സി.ആര്‍. നീലകണ്ഠന്‍ പുറത്ത്; കേരളത്തില്‍ ആംആദ്മി പിന്തുണ ഇടതുമുന്നണിക്ക്

ന്യൂദല്‍ഹി- കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ എല്‍ഡിഎഫിന്. ഏതാനും ദിവസം മുമ്പ് യുഡിഎഫിന് പാര്‍ട്ടിയുടെ പിന്തുണ  പ്രഖ്യാപിച്ച സി.ആര്‍ നീലകണ്ഠനെ സസ്‌പെന്റ് ചെയ്തു കൊണ്ടാണ് എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ നല്‍കുന്നതായി കേരളത്തിന്റെ ചുമതലയുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി വ്യക്തമാക്കിയത്.
പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതിയുടെ അനുമതിയില്ലാതെ സംസ്ഥാനത്ത് യുഡിഎഫിന് പിന്തുണ നല്‍കിയ നടപടിയിലാണ് സി.ആര്‍ നീലകണ്ഠന് സസ്പന്‍ഷന്‍. ആക്ടിംഗ് കണ്‍വീനറുടെ ചുമതല  സംസ്ഥാന സെക്രട്ടറി പി.ടി തുഫൈലിനെ ഏല്‍പിച്ചു.
ദല്‍ഹിയില്‍ സിപിഎം പിന്തുണ ആപ്പിനാണെന്നും സോമനാഥ് ഭാരതി അറിയിച്ചു. ശനിയാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് സി.ആര്‍ നീലകണ്ഠനെ സസ്‌പെന്‍ഡ് ചെയ്ത വിവരം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം നീലോത്പല്‍ ബസുവും പങ്കെടുത്തു. ദല്‍ഹിയില്‍ പാര്‍ട്ടിയുടെ പിന്തുണ ആം ആദ്മിക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന് പിന്തുണ നല്‍കിയ നടപടിയില്‍ സി.ആര്‍ നീലകണ്ഠനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നുവെന്നും മറുപടി തൃപ്തികരമായിരുന്നില്ലെന്നുമാണ് സോമനാഥ് ഭാരതി പറഞ്ഞത്. സസ്‌പെന്‍ഷന്‍ എത്രകാലത്തേക്കാാണ് എന്നു വ്യക്തമാക്കിയിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, പൊന്നാനി, ആലത്തൂര്‍, പാലക്കാട്, തൃശൂര്‍, ചാലക്കുടി, എറണകുളം, ഇടുക്കി മണ്ഡലങ്ങളില്‍ യുഡിഎഫിന്  ആം ആദ്മി പാര്‍ട്ടി പിന്തുണ നല്‍കുന്നതായി സി.ആര്‍ നീലകണ്ഠന്‍ വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചിരുന്നു.

 

Latest News