Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; ചര്‍ച്ചിനടുത്ത് വീണ്ടും സ്‌ഫോടനം

കൊളംബോ- 290 പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ ചര്‍ച്ചുകളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരും. ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നപടികള്‍ കര്‍ശനമാക്കാനാണിതെന്നും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങാകില്ലെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഓഫീസ് അറിയിച്ചു. തിരുമല ക്ഷേത്ര സന്ദര്‍ശനത്തിനായി ഏപ്രില്‍ 16 ഇന്ത്യയിലേക്കു പോയ സിരിസേന കഴിഞ്ഞ ദിവസം രാത്രിയാണ് മടങ്ങിയെത്തിയത്. സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമായി സിംഗപൂരിലേക്കും അദ്ദേഹം പോയിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം സ്‌ഫോടനമുണ്ടായ ചര്‍ച്ചിനു സമീപം ഒരു വാനില്‍ തിങ്കളാഴ്ച വീണ്ടും സ്‌ഫോടനമുണ്ടായി. വ്യോമ സേനയുടെ ബോംബ് സ്‌ക്വാഡും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സും ചേര്‍ന്ന് സ്‌ഫോടന വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്യുന്നു. 

തലസ്ഥാനമായ കൊളംബോ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്ന് 87 സ്‌ഫോടക വസ്തുക്കള്‍ ലങ്കന്‍ പോലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ സുരക്ഷാ സേന രാജ്യത്തുടനീളം വ്യാപക തെരച്ചില്‍ നടത്തി വരികയാണ്. നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയ്ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം ശ്രീലങ്കന്‍ പൗരന്മാരാണ്. സ്‌ഫോടനം നടത്താന്‍ രാജ്യത്തിനു പുറത്തു നിന്നുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിച്ചു വരുന്നതായി സര്‍ക്കാര്‍ വക്താവും ക്യാബിനെറ്റ് മന്ത്രിയുമായ രജിത സേനരത്‌നെ പറഞ്ഞു.

വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏപ്രില്‍ നാലിന് ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ രഹസ്യാന്വേഷണ മേധാവി ഏപ്രില്‍ 11-ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിനും വിവരം കൈമാറിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ പ്രധാനന്ത്രിയേയും പ്രതിരോധ മന്ത്രിയേയും നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനു ക്ഷണിക്കാറില്ലെന്നും സേനരത്‌നെ പറഞ്ഞു. പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തി യോഗം ചേരാനുള്ള ആവശ്യം ഞായറാഴ്ച രാവിലെ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ചില്ലെന്നും മന്ത്രി സേനരത്‌നെ പറഞ്ഞു.

Latest News