തേന്‍പാറയില്‍ തേനീച്ച ആക്രമണം; 15 സഞ്ചാരികള്‍ക്ക് കുത്തേറ്റു

ഇടുക്കി- മലപ്പുറത്ത് നിന്നും കാന്തല്ലൂര്‍ സന്ദര്‍ശിക്കാനെത്തിയ സംഘാംഗങ്ങള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.കുറ്റിപ്പുറം
തവനൂരിലെ സ്വകാര്യ കോളജില്‍ നിന്നുമെത്തിയ സംഘത്തിലെ പെണ്‍കുട്ടികളടക്കം 15 പേര്‍ക്കാണ് കുത്തേറ്റത്. ആരുടെ
പരിക്കും ഗുരുതരമല്ല. മറയൂരില്‍ നിന്നും നാല് ജീപ്പുകളിലായി വിവിധ മേഖലകള്‍ സന്ദര്‍ശിച്ച്  കാന്തല്ലൂര്‍ ടൗണിന് സമീപമുള്ള
തേന്‍പാറ സന്ദര്‍ശിക്കുവാനായി സംഘം എത്തുകയായിരുന്നു. സംഘാംഗങ്ങളില്‍ ചിലര്‍ വളരെ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി.
അല്‍പ സമയത്തിനകം തേനീച്ചകള്‍ കൂട്ടമായി എത്തി കുത്തുകയായിരുന്നു. പലരും രക്ഷപ്പെടുവാനായി ഓടിയെങ്കിലും 15 പേര്‍ക്ക് കുത്തേറ്റു. ഓടുന്നതിനിടെ വീണ് വിദ്യാര്‍ഥിനിയായ മലപ്പുറം സ്വദേശി മാസിദ (19) യുടെ കാലിന് പൊട്ടലുണ്ടായി. കുത്തേറ്റവരെ മറയൂര്‍ സഹായ ഗിരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപകരായ മലപ്പുറം സ്വദേശികളായ
യാക്കോബ്(40), സജിത (32), അബ്ദു(36), വിദ്യാര്‍ഥികളായ ഹന്ന (19), ശ്രീലക്ഷ്മി (19), ജുനൈദ(19), മുഹമ്മദ് ഫാസില്‍ (20),
ഗോകുല്‍ (20), ശ്രീരാജന്‍ (20), ഫര്‍ഹാന(20), ശ്രീഹരി (19), മമിത (20), ഷര്‍മ്മിള (22), അന്‍ഫാസ് (20) എന്നിവര്‍ക്കാണ് കുത്തേറ്റത്.
കേരളത്തില്‍ തേനീച്ച കൂടുകള്‍ ഏറ്റവും കൂടുതലായി കാണുവാന്‍ കഴിയുന്ന മേഖലയാണ് കാന്തല്ലൂര്‍ പഞ്ചായത്ത് ഓഫീസിന്
എതിര്‍വശത്തുള്ള തേന്‍പാറ. നൂറിലധികം തേന്‍ കൂടുകള്‍ ഇവിടെ ഒറ്റ പാറയില്‍ തന്നെ കാണാം. ആദ്യമായിട്ടാണ് ഇവിടെ തേനീച്ചയുടെ കുത്ത് സഞ്ചാരികള്‍ക്ക് ഏല്‍ക്കുന്നത്. അസഹ്യമായ ശബ്ദമുണ്ടായതു മൂലമാണ് തേനീച്ചകള്‍ ഇളകിയത് എന്ന് പ്രദേശവാസികള്‍ പറയുന്നു.

 

Latest News