Sorry, you need to enable JavaScript to visit this website.

തൃശൂരിൽ ഈസി വാക്കോവറില്ല

തൃശൂർ- പ്രവചനങ്ങൾക്കതീതമാകുമോ ശക്തന്റെ തട്ടകത്തിലെ ജനവിധി? ആത്മവിശ്വാസങ്ങളുടെ കോട്ടകൊത്തളങ്ങൾ തൃശൂരിൽ ഇളകിയാടുകയാണ്. ഈസി വാക്കോവറിലൂടെ ആരും ഇന്ദ്രപ്രസ്ഥത്തിലേക്ക് എത്തില്ലെന്ന് മധ്യകേരളത്തിലെ ഈ മണ്ഡലം വിളിച്ചോതുന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഉണ്ടായിരുന്ന സ്ഥിതിയല്ല പ്രചാരണ ക്ലൈമാക്‌സിൽ തൃശൂരിൽ കാണുന്നത്. ട്വിസ്റ്റുകളും അപ്രതീക്ഷിത നീക്കങ്ങളും മാസ് എൻട്രിയുമെല്ലാം നിറഞ്ഞ ഒരുഗ്രൻ ഉശിരൻ പോരാട്ടമാണ് തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ.
എൽ.ഡി.എഫിന്റെ സിറ്റിംഗ് മണ്ഡലത്തിൽ സി.പി.ഐക്കാണ് മത്സരിക്കാൻ ഇത്തവണയും അവസരം നൽകിയത്. ഒല്ലൂർ എം.എൽ.എ സ്ഥാനത്തിനു ശേഷം നീണ്ട ഒരിടവേള കഴിഞ്ഞെത്തുന്ന രാജാജി മാത്യു തോമസിനെ വിജയിപ്പിച്ചെടുത്ത് മണ്ഡലം നിലനിർത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് എൽ.ഡി.എഫിനുള്ളത്.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി കോൺഗ്രസിൽനിന്ന് ടി.എൻ.പ്രതാപൻ തന്നെ പോരിനിറങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വത്തിനു വേണ്ടി പതിവുപോലെ കോൺഗ്രസിനകത്ത് ആവശ്യക്കാർ പലതായിരുന്നു. എങ്കിലും മുൻ നിശ്ചയപ്രകാരം തൃശൂർ ഡി.സി.സി പ്രസിഡന്റുകൂടിയായ ടി.എൻ.പ്രതാപനെ ലോക്‌സഭയിൽ തൃശൂരിന്റെ പ്രതിനിധിയാക്കാൻ അന്തിമമായി തീരുമാനിക്കുകയായിരുന്നു. 
തൃശൂരിനെ ഉപേക്ഷിച്ച് വയനാടൻ ചുരത്തിലേക്ക് തുഷാർ പോയതോടെ എ വൺ മണ്ഡലമെന്ന് ബി.ജെ.പി കൊട്ടിഘോഷിച്ച തൃശൂരിൽ സ്ഥാനാർത്ഥിയെ കിട്ടാതെ ബി.ജെ.പി നട്ടം തിരിഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റു തന്നെ തൃശൂരിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾക്കിടെ പാർട്ടി നേതൃത്വം സുരേഷ്‌ഗോപിയെ തൃശൂരിലേക്ക് താമര വിരിയിക്കാൻ നിയോഗിക്കുകയായിരുന്നു. സൂപ്പർതാരത്തെ തൃശൂരിലേക്ക് കിട്ടിയതോടെ തൃശൂരിലെ എൻ.ഡി.എ ക്യാമ്പ് ആവേശത്തിലായി. 
വളരെ വളരെ വൈകിയെത്തി ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്‌ഗോപി പ്രചാരണം തുടങ്ങുമ്പോഴേക്കും പ്രതാപനും രാജാജിയും എന്തിന് സ്വതന്ത്ര സ്ഥാനാർഥികൾ വരെ പ്രചാരണരംഗത്ത് ബഹുദൂരം മുന്നിലായിരുന്നു. എന്നാൽ ദിവസങ്ങൾ കൊണ്ട് സുരേഷ്‌ഗോപിയുടെ പ്രചാരണം ഇവർക്കൊപ്പമോ അതുക്കും മേലെയോ എത്തുന്ന സ്ഥിതിയായി. സുരേഷ്‌ഗോപി എത്തും വരെയുണ്ടായിരുന്ന രാഷ്ട്രീയ കാലാവസ്ഥയും സുരേഷ്‌ഗോപി എത്തിയ ശേഷമുള്ള രാഷ്ട്രീയകാലാവസ്ഥയും തൃശൂരിൽ രണ്ടായിരുന്നു. 
സുരേഷ്‌ഗോപിയുടെ പ്രചാരണകേന്ദ്രങ്ങളിൽ സിനിമ കാണാനുള്ള ആൾക്കൂട്ടം പോലെ ജനം തടിച്ചു കൂടുന്നത് ബി.ജെ.പിക്ക് പ്രതീക്ഷയും എതിർ സ്ഥാനാർത്ഥികൾക്ക് ഹൃദയമിടിപ്പും വർധിപ്പിച്ചു. ആൾക്കൂട്ടം മുഴുവൻ വോട്ടാകില്ലെന്ന് ബി.ജെ.പിക്ക് വ്യക്തമായി അറിയാമെങ്കിലും മറ്റു രണ്ടു മുന്നണികളുടേയും ആത്മവിശ്വാസത്തിന് പോറലേൽപ്പിക്കാൻ ഈ ആൾക്കൂട്ടങ്ങൾക്കായി. ഒപ്പം ബി.ജെ.പിയുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ഇതിടയാക്കി.
പ്രചാരണതന്ത്രങ്ങൾ മാറ്റിമറിക്കാൻ യു.ഡി.എഫും എൽ.ഡി.എഫും ശ്രമം തുടങ്ങിയതും എൻ.ഡി.എ പ്രചാരണം സജീവമായ ശേഷമാണ്.
വ്യക്തിപരമായി പ്രധാന മുന്നണികളിലെ മൂന്നു സ്ഥാനാർഥികളും തൃശൂരിന് പരിചിതരാണ്. അതുകൊണ്ടുതന്നെ നിഷ്പക്ഷ വോട്ടുകൾ എങ്ങോട്ടു മറിയുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അടിയൊഴുക്കുകൾ യു.ഡി.എഫിനകത്തും എൽ.ഡി.എഫിനകത്തും ഉണ്ടെങ്കിലും എൻ.ഡി.എക്കകത്ത് അത്രയില്ല. ബി.ഡി.ജെ.എസിന് സീറ്റു വിട്ടുകൊടുക്കാനുള്ള തീരുമാനത്തിൽ ബി.ജെ.പിയിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെങ്കിലും സീറ്റ് ബി.ജെ.പി തന്നെ ഏറ്റെടുത്തതോടെ ആ കാലുഷ്യം മാറിയെന്നാണ് സൂചന. അതേസമയം യു.ഡി.എഫിനകത്ത് ചില ഘടകകക്ഷികൾക്ക് മുറുമുറുപ്പുണ്ടെന്നാണ് സൂചന. അമിതമായ ആത്മവിശ്വാസംമൂലം ഘടകകക്ഷികളിൽ ചിലരെ കോൺഗ്രസ് ഗൗനിക്കുന്നില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫിലാകട്ടെ സി.പി.എം-സി.പി.ഐ തർക്കം രൂക്ഷമായ ജില്ലയിലെ നാട്ടിക, താന്യം പോലുള്ള ചെങ്കോട്ടമേഖലകളിൽ സ്ഥിതി ഗൗരവമേറിയതാണ്. പുറമേക്ക് അടിയൊഴുക്കുകൾ ശക്തമല്ലെങ്കിലും മൂന്നുമുന്നണികളും അപ്രതീക്ഷിത ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്.
യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ തമ്മിലുള്ള പോരാട്ടമായിരിക്കും തൃശൂരിലേതെന്ന് കരുതിയപ്പോഴാണ് ശക്തമായ വെല്ലുവിളിയുയർത്തി സുരേഷ്‌ഗോപി എത്തുന്നത്. ഇതോടെയാണ് ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങിയത്. 
ടി.എൻ.പ്രതാപന് എം.എൽ.എ എന്ന നിലയ്ക്കുള്ള അനുഭവ സമ്പത്തും മത്സ്യത്തൊഴിലാളികൾക്കിടയിലുള്ള സ്വാധീനവും ആരെയും പിണക്കാതെ കൂടെ നിർത്താനുള്ള തന്ത്രജ്ഞാനവും തൃശൂർ ഡി.സി.സി  പ്രസിഡന്റ് എന്ന നിലയിൽ കാഴ്ചവെച്ച മികവും ഗ്രൂപ്പുകളുണ്ടെങ്കിലും ഏവരേയും ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവും ഹരിത എം.എൽ.എ എന്ന ഇമേജ് നൽകിയ നേട്ടവും അനുകൂല രാഷ്ട്രീയ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് യു.ഡി.എഫ് ക്യാമ്പ് വിലയിരുത്തുന്നു. 
രാജാജി മാത്യു തോമസ് വിശ്വാസമർപ്പിക്കുന്നത് സിറ്റിംഗ് മണ്ഡലത്തിലെ വോട്ടർമാരിൽ തന്നെയാണ്. തങ്ങളെ അവർ കൈവിടില്ലെന്നും ചിട്ടയായ പ്രചാരണവും സിറ്റിംഗ് സീറ്റിന്റെ കരുത്തും തനിക്ക് ഗുണകരമാകുമെന്നും രാജാജി കരുതുന്നു. തന്റെ അനുഭവസമ്പത്തും യാത്രാജ്ഞാനവും പത്രാധിപരെന്ന നിലയിൽ ജനങ്ങളുടെ മനസറിഞ്ഞ പ്രവർത്തനവും തൃശൂരിൽ വീണ്ടും ചെങ്കൊടി പാറിക്കാൻ തനിക്ക് കഴിയുമെന്നാണ് രാജാജി പ്രതീക്ഷിക്കുന്നത്. 
തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ 13.36 ലക്ഷം വോട്ടർമാരുണ്ട്. പകുതിയിലേറെയും സ്ത്രീകളാണ്. 6.93 ലക്ഷം പേർ. തൃശൂരിലെ വോട്ടർമാരിൽ ഇരുപത്തയ്യായിരത്തിലേറെ പേർ 18, 19 വയസുള്ളവരാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തേക്കാൾ 61,000 പേർ കൂടുതൽ വോട്ടർമാരുണ്ട്. സ്ത്രീകളുടേയും കന്നിവോട്ടർമാരുടേയും മനസ് തങ്ങൾക്കൊപ്പമാണെന്നാണ് മൂന്നു മുന്നണിയുടേയും നേതാക്കളുടെ അവകാശവാദം. 
പ്രതീക്ഷകളും ആത്മവിശ്വാസങ്ങളും കുടമാറ്റം നടത്തുന്ന പൂരത്തിന്റെ നാട്ടിൽ ആരായിരിക്കും ശക്തന്റെ സിംഹാസനത്തിലെത്തുകയെന്നറിയാൻ കാത്തിരിക്കേണ്ട സ്ഥിതിയാണ്. നേരിയ മാർജിനിലായിരിക്കും ജയമെന്നതുകൊണ്ടുതന്നെ എല്ലാ വോട്ടും നിർണായകമാകുന്ന സ്ഥിതിയാണിപ്പോൾ.

 

Latest News