Sorry, you need to enable JavaScript to visit this website.

രമ്യ ഹരിദാസിന് കല്ലേറിൽ പരിക്ക്

ആലത്തൂ ർ- തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം, യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്, എം.എൽ.എമാരായ അനിൽ അക്കര, കെ.ഡി.പ്രസേന്നൻ എന്നിവരുൾപ്പെടെ നിരവധി പേർക്ക് കല്ലേറിൽ പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് ആറു മണി കഴിഞ്ഞ് നഗരത്തിലെ വാനൂർ റോഡ് ഭാഗത്തു വെച്ചാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. ചിറ്റൂരിൽ നിന്നാരംഭിച്ച റോഡ് ഷോ ദേശീയമൈതാനത്ത് സമാപിച്ചതിനു ശേഷം രമ്യ ഹരിദാസും മറ്റു യു.ഡി.എഫ് നേതാക്കളും മടങ്ങുകയായിരുന്നു. ആലത്തൂർ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന കൊട്ടിക്കലാശ പരിപാടിക്കു ശേഷം സി.പി.എം പ്രവർത്തകർ പാർട്ടി ഏരിയാ കമ്മിറ്റി പരിസരത്തേക്ക് മടങ്ങുന്നതും അതേ സമയത്തായിരുന്നു. വാനൂർ റോഡ് ഭാഗത്ത് ഇരുപക്ഷവും ഒരുമിച്ചെത്തിയപ്പോൾ രണ്ടു വഴിക്ക് പിരിഞ്ഞു പോകാൻ പോലീസ് നിർദ്ദേശിച്ചു. ഇതിനിടയിലാണ് കല്ലേറ് ഉണ്ടായത്. രമ്യ ഹരിദാസ് ഉപയോഗിച്ചിരുന്ന തുറന്ന ജീപ്പിന്റെ ചില്ല് കല്ലേറിൽ തകർന്നു. ഈ വാഹനത്തിൽ തിരിച്ചു കയറാൻ ശ്രമിക്കുന്നതിനിടയിലാണ് സ്ഥാനാർത്ഥിക്ക് പരിക്കേറ്റത്. ഡിവൈ.എസ്.പി ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സ്ഥലത്ത് ഉണ്ടായിരുന്ന പോലീസ് സേനക്ക് നിയന്ത്രിക്കാനാവുന്നതിലും വലുതായിരുന്നു ആൾക്കൂട്ടം. പ്രവർത്തകരെ നിയന്ത്രിക്കാൻ ആലത്തൂർ എം.എൽ.എ കെ.ഡി.പ്രസേന്നന്റെ നേതൃത്വത്തിൽ സി.പി.എം നേതാക്കളും വടക്കാഞ്ചേരി എം.എൽ.എ അനിൽ അക്കരയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും രംഗത്തിറങ്ങി. എം.എൽ.എമാർക്ക് പുറമേ മേലാർകോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.മായൻ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റജുല ഷാജി എന്നിവർക്കും പരിക്കേറ്റു. സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകർക്ക് നേരേയും കയ്യേറ്റശ്രമമുണ്ടായി. തെരുവുയുദ്ധത്തിന് സമാനമായ അന്തരീക്ഷം ഒരു മണിക്കൂറോളം നേരം തുടർന്നു. പരാജയഭീതി മൂലം സി.പി.എം യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരേ ആസൂത്രിതമായ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്.വിജയരാഘവൻ ആരോപിച്ചു. പോലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസ് ആണ് സംഘർഷത്തിന് തുടക്കമിട്ടതെന്ന് കെ.ഡി.പ്രസേന്നൻ എം.എൽ.എ ആരോപിച്ചു.
 

Latest News