കോണ്‍ഗ്രസിന് ഇത് അവസാന അവസരം; സഖ്യത്തിന് അന്ത്യശാസനവുമായി എഎപി

ന്യുദല്‍ഹി- ദല്‍ഹിയില്‍ സഖ്യത്തിന് അവസാന അവസരം നല്‍കി എഎപി നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നീട്ടിവച്ചു. മോഡി-ഷാ കൂട്ടുകെട്ടില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തി വന്നതെന്നും സഖ്യ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് അവസാന അവസരം നല്‍കി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം നീട്ടിവച്ചിരിക്കുകയാണെന്നും മുതിര്‍ന്ന എഎപി നേതാവ് ഗോപാല്‍ റായ് പറഞ്ഞു. എഎപിയുടെ ഈസ്റ്റ് ദല്‍ഹി സ്ഥാനാര്‍ത്ഥി അതിഷി, ചാന്ദ്‌നി ചൗക്ക് സ്ഥാനാര്‍ത്ഥി പങ്കജ് ഗുപ്ത, നോര്‍ത്ത് വെസ്റ്റ് സ്ഥാനാര്‍ത്ഥി ഗുഹന്‍ സിങ് എന്നിവര്‍ ശനിയാഴ്ച പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ സഖ്യ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയാറാകുമെന്ന് പ്രതീക്ഷയില്‍ അവസാന അവസരം നല്‍കുന്നതിനാണ് പത്രികാ സമര്‍പ്പണം തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചതെന്ന് റായ് പറഞ്ഞു.

തിങ്കളാഴ്ച ഈ സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയുടെ മറ്റു മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥി വ്യാഴാഴ്ച പത്രിക നല്‍കിയിരുന്നു.

ദല്‍ഹിക്കു പുറമെ പഞ്ചാബിലും ഹരിയാനയിലും കോണ്‍ഗ്രസ് സഖ്യത്തിനു തയാറാകണമെന്ന എഎപിയുടെ ആവശ്യത്തിലുടക്കിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയത്. സഖ്യത്തിന് ഇനിയും ഒരുക്കമാണെന്നും ഊഴം എഎപിയുടേതാണെന്നും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു.
 

Latest News