തലശ്ശേരി ഓടത്തില്‍ പള്ളിയില്‍  തോക്കേന്തിയ സുരക്ഷാ ഭടന്‍മാര്‍ 

ഓടത്തില്‍ പള്ളിയിലെത്തിയ ഗുലാം നബി ആസാദിനോട്  പി.വി സൈനുദ്ദീന്‍ ചരിത്രം വിവരിക്കുന്നു. 

തലശ്ശേരി- കേയിമാരുടെ ചരിത്ര പ്രസിദ്ധമായ തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ ഇന്നലെ ജുമുഅ നമസ്‌ക്കാരത്തിനെത്തിയവര്‍ പെട്ടെന്ന് പരിഭ്രാന്തരായി.  കാരണം മറ്റൈാന്നല്ല. റൈഫിള്‍ കൈയ്യിലേന്തിയ കോട്ടും സൂട്ടുമിട്ട എസ്.പി.ജിക്കാരും പോലീസുകാരും പള്ളിയിലെ നിസ്‌ക്കാര ഹാളിന് സമീപം നിലയുറപ്പിച്ചതാണ് വിശ്വാസികളെ പരിഭ്രാന്തരാക്കിയത.് സംഭവം അറിഞ്ഞ് മറ്റ് പള്ളികളിലേക്ക് നമസ്‌ക്കാരത്തിന് പോകേണ്ടവരും ഓടത്തില്‍ പള്ളിയിലേക്ക് തടിച്ച് കൂടി. എന്നാല്‍ ഇന്നലത്തെ നമസ്‌ക്കാരത്തിന് ഒരു വി.ഐ.പി എത്തിയ കാര്യം കൂടുതലാരും അറിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് ദേശീയ നേതാവ് ഗുലാം നബി ആസാദ് ജുമുഅ നിസ്‌ക്കാരത്തിന് അവിചാരിതമായി തലശ്ശേരി ഓടത്തില്‍ പള്ളിയില്‍ എത്തുകയായിരുന്നു. പഴയ ബസ്റ്റാന്റിന് സമീപത്തെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം നമസ്‌ക്കരിക്കാന്‍ അടുത്തുള്ള പള്ളിയേതെന്ന് തിരക്കുകയായിരുന്നു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന മുസ്‌ലിം ലീഗ് നേതാവ് അഡ്വ.പി.വി സൈനുദ്ദീന്‍ വേദിക്ക് സമീപം തന്നെയുള്ള ഓടത്തില്‍ പള്ളിയിലേക്ക് ക്ഷണിക്കുകയായിരുന്നു. 12.40ന് ആരംഭിച്ച ജുമുഅ  ചടങ്ങ് 1.05 ഓടെയാണ് സമാപിച്ചത.് ഇതിന് ശേഷം കോണ്‍ഗ്രസ് നേതാവ് അഡ്വ.ടി.ആസഫലി, അഡ്വ.പി.വി സൈനുദ്ദീന്‍ എന്നിവര്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഓടത്തില്‍ പള്ളിയുടെ ചരിത്രം ഗുലാം നബിയെ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ശേഷമാണ് അദ്ദേഹം കനത്ത സുരക്ഷയില്‍ തിരിച്ച് പോയത.് 


 

 

Latest News