കോട്ടയം - മാതാപിതാക്കളുടെ സമ്മതമില്ലാതെ മതം മാറി വിവാഹം ചെയ്തതിന്‍റെ പേരില്‍ വിവാഹം റദ്ദാക്കപ്പെട്ട ശേഷം പോലീസ് സംരക്ഷണത്തില്‍ കഴിയുന്ന വൈക്കം സ്വദേശി 24-കാരി ഡോ. ഹാദിയയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. കനത്ത പോലീസ് കാവലില്‍ വീട്ടില്‍ കഴിയുന്ന ഹാദിയയെ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ മീരാഭായി നേരത്തെ സന്ദര്‍ശിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഹാദിയയുടെ അവകാശ സംരക്ഷണത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് പരിഷത്ത് സംസ്ഥാന വനിതാ കമ്മീഷന് നിവേദനം നല്‍കിയിട്ടുണ്ട്.
'സ്വന്തം നിലയ്ക്ക് ചിന്തിച്ച് തീരുമാനം കൈക്കൊള്ളാന്‍ ശേഷിയുള്ള വിദ്യാസമ്പന്നയായ യുവതിയാണ് അഖില (ഹാദിയ). അവര്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍ പോലും അനുവാദമില്ല എന്നും പോലീസ് ബന്തവസ്സിന്‍റെ പശ്ചാത്തലത്തില്‍ ഒരു വ്യക്തിക്ക് ലഭിക്കേണ്ട സാധാരണ മനുഷ്യാവകാശങ്ങള്‍ പോലും ലഭിക്കുന്നില്ല എന്നറിയാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രശ്‌നം നേരിട്ട് മനസ്സിലാക്കാന്‍ പരിഷത്ത് സംഘം പോകുകയും പോലീസിന്റെ സഹകരണത്തോടെ യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്കുണ്ടായ അനുഭവം ഇപ്രകാരമായിരുന്നു. വീടിനു ചുറ്റും ടെന്‍റുകളിലായി പോലീസുകാര്‍ താമസിക്കുന്നുണ്ട്. വീട്ടിലേക്ക് തിരിയുന്ന വഴിയിലും ഗെയ്റ്റിലും പോലീസുകാര്‍ നിലയുറപ്പിച്ചിട്ടുണ്ട്. യുവതിയോടൊപ്പം അഞ്ചു പോലീസുകാര്‍ പൂര്‍ണസമയവും അവരുടെ മുറിയില്‍ തന്നെ കഴിയുന്നുണ്ടെന്നാണ് അറിയാന്‍ കഴഞ്ഞത്. യുവതിക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ മറ്റാരെയും കാണുന്നതിനോ അനുവാദമില്ലെന്നും അറിയാന്‍ കഴിഞ്ഞു. യുവതിയെ കാണാന്‍ ഹൈക്കോടതിയുടെ ഉത്തരവ് വേണമെന്നാണ് പോലീസ് പറഞ്ഞത്. ഈ വിഷയത്തില്‍ ലിംഗവിവേചനം കൂടി ഉള്‍ക്കൊള്ളുന്നുണ്ട് എന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു,' കമ്മീഷനു നല്‍കിയ പരാതിയില്‍ പരിഷത്ത് പറയുന്നു.
ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും യാതൊരു വിധത്തിലും കോട്ടം വരുന്നില്ലാ എന്ന് ഉറപ്പുവരുത്താനും കമ്മീഷന്‍ ഇടപണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു. കോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള സംരക്ഷണം മനുഷ്യാവകാശ ലംഘനമാകാതിരിക്കാന്‍ ആവശ്യമായ അടിയന്തിര ഇടപെടല്‍ വനിതാ കമ്മീഷനില്‍ നിന്ന് ഉണ്ടാകണമെന്നും പരിഷത്ത് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.