Sorry, you need to enable JavaScript to visit this website.

കൊട്ടിയൂര്‍ കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കുടുങ്ങി

 

തലശ്ശേരി- കൊട്ടിയൂര്‍ പീഡനക്കേസില്‍ പോലീസിന് നല്‍കിയ മൊഴിക്ക് വിരുദ്ധമായി വിചാരണ കോടതിയില്‍ മൊഴി മാറ്റിയ, പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍ വിനോദാണ് ഉത്തരവിട്ടത.് കേസിലെ ഒന്നും രണ്ടും സാക്ഷികളായ ഇരുവരും പ്രഥമദൃഷ്ടാ കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേട്ട് കോടതിയോട് നിര്‍ദേശിച്ചു. ഇതിന് വേണ്ടി ഇരുവര്‍ക്കുമെതിരെ പരാതി നല്‍കാന്‍ കോടതി ശിരസ്തദാറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 191, 193 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവിട്ടത.് ഇനി ഈ കേസില്‍ ഇരു പ്രതികളും കീഴ്‌കോടതിയില്‍ വിചാരണ നേരിടണം.
നേരത്തെ ഇരുവരോടും കോടതിയില്‍ ഹാജരാകാന്‍ കോടതി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നേരിട്ട് ഹാജരാകാതെ ഇരുവരും കോടതിക്ക് നോട്ടീസിനുള്ള മറുപടി നല്‍കുകയായിരുന്നു. ഇത് കോടതിക്ക് തൃപ്തിപ്പെട്ടില്ല. പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് പീഡനം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ വേളയില്‍ പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളും വ്യാജ രേഖകള്‍ ഹാജരാക്കി പ്രായപൂര്‍ത്തിയായെന്ന് മൊഴി നല്‍കുകയായിരുന്നു. ഇതിന് വേണ്ടി നിരവധി വ്യാജ റെക്കോര്‍ഡുകളും സാക്ഷികള്‍ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് കേസിലെ പ്രതിയായ വൈദികനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും താന്‍ വൈദികനെ വിവാഹം ചെയ്യുമെന്നും വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ നേരത്തെ പോലീസിന് നല്‍കിയ മൊഴിക്ക് വിരുദ്ധമായ മൊഴികളാണ് പെണ്‍കുട്ടിയും മാതാപിതാക്കളും വൈദികനെ രക്ഷപ്പെടുത്താന്‍ നല്‍കിയിരുന്നത.്
 കേസില്‍ മാതാപിതാക്കളും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയും മൊഴി മാറ്റിയതിനെ തുടര്‍ന്ന് കോടതി മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടി അനുഭവിച്ച മാനസിക പീഡനവും ശാരീരിക പീഡനവും മൂലം പെണ്‍കുട്ടിയെ കോടതി ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കേസിലെ മുഖ്യ പ്രതിയായിരുന്ന കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ വികാരി ഫാ.റോബിന്‍ വടക്കുംചേരിയെ 20 വര്‍ഷം കഠിന തടവിനും മൂന്ന്  ലക്ഷം രൂപ പിഴയുമടക്കാന്‍ ശിക്ഷിച്ചിരുന്നു. കേസിലെ മറ്റ് പ്രതികളായ കന്യാസ്ത്രീകളുള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ ശിക്ഷിച്ച വൈദികന്‍ ഹൈക്കോടതി മുമ്പാകെ ശിക്ഷക്കെതിരെ അപ്പീല്‍ നല്‍കിയിട്ടുമുണ്ട്.
ഏറെ കോളിളക്കമുണ്ടായ കൊട്ടിയൂര്‍ കേസില്‍ വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാ.തോമസ് തേരകം ഉള്‍പ്പെടെയുള്ള പ്രതികളെ കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു. കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ പള്ളി വൈദികനായ ഫാ.റോബിന്‍ വടക്കുംചേരി കമ്പ്യൂട്ടര്‍ പഠനത്തിനെത്തിയ പ്രായപൂര്‍ത്തിയാകാത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി പ്രസവിച്ച കുട്ടിയെ വൈത്തിരിയിലെ ശിശുക്ഷേമ മന്ദിരത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പ്രസവം നടന്ന കൂത്തുപറമ്പിെല ക്രിസ്തുരാജ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുള്‍പ്പെടെ കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പേരില്‍ ലീഗല്‍ സെല്‍ ഇരകള്‍ക്ക് നല്‍കുന്ന ഒരു ലക്ഷം രൂപയും പീഡനത്തിന് ഇരയായ പെണ്‍കുട്ടി വാങ്ങിയിരുന്നു. തുടര്‍ന്നാണ് പ്രൊസിക്യൂഷനെ പോലും ഞെട്ടിച്ചു കൊണ്ട് പെണ്‍കുട്ടിയും മാതാപിതാക്കളും വിചാരണ കോടതിയില്‍ മൊഴി മാറ്റി പ്രതിഭാഗത്തെ സഹായിച്ചത.് ഡി.എന്‍.എ വിദഗ്ധനായ അഭിഭാഷകനെ പോലും രംഗത്തിറക്കിയാണ് പ്രതിഭാഗം കേസിനെ നേരിട്ടിരുന്നത.്

 

Latest News