മക്കയിൽ ഹോട്ടലുകളിൽ കവർച്ച: രണ്ടംഗ സംഘം അറസ്റ്റിൽ

മക്ക - ഹോട്ടലുകളിൽ കവർച്ചകൾ നടത്തുകയും ഹോട്ടൽ താമസക്കാരെ ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിക്കുകയും ചെയ്ത രണ്ടംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരാണ് അറസ്റ്റിലായത്. നിരീക്ഷണ ക്യാമറകളില്ലാത്ത ഹോട്ടലുകളും ആളുകളെ താമസിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ലൈസൻസില്ലാത്ത ലോഡ്ജുകളും സെക്യൂരിറ്റി ജീവനക്കാരില്ലാത്ത കെട്ടിടങ്ങളും സംഘത്തിൽ ഒരാൾ മുൻകൂട്ടി നിരീക്ഷിച്ച് കണ്ടെത്തിയാണ് കവർച്ചകൾ നടത്തിയിരുന്നത്. കവർച്ചകൾ നടത്തുന്നതിന് പ്രത്യേകം തെരഞ്ഞെടുക്കുന്ന കെട്ടിടങ്ങളിലും ഹോട്ടലുകളിലും കയറുന്ന സംഘം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി പണവും വിലപിടിച്ച വസ്തുക്കളും പിടിച്ചുപറിച്ച ശേഷം താമസക്കാരെ ഒരു മുറിയിലാക്കി വാതിൽ പുറത്തുനിന്ന് അടച്ച് രക്ഷപ്പെടുകയാണ് ചെയ്തിരുന്നത്. സംഘത്തിന്റെ ആക്രമണങ്ങൾക്കും കവർച്ചകൾക്കും പിടിച്ചുപറികൾക്കും ഇരയായവർ പരാതികൾ നൽകിയതിനെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘത്തിൽ ഒരാൾ ബർമക്കാരനും രണ്ടാമൻ ബംഗ്ലാദേശുകാരനുമാണ്. പ്രതികളെ മക്ക പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. 

 

Latest News