ഞാന്‍ ഇന്ദിരയല്ല-പ്രിയങ്ക ഗാന്ധി 

കാണ്‍പൂര്‍- മുന്‍ പ്രധാനമന്ത്രിയും മുത്തശ്ശിയുമായ ഇന്ദിര ഗാന്ധിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍  സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പാര്‍ട്ടി അനുഭാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ ഇന്ദിര ഗാന്ധിയല്ലെന്നും, അവരെപ്പോലെ രാജ്യത്തെ സേവിക്കുക മാത്രമാണ് താനും രാഹുലും ചെയ്യുന്നതെന്നും പ്രിയങ്ക വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തില്‍ ബി.ജെപിയ്ക്ക് ഒട്ടും താല്‍പര്യമില്ല. കാണ്‍പൂരില്‍ ഒരു മാറ്റവും കൊണ്ടു വരാന്‍ അവര്‍ക്കായില്ല-പ്രിയങ്ക ആരോപിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാലും ഇല്ലെങ്കിലും രാജ്യത്തെ സേവിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇതാദ്യമായല്ല ഇന്ദിര ഗാന്ധിയുമായി പ്രിയങ്കയെ താരതമ്യം ചെയ്യുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 
പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശന0 പ്രഖ്യാപിച്ച ഉടന്‍ വാര്‍ത്തകളില്‍ നിറഞ്ഞ തലക്കെട്ട് പോലും 'ഇന്ദിര തിരികെയെത്തി' എന്നായിരുന്നു. അണികള്‍ പോലും പ്രിയങ്കയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയാണ് കാണുന്നത്. പ്രിയങ്കയുടെ വരവ് അണികളില്‍ ആവേശമുളവാക്കിയിരിക്കുന്നു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 

Latest News