തൃശൂര്‍ - വോട്ടിംഗ് സാമഗ്രികള്‍ വണ്ടിയില്‍നിന്ന് ഇറക്കുകയാണ്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും ചേര്‍ന്ന് പെട്ടികള്‍ ഇറക്കി വെക്കുകയും രണ്ടു പേര്‍ ചേര്‍ന്ന് വലിയപെട്ടികള്‍ അകത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. അതിനിടെ വലിയൊരു പെട്ടി ഇറക്കേണ്ടി വന്നു. പെട്ടിയുടെ മറുഭാഗം പിടക്കാന്‍ എത്തിയ ആളെ കണ്ട് പോലീസുകാരന്‍ ഞെട്ടി - സാക്ഷാല്‍ ജില്ലാ കലക്ടര്‍. അതെ തൃശൂര്‍ ജില്ല കലക്ടര്‍ ടി.വി.അനുപമ.
വോട്ടിംഗ് സാമഗ്രികള്‍ നിറച്ച വലിയ പെട്ടി വണ്ടിയില്‍ നിന്നിറക്കാനെത്തിയ കലക്ടറെ തടയാന്‍ പോലീസുകാരന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വേണ്ട മാഡം, പറ്റില്ല, കനമുണ്ട് എന്നെല്ലാം പറഞ്ഞ് പോലീസുകാരന്‍ കലക്ടറെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. സാരമില്ലെന്ന് പറഞ്ഞ് കലക്ടര്‍ പെട്ടിയുടെ അങ്ങേയറ്റം പിടിച്ച് അകത്തേക്ക് നടന്നു.
അകത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തങ്ങളിലൊരുവളായി ജില്ല കലക്ടര്‍ പണിയെടുക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. ഒരു പെട്ടി അകത്തുകൊണ്ടുപോയി വെച്ച ശേഷം വീണ്ടും വണ്ടിക്കരികിലെത്തിയ കലക്ടറെ സഹപ്രവര്‍ത്തകരും ജീവനക്കാരും തടഞ്ഞു. എന്നാല്‍ കലക്ടര്‍ മറ്റൊരു പെട്ടി കൂടി താങ്ങിയെടുത്ത് അകത്ത് കൊണ്ടുവെക്കാന്‍ സഹായിച്ചു.
അപൂര്‍വ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. മുഖം നോക്കാതെ നടപടിയെടുക്കാന്‍ മാത്രമല്ല മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഉദ്യോഗസ്ഥ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് കലക്ടര്‍ അനുപമ.