രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ കുട്ടായ് മയില്‍ നിന്ന് ആം ആദ് മി പുറത്ത്

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയ കണ്ടെത്താനുള്ള പ്രതിപക്ഷ കക്ഷികളുടെ ചര്‍ച്ചയില്‍ ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി(എഎപി)യെ കൂടി ഉള്‍പ്പെടുത്തണമെന്ന സിപിഎമ്മിന്റേയും തൃണമൂല്‍ കോണ്‍ഗ്രസിന്റേയും നിര്‍ദേശത്തെ കോണ്‍ഗ്രസും എന്‍സിപിയും തള്ളി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുമാണ് എഎപിയെ കൂടെ കൂട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. നേരത്തെ 17 പ്രതിപക്ഷ കക്ഷി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലും ഇവര്‍ ഈ ആവശ്യ ഉന്നയിച്ചിരുന്നു.

എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമാണ് ഇതിനെ ശക്തമായി എതിര്‍ത്തത്. എഎപി നേതാക്കളുടെ മോശം പെരുമാറ്റമാണ് കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാക്കളോട് എഎപി നേതാക്കള്‍ക്കു ബഹുമാനമില്ലെന്ന് ജെഡിയു നേതാവ് ശരത് യാദവും അഭിപ്രായപ്പെട്ടതായി പറയപ്പെടുന്നു. ആം ആദ്മി പാര്‍ട്ടി ആര്‍ എസ് എസിന്റെ പോഷക സംഘടനയാണെന്നും ബിജെപിയുടെ ബി ടീമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

ഗുജറാത്ത്, ഗോവ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ഇവരുടെ നിലപാടുകള്‍ ഇതിനു തെളിവാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദല്‍ഹി ഭരണവുമായി ബന്ധപ്പെട്ട് ബിജെപിയുമായി പോരടിക്കുന്ന എഎപി പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയ്ക്ക് കാത്തിരിക്കുകയാണെന്നും കൂട്ടായ്മയില്‍ ചില കക്ഷികള്‍ പറയുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിന് പ്രതിപക്ഷവുമായി സമവായമുണ്ടാക്കാന്‍ ഭരണകക്ഷി ശ്രമിച്ചു വരികയാണ്. ഉന്നത ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയേയും സിപിഎം നേതാവ് സീതാറാം യെച്ചൂരിയെയും വൈകാതെ കണ്ടേക്കും.

Latest News