ന്യൂദല്‍ഹി- കോടതി പറയാത്ത കാര്യങ്ങള്‍ കോടതിയുടെ പേരില്‍ പറഞ്ഞതിന് സുപ്രീം കോടതി അയച്ച നോട്ടീസിന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. രാഷ്ട്രീയ പ്രചാരണച്ചൂടില്‍ പറഞ്ഞു പോയതാണെന്നും കോടതി ഈ വാക്കുകള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കിയ രാഹുല്‍ അബദ്ധത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികള്‍ തന്റെ പ്രസ്താവന എടുക്കുകുയം ദുര്‍വ്യാഖ്യാനം ചെയ്യുകയുമായിരുന്നെന്നും രാഹുല്‍ കോടതിക്കു നല്‍കിയ മറുപടയില്‍ വ്യക്തമാക്കി. മേലില്‍ കോടതി രേഖപ്പെടുത്താത്ത നിരീക്ഷണങ്ങളോ കണ്ടെത്തലുകളോ കോടതിയുടെ പേരില്‍ രാഷ്ട്രീയ പ്രസംഗങ്ങളോ മാധ്യമങ്ങള്‍ക്കു മുന്നിലോ അവതരിപ്പിക്കില്ലെന്നും രാഹുല്‍ മറുപടിയില്‍ വ്യക്തമാക്കി.
റഫാല്‍ ഇടപാടിലെ അഴിമതി സൂചിപ്പിക്കുന്ന, പുറത്തായ സര്‍ക്കാര്‍ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് സ്ുപ്രീം കോടതി വ്യക്തമാക്കിയ ദിവസമാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. സുപ്രീം കോടതിക്ക് ഞാന്‍ നന്ദി പറയുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഈ രാജ്യം ഒന്നടങ്കം പറയുന്നു. സുപ്രീം കോടതി നീതിയെ കുറിച്ചു പറഞ്ഞ ഈ ദിവസം ആഘോഷത്തിന്റേതാണ്' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. കോടതി പറയാത്തി കാര്യങ്ങള്‍ കോടതിയുടെ പേരില്‍ രാഹുല്‍ പറഞ്ഞെന്ന് ആരോപിച്ച് ബിജെപിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കിയത്.






