പരിക്കേറ്റ റിപ്പബ്ലിക്കന്‍ നേതാവ് ഗുരുതരാവസ്ഥയില്‍

ധനസമാഹരണാര്‍ത്ഥം സംഘടിപ്പിച്ച ബേസ്‌ബോള്‍ മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടെ ആക്രമിയുടെ വെടിയേറ്റ യുഎസ് കോണ്‍ഗ്രസിലെ മുതിര്‍ന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവ് സ്റ്റീവ് സ്‌കലിസെയുടെ ആരോഗ്യ നില രാത്രിയോടെ ഗുരതരമായെന്ന് റിപ്പോര്‍ട്ട്. യുഎസ് ജനപ്രതിനിധി സഭയിലെ റിപബ്ലക്കന്‍ നിരയിലെ മൂന്നാമനായ സ്‌കലിസെ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ ബുധനാഴ്ചയാണ് വിര്‍ജിനിയയിലെ അലക്‌സാന്‍ഡ്രിയയിലെ കളിക്കളത്തില്‍ വച്ച് ആക്രമി വെടിയുതിര്‍ത്തത്. പ്രസിഡ ന്‍റ്  ഡോണള്‍ഡ് ട്രംപിനെതിരെ രൂക്ഷമായ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്ന ആക്രമിയെ പോലീസ് സംഭവ സ്ഥലത്തു വെച്ചു തന്നെ വെടിവച്ചു കൊലപ്പെടുത്തി. 

സംഭവ സമയത്ത് 25 റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ കളിക്കളത്തില്‍ പരിശീലനം നടത്തുന്നുണ്ടായിരുന്നു. വേലിക്കെട്ടിനു പുറത്തു നിന്നാണ് അക്രമി ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഇടതുഭാഗത്തെ ഇടുപ്പിനു വെടിയേറ്റ സ്‌കാലിസെയുടെ അസ്ഥിക്ക് കാര്യമായ ക്ഷതമേല്‍ക്കുകയും ആന്തരാവയവങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനായ അദ്ദേഹത്തിന് ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്ന്  മെഡ്സ്റ്റാര്‍ വാഷിങ്ടണ്‍ ഹോസ്പിറ്റല്‍ സെന്‍റര്‍ വ്യക്തമാക്കി.

66-കാരനായ ജെയിംസ് ഹോഡ്കിന്‍സണ്‍ ആണ് ആക്രമി എന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇലിനോയില്‍ നന്നുള്ളയാളാണ്. ട്രംപിനും മറ്റു റിപബ്ലിക്കന്‍ നേതാക്കള്‍ക്കെതിരേയും ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിരുന്നതായി പോലീസ് പറയുന്നു.  ഇതൊരു രാഷ്ട്രീയ ആക്രമണമാണോ എന്ന കാര്യം പറയാറായിട്ടില്ലെന്നാണ് പോലീസും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (എഫ്. ബി. ഐ) പറയുന്നത്.

Latest News