ബംഗാളില്‍ മാല്‍ഡ സൗത്ത് സീറ്റില്‍ കോണ്‍ഗ്രസിന് സി.പി.എം പിന്തുണ

കൊല്‍ക്കത്ത-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ മാല്‍ഡ സൗത്ത് സീറ്റില്‍ സി.പി.എം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന ഇവിടെ ഇടതുപക്ഷം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അബു ഹസീം ഖാന്‍ ചൗധരിയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
അതേസമയം മാല്‍ഡ നോര്‍ത്ത് സീറ്റില്‍ അബു ഹസീം ഖാന്‍ ചൗധരിയുടെ മകനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ ഇഷാ ഖാന്‍ ചൗധരിക്കെതിരെ  സി.പി.എമ്മിലെ ബിശ്വനാഥ് ഘോഷ് സി.പി.എം സ്ഥാനാര്‍ഥിയാണ്. ബെര്‍ഹാംപൂര്‍ മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അധീര്‍ രഞ്ജന്‍ ചൗധരിക്ക് സി.പി.എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ആര്‍.എസ്.പിയുടെ ഐ.ഡി മുഹമ്മദിനെ പിന്തുണക്കാതെയാണ് കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്നത്. ആര്‍.എസ്.പിയുടെ ശക്തി കേന്ദ്രമാണ് മണ്ഡലം.
ബംഗാളില്‍ ആറ് സീറ്റുകളില്‍ പരസ്പരം മത്സരിക്കരുതെന്ന് തുടക്കത്തില്‍ കോണ്‍ഗ്രസ്-സി.പി.എം ധാരണയുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് റായ്ഗഞ്ച്, മുര്‍ഷിദാബാദ് ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു.
പരസ്പരം ധാരണയെന്ന ആശയം തങ്ങളാണ് മുന്നോട്ടു വെച്ചതെന്നും എന്നാല്‍ കോണ്‍ഗ്രസ് വാക്കു പാലിച്ചില്ലെന്നും സി.പി.എം മാല്‍ഡ ജില്ലാ സെക്രട്ടറി അംബര്‍ മിത്ര പറഞ്ഞു. ബി.ജെ.പിക്കോ തൃണമൂലിനോ ഈ സീറ്റുകള്‍ പോകരുതെന്നും മതേതര സര്‍ക്കാര്‍ വരണമെന്നും ആഗ്രഹിച്ചത് കൊണ്ടായിരുന്നു ധാരണയെ കുറിച്ച് സംസാരിച്ചതെന്നും അംബര്‍ മിത്ര പറഞ്ഞു.

 

Latest News