പ്രക്ഷോഭം തണുപ്പിക്കാന്‍ വഴികള്‍ തേടി സൈനിക കോണ്‍സില്‍; സുഡാനില്‍ പ്രമുഖ നേതാക്കള്‍ അറസ്റ്റില്‍

ഖാര്‍ത്തൂം- പുറത്താക്കപ്പെട്ട സുഡാന്‍ പ്രസിഡന്റ് ഉമര്‍ ബശീറിന്റെ പാര്‍ട്ടിയിലെ നിരവധി മുതിര്‍ന്ന നേതാക്കളെ സൈനിക നേതൃത്വം അറസ്റ്റ് ചെയ്തു. ഭരണകക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി(എന്‍സിപി)യിലെ ഭാരവാഹികളെയാണ് വ്യാപകമായി അറസ്റ്റ് ചെയ്തത്.

സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിനിടെ ഒരു ടീച്ചര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കാളികളായ സൈനികരെ അറസ്റ്റ് ചെയ്യാന്‍ സുഡാന്‍ അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.  സൈന്യത്തിലേയും പോലീസിലേയും ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിരക്ഷ ഒഴിവാക്കാനാണ് അറ്റോര്‍ണി ജനറല്‍ രാജ്യത്തെ ഇന്റലിജന്‍സിനോടും ദേശീയ സുരക്ഷാ ഏജന്‍സികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

ഉമര്‍ ബശീര്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം അധികാരമേറ്റിരിക്കുന്ന സൈനിക കൗണ്‍സിലും രാജിവെക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം തുടരുന്നതിനിടെയാണ് പുതിയ നടപടികള്‍. മുന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടികള്‍ പ്രക്ഷോഭം തണുപ്പിക്കാന്‍ സഹായകമാകുമെന്നാണ് സൈനിക കൗണ്‍സില്‍ കരുതുന്നത്.

പൊതുഫണ്ട്, അഴിമതി, ക്രിമിനല്‍ കേസുകളിലെ  അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാനും അറ്റോര്‍ണി ജനറല്‍ അല്‍ വലീദ് സയിദ് നിര്‍ദേശിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ സുഡാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശേഷം 39 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണസംഖ്യ 60 ആണെന്ന് പ്രതിപക്ഷ ഗ്രൂപ്പുകള്‍ പറയുന്നു.

 

Latest News