'വാടക അധ്യാപകരെ' തടയാന്‍ അധ്യാപകരുടെ ചിത്രം പതിക്കും

ആഗ്ര- ഉത്തര്‍ പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ ജോലി ചെയ്യാതെ വാടക നല്‍കി മറ്റുള്ളവരെ ഏര്‍പ്പാടാക്കുന്നത് തടയാന്‍ അധ്യാപകരുടെ ചിത്രമുള്ള പോസ്റ്റര്‍ സ്‌കൂളുകളില്‍ പതിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാഥമിക വിദ്യാലയങ്ങളില്‍ ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് യഥാര്‍ത്ഥ അധ്യാപകരുടെ ചിത്രവും മൊബൈല്‍ നമ്പറുമുള്ള പോസ്റ്റര്‍ സ്‌കൂളുകളില്‍ പതിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വേനല്‍ അവധിക്കായി പൂട്ടിയ സ്‌കൂളുകള്‍ ജൂലൈ ഒന്നിനു തുറക്കുമ്പോള്‍ സ്‌കൂളുകളിലെല്ലാം അവിടെ നിയമിതരായ അധ്യാപകരുടെ ചിത്രം പതിച്ചിട്ടുണ്ടാകും. ക്ലാസില്‍ വരാതെ അധ്യാപകര്‍ അടിക്കടി സുദീര്‍ഘ അവധിയെടുക്കുന്നതിന് തടയിടാന്‍ ഇതുവരെ നടപ്പാക്കിയ നടപടികളൊന്നും ഫലം ചെയ്യാതെ വന്നപ്പോഴാണ് പോസ്റ്റര്‍ അടിക്കാന്‍ തീരുമാനിച്ചത്.

സ്‌കൂളിലെ അറിയിപ്പ് ബോര്‍ഡുകളില്‍ അധ്യാപകരുടെ ചിത്രം പതിപ്പിക്കുന്ന കാര്യമാണ് ആലോചിക്കുന്നത്. ഇത്തരം ബോര്‍ഡുകള്‍ ഇല്ലാത്ത സ്‌കൂളുകളില്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററിന്റെ ആദ്യ പേജില്‍ ചിത്രം പതിക്കും. വ്യാജ അധ്യാപകരുടെ പ്രശ്‌നം തടയാനാണ് ഇത്തരമൊരു നീക്കമെന്ന് യുപി പ്രാഥമിക വിദ്യാഭ്യാസ വകുപ്പ്ു മന്ത്രി അനുപമ ജയ്‌സ്വാള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മിക്കയിടത്തും അധ്യാപകര്‍ക്ക് ഒരു ക്ഷാമവുമില്ല. എങ്കിലും പ്രാഥമിക വിദ്യാലയങ്ങളില്‍ പഠനനിലവാരം വളരെ മോശം സ്ഥിതിയിലാണ്. ഇതിനു പ്രധാനകാരണങ്ങളിലൊന്നായി അധികൃതര്‍ കണ്ടെത്തിയത് അധ്യാപകരുടെ ഈ മുങ്ങലാണ്. യോഗ്യരായ അധ്യാപകരെ സര്‍ക്കാര്‍ നിയമിക്കുന്നുണ്ടെങ്കിലും അവര്‍ ജോലി ചെയ്യാതെ വാടക നല്‍കി മറ്റുള്ളവരെ സ്‌കൂളിലേക്ക് വിടുകയാണ് ചെയ്യുന്നത്. ഇതു സംബന്ധിച്ച പരാതികള്‍ വ്യാപകമായുണ്ട്. 5000 രൂപ വാടക നല്‍കി അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പിടാന്‍ ആളെ വാടകയ്ക്ക് വയ്ക്കുകയാണ് പലരും ചെയ്യുന്നതെന്ന് അധികൃതര്‍ തന്നെ പറയുന്നു. 

അധ്യാപകരുടെ സചിത്ര പോസ്റ്റര്‍ പതിക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് വേഗത്തില്‍ അധ്യാപകരെ തിരിച്ചറിയാന്‍ കഴിയുമെന്നും ഫോട്ടോയൊടൊപ്പം പേരും മൊബൈല്‍ നമ്പറും കൂടി ഉള്‍പ്പെടുത്തുന്നതിനാല്‍ അവരുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നും പ്രാഥമിക വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഭഗവത് പട്ടേല്‍ പറയുന്നു. ഇതുവഴി വ്യാജ അധ്യാപകരെ വേഗത്തില്‍ പിടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

തങ്ങളുടെ പരിസരത്തെ സ്‌കൂളുകളില്‍ എത്ര അധ്യാപകര്‍ നിയമിതരായിട്ടുണ്ടെന്നും അവര്‍ ആരെല്ലാമാണെന്നും മിക്ക ഗ്രാമീണര്‍ക്കും അറിയില്ല. പലയിടത്തും റെയ്ഡുകള്‍ നടത്തിയപ്പോഴാണ് ചില അധ്യാപകര്‍ സ്‌കൂളില്‍ സ്ഥിരമായി വരാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അവര്‍ ഒരു അവധി അപേക്ഷ എഴുതി ഒപ്പിച്ചു വയ്ക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ വരാത്തത് ചോദ്യം ചെയ്തപ്പോള്‍ നിരപരാധിത്വം തെളിയിക്കാന്‍ പലരും ഈ അപേക്ഷയാണ് എടുത്ത് കാണിക്കുന്നത്,  പട്ടേല്‍ പറയുന്നു.

Latest News