സൗദിയില്‍ ഹിസാബീ പദ്ധതിയില്‍ വിദേശികളും രജിസ്റ്റര്‍ ചെയ്യണം; സമ്മാനമായി കാറുകള്‍ നേടാനും അവസരം

റിയാദ് - വൈദ്യുതി മീറ്ററുകള്‍ സ്വന്തം പേരുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെ സമ്മാന പദ്ധതി. ഹിസാബീ എന്ന് പേരിട്ട പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന മുപ്പതു പേര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കും. ഇതിനു പുറമെ ആയിരം വരിക്കാര്‍ക്ക് മാസത്തില്‍ ആകെ പത്തു ലക്ഷം കിലോവാട്ട് വൈദ്യുതി വീതം സൗജന്യമായി നല്‍കുകയും ചെയ്യും. യഥാര്‍ഥ വൈദ്യുതി ഉപയോക്താക്കളെ നിര്‍ണയിക്കുന്നതിനുള്ള കാമ്പയിന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി അടുത്തിടെ ആരംഭിച്ചിട്ടുണ്ട്.


രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


വരിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മീറ്ററുകള്‍ യഥാര്‍ഥ ഉപയോക്താക്കളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഹിസാബീ സേവനത്തിലൂടെ ശ്രമിക്കുന്നതെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ എന്‍ജിനീയര്‍ ഖാലിദ് അല്‍ഖനൂന്‍ പറഞ്ഞു. യഥാര്‍ഥ ഉപയോക്താവിന്റെ പേരില്‍ ബില്ലുകള്‍ ഇഷ്യു ചെയ്യുന്നതിനാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ വരിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉപയോക്താക്കളുമായി വേഗത്തില്‍ ആശയ വിനിമയം നടത്തുന്നതിനും ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും സാധിക്കും. എല്ലാ വിഭാഗം ഉപയോക്താക്കളെയും ഹിസാബീ സേവനത്തില്‍ രജിസ്റ്റ ര്‍ ചെയ്യും. മുഴുവന്‍ ഉപയോക്താക്കളും ഹിസാബീ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് കമ്പനി ആഗ്രഹിക്കുന്നത്.

വരിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, ഉപയോക്താക്കളില്‍ വിവരങ്ങള്‍ എളുപ്പത്തില്‍ എത്തിക്കല്‍, വൈദ്യുതി സേവനം വ്യവസ്ഥാപിതമാക്കല്‍, സേവനത്തിന്റെ വിശ്വാസയോഗ്യത ഉറപ്പുവരുത്തല്‍, ഉപയോക്താക്കള്‍ക്ക് നേരിട്ട് സേവനങ്ങള്‍ നല്‍കല്‍ എന്നിവയെല്ലാം പുതിയ സേവനത്തിന്റെ നേട്ടങ്ങളാണ്. ഒരു തവണ ഹിസാബീ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോഴും പഴയ അക്കൗണ്ടുമായി പുതിയ വൈദ്യുതി മീറ്ററിനെ ബന്ധിപ്പിക്കുന്നതിന് സാധിക്കും. ഹിസാബീ സേവനം നേരത്തെ മുതല്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷന്‍ റെഗുലേറ്ററി അതോറിറ്റി നിയമ, നിര്‍ദേശങ്ങള്‍ അനുസരിച്ച് ഹിസാബീ സേവന രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ഘട്ടത്തിലെത്തിയാല്‍ പിന്നീട് സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ചില പ്രധാന സേവനങ്ങള്‍ കമ്പനി നല്‍കില്ല.

സൗദി ഇലക്ട്രിസിറ്റി കമ്പനി വെബ്സൈറ്റ് വഴിയും കമ്പനി ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിച്ചും ഹിസാബീ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും വൈദ്യുതി സേവനം പ്രയോജനപ്പെടുത്തുന്ന സൗദി പൗരന്മാരും ഗള്‍ഫ് പൗരന്മാരും വിദേശികളും ഹിസാബീ സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്നും എന്‍ജിനീയര്‍ ഖാലിദ് അല്‍ഖനൂന്‍ പറഞ്ഞു. സൗദിയില്‍ ഇതുവരെ കെട്ടിട ഉടമകളുടെ പേരിലാണ് മീറ്ററുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനു പകരം താമസക്കാരും വാടകക്കാരും അടക്കം യഥാര്‍ഥ ഉപയോക്താക്കളുടെ പേരില്‍ വൈദ്യുതി ബില്ലുകള്‍ ഇഷ്യു ചെയ്യുന്നതിനാണ് ഹിസാബീ സേവനത്തിലൂടെ സൗദി ഇലക്ട്രിസിറ്റി കമ്പനിയും വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയും ലക്ഷ്യമിടുന്നത്.

 

 

 

 

Latest News