Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നു- പ്രജ്ഞാ ഠാക്കൂര്‍

ഭോപാല്‍- ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ ഖേദമില്ലെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും 2008ലെ മാലെഗാവ് സ്‌ഫോടനക്കേസ് പ്രതിയും ഭോപാലിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ ഠാക്കൂര്‍. ഹിന്ദി വാര്‍ത്താ ചാനലായ ആജ് തകുമായുള്ള അഭിമുഖത്തിലാണ് തീവ്രഹിന്ദുത്വവാദിയായ പ്രജ്ഞ ഇങ്ങനെ പറഞ്ഞത്. 'ബാബരി മസ്ജിദ് തകര്‍ത്തതിന് ഞങ്ങളെന്തിന് ഖേദിക്കണം. വാസ്തവത്തില്‍ അതില്‍ അഭിമാനമാണുള്ളത്. അവിടെ രാമ ക്ഷേത്രത്തിന്റെ പാഴ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരുന്നു. അത് ഞങ്ങള്‍ നീക്കി. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തെ ഉണര്‍ത്തി. തീര്‍ച്ചയായും ഞങ്ങള്‍ ഒരു വലിയ രാമക്ഷേത്രം അവിടെ പണിയും,' പ്രജ്ഞ പറഞ്ഞു. 

രാജ്യത്തെ ഹിന്ദുത്വ തീവ്രാവദം പുറത്തു കൊണ്ടു വന്ന മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രജ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. അന്നു തന്നെ ഭോപാലിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തിടത്ത് എന്തു കൊണ്ട് ഇതുവരെ രാമ ക്ഷേത്രം പണിതില്ല എന്ന ചോദ്യത്തിന് ഇത് ബിജെപിക്ക് രാഷ്ട്രീയ വിഷയമല്ലെന്നായിരുന്നു പ്രജ്ഞയുടെ മറുപടി.

'70 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ചിട്ട് എന്തു ചെയ്തു എന്നു നോക്കൂ. നമ്മുടെ ക്ഷേത്രങ്ങള്‍ പോലും സുരക്ഷിതമായിരുന്നില്ല. ആളുകള്‍ ചേര്‍ന്ന് ബാബരി മസ്ജിദ് തകര്‍ത്തതോടെ ഹിന്ദുക്കളുടേയും രാജ്യത്തിന്റേയും ആത്മാഭിമാനം ഉണര്‍ന്നു. ഈ രാജ്യത്തല്ലാതെ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയുക?'- പ്രജ്ഞ പറഞ്ഞു. 

അയോധ്യയില്‍ താന്‍ പോയിട്ടുണ്ടെന്നും ബാബരി തകര്‍ത്തിട്ടുണ്ടെന്നും ഇതു നിഷേധിക്കുന്നില്ലെന്നും പ്രജ്ഞ പറഞ്ഞിരുന്നു. ഇനി രാമ ക്ഷേത്ര നിര്‍മാണത്തെ സഹായിക്കാന്‍ പോകുമെന്നും അവര്‍ പറഞ്ഞു. ഇതില്‍ നിന്നും ആര്‍ക്കും ഞങ്ങളെ തടയാന്‍ പറ്റില്ല, രാമ രാഷ്ട്രമാണിത്, രാഷ്ട്രം രാമന്റേതാണ്- പ്രജ്ഞ പറഞ്ഞു. 

Latest News