Sorry, you need to enable JavaScript to visit this website.

ഇരട്ടത്താപ്പിന്റെ മഹാരൂപമായി വീണ്ടും ചാരക്കേസും നമ്പി നാരായണനും

ഐ.എസ്.ആർ.ഒ- നമ്പി നാരായണൻ എന്നീ പേരുകൾ ഒരിക്കൽകൂടി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയിൽനിന്ന്  തെരഞ്ഞെടുപ്പ് കാലത്ത് കേട്ടു. തിരുവനന്തപുരത്ത്  വ്യാഴാഴ്ച നടന്ന  എൻ.ഡി.എയുടെ വിജയ് സങ്കൽപ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു മോഡിയുടെ ഐ.എസ്.ആർ.ഒ-നമ്പി നാരായണ വിചാരം. 
ബി.ജെ.പി സർക്കാരിന് കീഴിൽ ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും കരയിലും കടലിലും ആകാശത്തും ബഹിരാകാശ രംഗത്തും ഇന്ത്യ സുരക്ഷിതമാണെന്നും സ്ഥാപിക്കാനായി അദ്ദേഹം പറഞ്ഞ വാക്കുകൾ പക്ഷെ പൂർവ്വകാലം ഓർക്കാതെയുള്ളതായിപ്പോയി. 'ഇന്ന് മൊബൈൽ തൊട്ട് മിസൈൽ വരെയുള്ള എല്ലാ സാങ്കേതിക വിദ്യയും ബഹിരാകാശത്ത് നിന്ന് നിയന്ത്രിക്കാം. ബഹിരാകാശത്ത് നിന്ന് ഏതെങ്കിലും ഛിദ്രശക്തികൾ നമ്മളെ ആക്രമിച്ചാൽ എന്ത് ചെയ്യുമെന്ന ആശങ്ക വേണ്ട. ഈ ഭീഷണിയിൽനിന്ന് നമ്മെ മുക്തരാക്കാൻ നമ്മുടെ ശാസ്ത്രജ്ഞൻമാർക്ക് ഇന്ത്യയുടെ ചൗകീദാർ എല്ലാ അധികാരങ്ങളും നൽകി. 
എന്നാൽ കേരളത്തിൽ ശാസ്ത്രജ്ഞൻമാരുടെ മനോബലം തകർക്കുന്ന നിലപാടാണ് കോൺഗ്രസ് കൈക്കൊണ്ടത്. നമ്പിനാരായണനോട് കോൺഗ്രസ് കാണിച്ചത് മഹാക്രൂരതയാണ്. കോൺഗ്രസ് കാണിച്ച ആ ക്രൂരത  ക്ഷമിക്കാൻ കഴിയുന്നതല്ല.'  പ്രധാനമന്ത്രി ഇത്രയും കാര്യങ്ങൾ ആവേശ ഭരിതനായി പറയുന്നത് കേൾക്കാൻ വേദിയിൽ ഇരുന്നവരിൽ മുൻ ഡി.ജി.പിയും ഇപ്പോൾ സംഘ് പരിവാർ സഹചാരിയുമായ ടി.പി. സെൻകുമാറുമുണ്ടായിരുന്നു. നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിന് കേന്ദ്ര സർക്കാരിനെ അതി നിശിതമായി വിമർശിച്ചയാളാണ് സെൻകുമാർ.  'ചാരക്കേസിൽ എല്ലാ സത്യങ്ങളും മൂടിവെയ്ക്കാൻ കഴിയില്ല. നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും ഒരുനാൾ എല്ലാ സത്യവും  പുറത്തുവരും.'  ടി.പി. സെൻകുമാറിന്റെ  സർവീസ് സ്റ്റോറിയിൽ  ഇങ്ങിനെ പറയുന്നതായാണ് പ്രധാനമന്ത്രി നമ്പി നാരായണനെ പ്രശംസിച്ചതിന്റെ അടുത്ത ദിവസം  (വെള്ളി) മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വാർത്തയിൽ പറയുന്നത്.
നമ്പി നാരായണന്റെയും ചാരക്കേസിന്റെയും കാര്യത്തിൽ താൻ ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണിപ്പോഴും സെൻകുമാർ. അദ്ദേഹം ഇപ്പോൾ നിലകൊള്ളുന്ന സംഘ് പരിവാർ വിഭാഗവും ചാരക്കേസ് നടക്കുന്ന കാലത്ത്  ഇതേ നിലപാടുകാരായിരുന്നു. അന്ന് ചാരക്കേസ് രൂപപ്പെടുത്തി കൊണ്ടുവന്നതുപോലും ഇപ്പറഞ്ഞ മാനസികാവസ്ഥയുള്ള ആളുകളായിരുന്നുവെന്ന് ആ കാലം ഓർമ്മയുള്ളവർക്കറിയാം. ഒരു ഭാഗത്ത്  മുസ്‌ലിം പേരുള്ള മാലി വനിതകൾ, മറുഭാഗത്ത് സി.പി.എം നയിക്കുന്ന ഇടതുപക്ഷവും അവർക്ക് സഹായവുമായി കോൺഗ്രസിലെ ഒരു വിഭാഗവും. ഇതിനെല്ലാം ആവേശം പകരുന്ന  സമീപനവുമായി സംഘ് പരിവാറിന്റെ വിവിധ രൂപങ്ങളുമുണ്ടായിരുന്നു കൂടെ. സംഘ് പരിവാർ മാധ്യമങ്ങൾ മാത്രമല്ല സകല മാധ്യമങ്ങളും ഒരേ മനസ്സോടെ അന്ന് വേട്ടയിൽ പങ്കാളികളായി. അങ്ങനെ വേട്ടയാടപ്പെട്ട വ്യക്തിയെപ്പറ്റിയാണ് അവരുടെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് വേദിയിൽ വന്നു നിന്ന് നമ്പി നാരായണനെ വേട്ടയാടിയ കോൺഗ്രസ് നിലപാട് എത്ര ക്രൂരം എന്ന് പറഞ്ഞത്. ഇത് കേട്ട് സെൻകുമാറിന് ക്ഷോഭമുണ്ടായില്ലെങ്കിലെ അതിശയമുള്ളൂ. വിടില്ല ഞാൻ നമ്പി നാരായണനെ എന്നാണ് സെൻകുമാർ ഇപ്പോഴും മുന്നറിയിപ്പ് നൽകുന്നത്. 
നമ്പിനാരായണൻ 'എസ്' എന്നൊരു വാക്ക് പറഞ്ഞിരുന്നുവെങ്കിൽ തിരുവനന്തപുരത്ത് അദ്ദേഹമാകുമായിരുന്നു ഇത്തവണ ഇടതുമുന്നണി സ്ഥാനാർഥി. അദ്ദേഹം വേണ്ടെന്ന് വെച്ചതുകൊണ്ട് മാത്രമാണ് അങ്ങിനെ സംഭവിക്കാതെ പോയത്. ഏതായാലും ചാരക്കഥയും അതിന്റെ പരിണതികളും കൂടുതൽ  കൂടുതൽ കൗതുകം പകരുന്നവ തന്നെ. 
ആരുടെയെങ്കിലും ഭാവനയിൽ വിരിയുന്ന കേസുകൾ വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാക്കിവെക്കുന്ന നഷ്ടവും പ്രതിസന്ധികളും എത്രമാത്രമെന്ന് നമ്പി നാരായണനും ചാരക്കേസും വീണ്ടും വീണ്ടും പറഞ്ഞു തരികയാണ്.  
ടി.പി. സെൻകുമാർ മാത്രമല്ല, സി.പി.എമ്മും സി.പി.ഐയും ഉൾപ്പെടെയുള്ള ഇടതു പാർട്ടികളിൽപ്പെട്ടവരും സംഘ്പരിവാറുകാരും ചാരക്കേസ് സത്യമായിരുന്നു എന്ന് തന്നെ പറയുന്നവരാണിപ്പോഴും. മാധ്യമങ്ങളുടെ കാര്യം പറയാനുമില്ല. അങ്ങേയറ്റത്തെ നിവൃത്തികേട് കൊണ്ടാണ് അവരാരും ഇപ്പോഴും ഇതെക്കുറിച്ച് മിണ്ടാത്തത്. 
നമ്പി നാരായണനെ ഒരു ഐബി ഉദ്യോഗസ്ഥൻ ചാരൻ എന്ന് വിളിക്കുന്ന രംഗം അദ്ദേഹം 'ഓർമ്മകളുടെ ഭ്രമണ പഥത്തിൽ'  ഇങ്ങിനെ വിവരിക്കുന്നുണ്ട്.
'ചാരൻ'  ആ വിളി എന്നിലെ ആത്മാഭിമാനത്തെ ഉണർത്തി.
'സുഹൃത്തുക്കളെ..നിങ്ങളീ ചെയ്യുന്ന കുറ്റത്തിന്റെ ആഴം, നിങ്ങൾക്കറിയില്ല. ഇതിന് നിങ്ങൾ ശിക്ഷിക്കപ്പടാതിരിക്കില്ല, തീർച്ച!' തുടർന്നുള്ള ഭാഗത്ത് തന്നെ കൊല്ലാതെ വിട്ടാൽ നിങ്ങളെക്കൊണ്ടെല്ലാം ഞാനിതിന് ഉത്തരം പറയിക്കും എന്ന് നമ്പി നാരായണൻ  ക്രൂര പീഡനങ്ങൾക്കിടയിൽ വേദനയോടെ  മുന്നറിയിപ്പ് നൽകുന്നുണ്ട്. 
നമ്പി നാരായൺ മരിക്കാതെ ബാക്കിയുള്ളതിനാൽ അദ്ദേഹം അപ്പറഞ്ഞതു പോലെ എല്ലാവരെക്കൊണ്ടും ഉത്തരം പറയിപ്പിച്ചു. പത്മഭൂഷണായി, നഷ്ടപരിഹാരമായി, സ്ഥാനാർഥിയാകാൻ ക്ഷണമായി, പൊതുവേദിയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർവ നിലപാടുകളുടെ തിരുത്തായി, ഒടുവിലിപ്പോൾ  നരേന്ദ്രമോഡിയുടെ നല്ല വാക്കും പക്ഷം ചേരലുമായി അതിങ്ങിനെ തുടരുന്നു.  അപ്പോഴും ടി.പി. സെൻകുമാർ പറയുന്നു -ഒരുനാൾ എല്ലാ സത്യവും  പുറത്തുവരുമെന്ന്. ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞതിങ്ങനെയാണ്. 
'നമ്പിനാരായണനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗവേളയിൽ നടത്തിയ പരാമർശങ്ങൾ നമ്പി നാരായണൻ നൽകിയ കേസിൽ ഉൾപ്പെട്ടതും നമ്പി നാരായണനെതിരെ അധിക്ഷേപം ചൊരിഞ്ഞതുമായ മുൻ ഡി.ജി.പി.സെൻകുമാറിനെ ഒപ്പം ഇരുത്തിക്കൊണ്ടാണ് എന്നത് ബി.ജെ.പിയുടെ ഇരട്ടത്താപ്പിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.'  മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ ഇരട്ടത്താപ്പ് എന്ന വാക്ക് ചാരക്കേസ് വിഷയത്തിൽ എല്ലാവർക്കും ചേരും.

 

Latest News