പേര് മാറ്റി ബജ്റംഗ് ദള്‍ ക്യാമ്പില്‍ പോയ റിപ്പോർട്ടർ പിടിക്കപ്പെട്ടു

ന്യൂദല്‍ഹി- മുസ് ലിം പേര് മറച്ചുവെച്ച് ബജ്റംഗ്ദള്‍ ആയുധ പരിശീലന കേന്ദ്രത്തില്‍ പോയ റിപ്പോർട്ടർ പിടിക്കപ്പെട്ടു. പോലീസിന്‍റേയും ബജ്റംഗ്ദള്‍ വളണ്ടിയർമാരുടേയും പിടിയില്‍നിന്ന് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ഫസ്റ്റ്പോസ്റ്റ് ഡോട് കോമില്‍ സചിത്ര റിപ്പോർട്ട് പ്രസിദ്ധീകരിച്ച അസദ് അഷ്റഫ് എന്ന റിപ്പോർട്ടർ പറയുന്നു. രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ നടന്നുവരുന്ന പരിശീലന ക്യാമ്പില്‍നിന്ന് ദല്‍ഹിയില്‍നിന്ന് മടങ്ങുന്നതിനു തൊട്ടുമുമ്പാണ് താന്‍ ഹിന്ദുവല്ല, മുസ് ലിമാണെന്ന് ആരോ ക്യാമ്പിലുള്ളവർക്ക് വിവരം നല്‍കിയതെന്ന് അസദ് റിപ്പോർട്ടിനോടൊപ്പം നല്‍കിയ കുറിപ്പില്‍ പറയുന്നു.

സ്കൂള്‍ വിദ്യാർഥികളെ വെടിവെക്കാനും വാളുകള്‍ ഉപയോഗിക്കാനും പഠിപ്പിക്കുന്ന ക്യാമ്പുകള്‍ ദല്‍ഹിയില്‍നിന്ന് 400 കി.മീ അകലെ രാജസ്ഥാനില്‍ വ്യാപകമാണെന്ന വിവരം അന്വേഷിക്കാനാണ് അസദ് അങ്ങോട്ടു പോയത്. യുവമനസ്സുകളില്‍ രാജ്യസ്നേഹം വളർത്താനെന്ന പേരില്‍ ഹനുമാന്‍ഗഡില്‍ നടത്തുന്ന ക്യാമ്പിലാണ് അസദും സംഘവും എത്തിയത്. ഹോട്ടലില്‍ മുറിയെടുത്ത ഉടന്‍ തന്നെ മൂന്ന് ബജ്റംഗ്ദളുകാർ അനുമതിയൊന്നും ചോദിക്കാതെ തന്നെ അവിടേക്ക് പ്രവേശിച്ച് വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് ബജ്റംഗ്ദളിന്‍റേയും വി.എച്ച്.പിയുടേയും ജോധ്പൂർ മേഖലയുടെ ചുമതലയുള്ള നേതാവ് ആശിഷ് അയച്ച മറ്റൊരു സംഘം തങ്ങള്‍ അവരുടെ അനുഭാവികളാണെന്ന് ബോധ്യപ്പെട്ട ശേഷമാണ് പരിശീലന ക്യാമ്പിലേക്ക് പ്രവേശനം നല്‍കിയതെന്ന് അസദ് അഷ്റഫിന്‍റെ റിപ്പോർട്ടില്‍ പറയുന്നു.

പെഹ് ലു ഖാനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് സമ്മതിക്കുന്നുവെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആശിഷിനെ ഉദ്ധരിച്ച് റിപ്പോർട്ടില്‍ പറയുന്നു.

അറിയാത്ത പ്രദേശത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ തേടിപ്പോകുന്നതില്‍ വലിയ അപകടമുണ്ടെന്ന ബോധ്യത്തോടെ തന്നെയാണ് പോയത്. അക്രമത്തിന്‍റേയും സംഘർഷത്തിന്‍റേയും ചരിത്രമുള്ള ബജ്റംഗ് ദളിന്‍റേയും വി.എച്ച്.പിയുടേയും കേന്ദ്രത്തിലേക്കാണ് പോകുന്നത്. അനുപം കുമാർ എന്ന പേരാണ് സ്വീകരിച്ചത്. പെഹ് ലുഖാന്‍റെ അനുഭവം മനസ്സിലുണ്ടായിരുന്നുവെങ്കിലും ഇക്കൂട്ടരെ ക്യാമറക്കുമുമ്പില്‍ കൊണ്ടുവരണമെന്നതായിരുന്നു ലക്ഷ്യം.

ആവശ്യമായ വിവരങ്ങളൊക്കെ ശേഖരിച്ച് ദല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ഞാന്‍ മുസ് ലിമാണെന്ന് ഒരാള്‍ വിവരം നല്‍കിയത്. വിജയ് പാണ്ഡേയും അനുപം പാണ്ഡേയും ഞാനും അപ്പോള്‍ ഒരു വാഹനത്തിലായിരുന്നു. വിജയ് ഫോട്ടോ ജേണലിസ്റ്റും അനുപം ദല്‍ഹി കേന്ദ്രീകരിച്ചുള്ള മാധ്യമ പ്രവർത്തകനുമാണ്. ഞങ്ങളെ മൂന്ന് പേരേയും വെവ്വേറെ കാറുകളില്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ദല്‍ഹിയില്‍നിന്ന് മാധ്യമ പ്രവർത്തകരായ സുഹൃത്തുക്കള്‍ വിളിച്ച് ഞങ്ങളെ വിട്ടയക്കാന്‍ ആവശ്യപ്പെടുന്നതുവരെ പോലീസ് കേസെടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിക്കൊണ്ടേയിരുന്നു. ബജ്റംഗ്ദളുകാരേക്കാള്‍ കർക്കശമായാണ് പോലീസുകാർ പെരുമാറിയത്. തിരിച്ചറിയല്‍ കാർഡുകളും മറ്റു രേഖകളും കാണിച്ചിട്ടും പോലീസ് ചവിട്ടാനാണോങ്ങിയത്. ഇവനെതിരെ നിങ്ങള്‍ പരാതി നല്‍കുന്നില്ലെങ്കില്‍ ഞാന്‍ പരാതി നല്‍കുമെന്നാണ് ഒരു പോലീസുകാരന്‍ പറഞ്ഞത്- അസദ് അഷ്റഫ് വിശദീകരിച്ചു.

കൂടുതൽ ഇന്ത്യാ വാർത്തകൾ

Latest News