-കൊല്ലപ്പെട്ടത് തൃശൂരിലെ ജനകീയ ഡോക്ടര്‍, പിന്നില്‍ മോഷ്ടാക്കളെന്ന് സംശയം
തൃശൂര്‍- ദല്‍ഹിയില്‍ മലയാളി വനിതാ ഡോക്ടറെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. കൊല്ലപ്പെട്ടത് തൃശൂരിലെ ജനകീയ ഡോക്ടര്‍. പിന്നില്‍ മോഷ്ടാക്കളെന്ന് സംശയം. തൃശൂര്‍ പട്ടിക്കാട് സ്വദേശിനിയായ ഡോക്ടര്‍ തുളസി (58) യെയാണ് ദല്‍ഹിയില്‍ ട്രെയിനില്‍ നിന്ന് മോഷ്ടാക്കള്‍ തള്ളിയിട്ട് കൊലപ്പെടുത്തിയത്. പട്ടിക്കാട് പാണഞ്ചേരിയില്‍ സ്വന്തം ക്ലിനിക്ക് നടത്തുകയായിരുന്നു ഇവര്‍.
റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനായി ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന ബാഗ് കവരാന്‍ ശ്രമിച്ചവര്‍ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന് തുളസി ട്രാക്കില്‍ വീഴുകയായിരുന്നുവെന്നാണ് വിവരം.
കീരന്‍കുളങ്ങര വാരിയത്ത് പത്മിനി വാര്യസ്യാരുയുടെയു ശേഖര വാര്യരുടെയും മകളായ ഡോ.തുളസി രുദ്രകുമാര്‍ മകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗാവിലേക്ക് ഭര്‍ത്താവുമൊത്ത് പോയതാണ്. മകളുടെ വീട്ടില്‍ നിന്ന് ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് ട്രെയിനില്‍ മടങ്ങിവരുമ്പോഴായിരുന്നു മോഷ്ടാക്കളുടെ ആക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞത്.
ട്രെയിനില്‍ തുളസിക്കൊപ്പം ഭര്‍ത്താവ് രുദ്രകുമാറും മറ്റൊരു മകളായ കാര്‍ത്തികയും കാര്‍ത്തികയുടെ ഭര്‍ത്താവ് പ്രഷോഭും പ്രഷോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. അവരെല്ലാം അല്‍പം മാറി മറ്റൊരു സീറ്റില്‍ ഇരിക്കുകയായിരുന്നുവത്രെ. തുളസിക്ക് ട്രെയിനിന്റെ വാതിലിനോട് ചേര്‍ന്നുള്ള സീറ്റാണ് കിട്ടിയത്. ബഹളം കേട്ട് രുദ്രകുമാറും മറ്റു ബന്ധുക്കളും എത്തുമ്പോഴേക്കും തുളസിയെ തള്ളിയിട്ട ശേഷം മോഷ്ടാക്കള്‍ ബാഗുമായി രക്ഷപ്പെട്ടിരുന്നു.
റെയില്‍വേ പോലീസ് എത്തി നടപടികള്‍ ആരംഭിച്ചു.
മക്കള്‍: ഹരീഷ്മ, കാര്‍ത്തിക. മരുമക്കള്‍: അലക്‌സ്, പ്രഷോഭ്.
30 വര്‍ഷമായി പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ തറവാട് വീടിനോട് ചേര്‍ന്ന് ക്ലിനിക്ക് നടത്തിവരികയാണ് ഡോ.തുളസി. വെറും 20 രൂപയാണ് ചികിത്സക്കായി ഇവര്‍ രോഗികളില്‍ നിന്നും ഈടാക്കിയിരുന്നത്. പാണഞ്ചേരിയുടെ ജനകീയ ഡോക്ടറെന്നാണ് ഡോ.തുളസിയെ വിശേഷിപ്പിച്ചിരുന്നത്. ഡോക്ടറുടെ ദാരുണാന്ത്യം പാണഞ്ചേരിക്കാര്‍ക്ക് വിശ്വസിക്കാനായിട്ടില്ല.






