധരാത്രി വീടുകളിൽ ഉറങ്ങിക്കിടന്ന ആളുകളുടെ തലയ്ക്ക് മുകളിലേക്ക് പ്രളയ ജലം കുതിച്ചെത്തുകയായിരുന്നു. ജീവനും കയ്യിലെടുത്താണ് ജനം പരക്കം പാഞ്ഞത്. 483 പേർ മരണമടയുകയും 14 പേരെ കാണാതാവുകയും ചെയ്തു. പതിനാലര ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയത്. 30,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമാണുണ്ടായി. ഈ ദുരന്തത്തിനുത്തരവാദി സംസ്ഥാന സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്.  
ഈ ദുരന്തങ്ങൾ വരുത്തിവെച്ചത് പോലെ പൊറുക്കാനാവാത്ത വീഴ്ചയാണ് അവയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഉണ്ടായത്. 
ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടു സുപ്രീം കോടതി വിധി ഉണ്ടായപ്പോൾ വിവേകപൂർവ്വം  ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ അത് ആളിക്കത്തിക്കുകയാണ് സർക്കാർ ചെയതത്. അതോടെ  ശബരിമല സംഘർഷ ഭൂമിയായി. ഇത് സുവർണ്ണാവസരമായിക്കണ്ട് ബി.ജെ.പി അതിൽനിന്ന് മുതലെടുപ്പ് നടത്തി. വോട്ടെടുപ്പിന്റെ ഈ വേളയിലും ശബരിമല വിഷയം ആളിക്കത്തിക്കാൻ പ്രധാന മന്ത്രി പോലും ശ്രമിക്കുന്നു. 
ഈ പശ്ചാത്തലത്തിലാണ് ദേശീയ തിരഞ്ഞെടുപ്പ് നടക്കുന്നത്.  കോൺഗ്രസ് അദ്ധ്യക്ഷൻ രാഹൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തമായ മടങ്ങി വരവ് രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി കൂടി എത്തിയോടെ കോൺഗ്രസ് തരംഗം രാജ്യത്ത് ആഞ്ഞു വീശുന്നു.  ദാരിദ്ര്യം തുടച്ചുമാറ്റുന്നതിന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി രാഷ്ട്രത്തിന് പുതിയ ആശ നൽകിയിരിക്കുകയാണ്. പാവപ്പെട്ടവർക്ക് തൊഴിൽ ഉറപ്പാക്കി അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം 72,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണിത്. 5 കോടി നിർദ്ധന കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രഗത്ഭ സാമ്പത്തിക വിദഗ്ധരുമായി മാസങ്ങളോളം കൂടിയാലോചിച്ച് തയ്യാറാക്കിയ പദ്ധതി രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായക നാഴികക്കല്ലായിരിക്കും. 
നമ്മുടെ ഈ കൊച്ചു കേരളത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാനെത്തി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ ചരിത്രപരമായ മറ്റൊരു പ്രാധാന്യം. ഇത് കേരളത്തിന് ലഭിച്ച അംഗീകാരവും ആദരവുമാണ്. കേരളത്തിന്റെ ഇരുപത് മണ്ഡലങ്ങളിലും രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിന്റെ ഊർജ പ്രവാഹം ഉണ്ടായിരിക്കുന്നു. കേരളത്തിൽ മാത്രമല്ല ദക്ഷിണേന്ത്യ മുഴുവൻ രാഹുലിന്റെ വയനാടൻ മത്സരത്തിന്റെ ആവേശം പ്രസരിക്കുന്നുണ്ട്.  
ബി.ജെ.പിയെ അധികാരത്തിൽ നിന്ന് പുറത്താക്കി നമ്മുടെ രാജ്യത്തെ രക്ഷിക്കുന്നതിനായി കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിന് വോട്ട് ചെയ്യേണ്ടത് ഓരോ രാജ്യസ്‌നേഹിയുടേയും കടമയാണ്. രാഷ്ട്രത്തിന്റെ നിലനിൽപ്പിനെ അപകടത്തിലാക്കിയ ബി.ജെ.പി - സംഘ് പരിവാർ ശക്തികളിൽനിന്ന് നാടിനെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ യു.ഡി.എഫിനോടൊപ്പം ചേരാൻ എല്ലാ രാജ്യസ്‌നേഹികളെയും ക്ഷണിക്കുന്നു. 
 

Latest News