കൊല്ലം- മദ്യലഹരിയിലെത്തി ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടാത്തല മൂഴിക്കോട് ചരുവിള വീട്ടിൽ മായ(42) മരിച്ച കേസിലാണ് ഭർത്താവ് രാജ(52)നെ പോലീസ് പിടികൂടിയത്.
ബുധനാഴ്ച രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. മദ്യപിച്ചെത്തിയ രാജൻ ഭാര്യയുമായി വഴക്കിട്ട ശേഷം അവരുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ച ശേഷം തീക്കൊളുത്തുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ട മകളും അയൽവാസികളും ചേർന്ന് തീയണച്ച ശേഷം മായയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ശരീരത്തിൽ 90 ശതമാനവും പൊള്ളലേറ്റതിനാൽ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മക്കൾ: മീരാ രാജ്, രാഹുൽ.