ഏകാധിപത്യം കൊതിക്കുന്ന മോഡിയെ ഇന്ത്യ തള്ളുമോ കൊള്ളുമോ? വിദേശ വിശകലനം

വാഷിംഗ്ടണ്‍- പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അധികാരമേറ്റാല്‍ ഇന്ത്യയില്‍ വിഭാഗീയത വര്‍ധിക്കുമെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലാതാകുമെന്നും  ഡെമോക്രാറ്റിക് എറോഷനില്‍ എഴുതിയ വിശകലനത്തില്‍ യൂനിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലെ ജൂലിയ ഫിഷര്‍ വിലയിരുത്തുന്നു.

അമേരിക്കയിലും ലോകത്തെമ്പാടും സംഭവിക്കുന്ന ജനാധിപത്യ അപചയങ്ങളെ കുറിച്ച് പഠിക്കുന്നതിനും വിലയിരുത്തുന്നതിനും രൂപംകൊണ്ട അന്താരാഷ്ട്ര സര്‍വകലാശാലകളുടെ കൂട്ടായ്മയാണ് ഡെമോക്രാറ്റിക് എറോഷന്‍. മോഡിയിലൂടെയും ബി.ജെ.പിയിലൂടെയും ഹിന്ദു ദേശീയത ശക്തിപ്പെടുന്ന ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുമോ എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിലാണ് വിഭാഗീയതയും സംഘര്‍ഷങ്ങളും വര്‍ധിക്കുമെന്ന മുന്നറിയിപ്പ്.

മോഡിയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ഹിതപരിശോധനയാണ് ഈ തെരഞ്ഞെടുപ്പ്. മോഡിയുടെ ബഹുജനസമ്മതി ഏറ്റവും കുറഞ്ഞിട്ടുണ്ടെങ്കിലും മറ്റു സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് അദ്ദേഹം തന്നെയാണ് മുന്നില്‍. വൈകാരികതയിലൂടെ ജനസമ്മതി നിലനിര്‍ത്താനാണ് മോഡി പ്രചാരണത്തിലൂടെ ശ്രമിച്ചത്.

വീണ്ടും തെരഞ്ഞെടുക്കപ്പട്ടാല്‍ മോഡി കൂടുതല്‍ ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്നാണ് വിവിധ ഘടകങ്ങള്‍ പരിശോധിച്ച് ജൂലിയ ഫിഷര്‍ വിലയിരുത്തുന്നത്. വര്‍ഗിയ കലപാങ്ങളോടും അക്രമങ്ങളോടും പ്രധാനമന്ത്രി മോഡി  പുലര്‍ത്തുന്ന സഹകരണവും പ്രോത്സാഹനവും  ലേഖനത്തില്‍ എടുത്തു പറയുന്നു. ഇന്ത്യയില്‍ അടുത്ത കാലത്ത് നടന്ന സംഘര്‍ഷങ്ങളെ മോഡിയും അദ്ദേഹത്തിന്റെ സര്‍ക്കാരും കൈകാര്യം ചെയ്ത രീതിയും മതത്തിന്റെ പേരില്‍ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് നടന്ന അക്രമങ്ങളും പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും പറയുന്നു.

2005 ല്‍ ഗുജറാത്തില്‍ മതത്തിന്റെ പേരില്‍ നടത്തിയ അക്രമങ്ങളോട് മുഖ്യമന്ത്രിയായിരുന്ന പുലര്‍ത്തിയ അനുനയ നിലപാടിലൂടെയാണ് മോഡിയുടെ രാഷ്ട്രീയ വളര്‍ച്ച. സുപ്രീം കോടതി മോഡിയെ കുറ്റവിമുക്തനാക്കിയെങ്കിലും ഇപ്പോഴും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോഡി വിമര്‍ശിക്കപ്പെടുന്നു. ഗുജറാത്ത് കലാപത്തിലും തുടര്‍ന്നും മോഡി സ്വീകരിച്ച നടപടികള്‍ വിലയിരുത്തി അദ്ദേഹത്തിന് യു.എസ് വിസ നിഷേധിക്കുക പോലും ചെയ്തിരുന്നു.

2014 ല്‍ പ്രധാനമന്തിയായ ശേഷം മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളുമായി മോഡിക്കുള്ള ബന്ധം വര്‍ധിക്കുകയാണ് ചെയ്തത്. 2018 ല്‍ രാജ്യത്ത് നടന്ന വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 75 ശതമാനവും മുസ്്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കുമെതിരെ ആയിരുന്നുവെന്ന് ഹേറ്റ് ക്രൈം വാച്ച് കണക്കുകള്‍ വ്യക്തമാക്കുന്നു.

മതത്തിന്റെ പേരിലുള്ള അക്രമം തടയുന്നതിനോ പ്രതികളെ പിടികൂടി ശിക്ഷിക്കുന്നതിനോ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ 2018 ല്‍ അതിക്രമങ്ങള്‍ വര്‍ധിക്കില്ലായിരുന്നു. മത അസഹിഷ്ണുതയോടൊപ്പം ഹിന്ദു ദേശിയതയും ചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍ ചെയ്തത്.

മോഡിക്കും ബി.ജെ.പിക്കും കീഴില്‍ ഇന്ത്യയില്‍ ധ്രുവീകരണം ശക്തിപ്പെട്ടു. സര്‍ക്കാരില്‍ ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കൊണ്ടവരികയാണ് മോഡി ചെയ്തത്. ഇതിന്റെ ഫലമായി ഹിന്ദുദേശീയ വാദികള്‍ കരുത്താര്‍ജിക്കുകയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെ കൂടുതല്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്തു.

 

Latest News