കാസര്‍കോട്- കേരള സന്ദര്‍ശനത്തിനെത്തിയ ജര്‍മന്‍ വിനോദ സഞ്ചാരികളുടെ സംഘത്തെ ആക്രമിച്ച് 8000 രൂപയും മൊബൈല്‍ ഫോണും ക്രെഡിറ്റ് കാര്‍ഡുകളും കൊള്ളയടിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകളെ തിരിച്ചറിഞ്ഞതായി കാസര്‍കോട് എ.എസ്.പി ഡി.ശില്‍പ പറഞ്ഞു. ഇന്നലെ കവര്‍ച്ചക്കാരെ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സംഘം രക്ഷപ്പെടുകയായിരുന്നു. എത്രയും വേഗം പിടികൂടാന്‍ നടപടി എടുക്കുമെന്ന് എ.എസ്.പി പറയുന്നു. മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് ടെന്റ് കെട്ടി താമസിക്കുകയായിരുന്ന അരുണ്‍ ഡൊമിനിക്, ജാന്‍ ഡൊമിനിക്, അമേന്റ് വലസ്റ്റിന എന്നിവരാണ് കവര്‍ച്ചക്കിരയായത്. ജര്‍മനിയില്‍ നിന്നു കഴിഞ്ഞ ഓഗസ്റ്റില്‍ പുറപ്പെട്ട സംഘം വിവിധ രാജ്യങ്ങളില്‍ കറങ്ങിയ ശേഷം ജനുവരിയില്‍ ദല്‍ഹിയിലെത്തി. അവിടെ നിന്നു വിവിധ സംസ്ഥാനങ്ങളിലെ സഞ്ചാരത്തിനു ശേഷം വാനില്‍ കേരളത്തിലേക്കു വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കേരള-കര്‍ണാടക അതിര്‍ത്തിയില്‍ കേരള ചെക്ക് പോസ്റ്റിനായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്ത് ടെന്റ് കെട്ടി രാത്രി താമസിക്കവെ പുലര്‍ച്ചെ ബൈക്കിലെത്തിയ അഞ്ചംഗ സംഘം അരുണ്‍ ഡൊമിനിക്കിനെ ആക്രമിക്കുകയും ബാഗിലുണ്ടായിരുന്ന പണവും കാര്‍ഡുകളും കവരുകയുമായിരുന്നു. അക്രമികള്‍ സ്ഥലംവിട്ട ശേഷം ജര്‍മന്‍ സംഘം സമീപത്തെ പെട്രോള്‍ ബങ്കില്‍ അഭയം പ്രാപിച്ചു. പിന്നീടു മഞ്ചേശ്വരം പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു. എ.എസ്.പി ഡി.ശില്‍പയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പണവും ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെടെ നഷ്ടമായതിനെ തുടര്‍ന്ന് ഇപ്പോള്‍ സംഘത്തിനു താമസച്ചെലവും ഭക്ഷണവും നല്‍കുന്നതു പോലീസാണ്.