Sorry, you need to enable JavaScript to visit this website.

ഇന്ത്യ എന്ന ആശയം   

ന്യൂദൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസർ ഷാ ആലം ഖാൻ ഇന്ത്യൻ എക്‌സ്പ്രസ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ പങ്കുവെക്കുന്ന ചിന്ത പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഏറെ വിചാരങ്ങൾക്ക് വകനൽകുന്നു. 
കഴിഞ്ഞ അഞ്ചു വർഷം ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ ദയനീയമായിരുന്നെന്നും മുസ്‌ലിമായിരിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണെന്നും അദ്ദേഹം എഴുതുന്നു. അക്രമം, ജീവഹാനി, സ്വത്തുനാശം, അഭിമാനക്ഷതം എന്നിവ ദളിതർ ഒഴിച്ചുള്ള മറ്റ് സമുദായങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ കൂടുതലായിരുന്നെന്നും കഴിഞ്ഞ അഞ്ചുവർഷത്തെ പൊതുസംവാദങ്ങൾ, ഇടതു വലതു വീക്ഷണം എന്ന വ്യത്യാസമില്ലാതെ തന്നെ 2014 ൽ അധികാരത്തിലേറിയ രാഷ്ട്രീയ സംവിധാനത്തെ കേന്ദ്രീകരിച്ചായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചകളിലൊന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ അസ്തിത്വവുമായി ബന്ധപ്പെട്ടതാണെന്ന് കാണാം. പാക്കിസ്ഥാനുമായുള്ള യുദ്ധവും ഇഷ്ടമില്ലാത്തതിനെയെല്ലാം പാക്കിസ്ഥാനുമായി ചേർത്തുവെച്ച് അവഹേളിക്കുന്നതും മുസ്‌ലിം ലീഗിന്റെ പച്ചക്കൊടി മുതൽ, വയനാട്ടിലെ മുസ്‌ലിം ജനസംഖ്യയെക്കുറിച്ച വിവരങ്ങൾ വരെ ദേശീയ തലത്തിൽ ഹിന്ദുത്വ നേതാക്കൾ ചർച്ചയാക്കുന്നതും ഈ തെരഞ്ഞെടുപ്പിലെ വർഗീയ ധ്രുവീകരണം, കുറച്ചുകൂടി തെളിച്ചുപറഞ്ഞാൽ ന്യൂനപക്ഷ വിരുദ്ധത വെളിപ്പെടുത്തുന്നു. ഡോ. ഖാന്റെ നിരീക്ഷണം, ഈ വസ്തുത വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നതാണ്. ഈ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ മുസ്‌ലിംകൾക്കും ദളിതുകൾക്കും നിർണായകമാണെന്ന രാഷ്ട്രീയ വിലയിരുത്തലിന്റെ അടിസ്ഥാനവും ഇതുതന്നെ.
ഭൂരിപക്ഷാധിഷ്ഠിത രാഷ്ട്രീയത്തിൽ മുസ്‌ലിംകൾക്ക് സംഭവിച്ച നഷ്ടമെന്താണ് എന്ന് വിലയിരുത്തുന്നതും സങ്കീർണമായ ഒരു വിഷയമാണ്. മാത്രമല്ല, എത്ര പ്രധാനപ്പെട്ടതും അടിയന്തരവുമായ പ്രശ്‌നമാണെങ്കിലും ഒരു മതേതര രാജ്യത്ത് മുസ്‌ലിംകളുടെ നഷ്ടത്തെക്കുറിച്ച ചർച്ച ചെയ്യുന്നത് ഒരു വർഗീയ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതാണോ എന്ന സംശയവുമുയരാം. അതുകൊണ്ടാണ്, മതേതരത്വത്തോട് കൂറും ആശയദൃഢതയുമുള്ള രാഷ്ട്രീയ പാർട്ടികൾപോലും ഈ നഷ്ടത്തെക്കുറിച്ച് പരസ്യമായ സംവാദത്തിന് മടിക്കുന്നത്. അതിനാൽതന്നെ, ന്യൂനപക്ഷ വിരുദ്ധത പരസ്യമായി പ്രഖ്യാപിക്കാനും നടപ്പാക്കാനും മടിക്കാത്ത ഒരു ഭൂരിപക്ഷാധിഷ്ഠിത ഭരണകൂടം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷത്തിന് വരുത്തിയ നഷ്ടത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടത് ഈ തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ അനിവാര്യമായിരിക്കുന്നു. കേന്ദ്രമന്ത്രിമാരടക്കം, ഭരണകക്ഷിയിലെ പ്രമുഖരെല്ലാം പച്ചയായി മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുകയും അവർക്ക് വോട്ട് ചെയ്തില്ലെങ്കിൽ വരാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിശേഷിച്ചും.


വോട്ടു ചെയ്യാത്ത മുസ്‌ലിംകളെ ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കേന്ദ്രമന്ത്രിയായ മേനകാഗാന്ധി പരസ്യമായി പറഞ്ഞത്, എഴുപത് വർഷത്തെ പക്വമായ ജനാധിപത്യ പാരമ്പര്യം പേറുന്ന ഇന്ത്യയുടെ ഹൃദയത്തിലേറ്റ വലിയ കളങ്കമാണ്. വോട്ടു ചെയ്യുന്നതാര്, അല്ലാത്തവരാര് എന്ന് പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ട് എന്ന് ഭീഷണിപ്പെടുത്തുന്നത് ഗുജറാത്തിലെ ഒരു എം.എൽ.എയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പലതവണയായി ഇത്തരം മുന്നറിയിപ്പുകൾ ന്യൂനപക്ഷങ്ങൾക്ക് നൽകിയിട്ടുണ്ട്. വോട്ടു ചെയ്യുന്നവർ എത്ര ശതമാനമെന്ന് നോക്കിയാണ് ഓരോ പ്രദേശത്തേക്കും വികസനമെത്തുക എന്ന് കൂടി പറഞ്ഞുവെച്ചു മേനക.  
ഫ്രഞ്ച് വിപ്ലവം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടാക്കിയ ഏറ്റവും വലിയ അനന്തര ഫലങ്ങളിലൊന്ന്, ഭരണവർഗത്തിന്റെ മേൽ സാധാരണ പൗരന്മാരുടെ ഉയർത്തെഴുന്നേൽപായിരുന്നു. ഇതാണ് ഒരർഥത്തിൽ ജനാധിപത്യ സാമൂഹിക നീതിയുടെ സംസ്ഥാപനത്തിന് വഴിതെളിച്ചത്. ദേശരാഷ്ട്രങ്ങളുടെ സ്ഥാപനത്തോടെ ഈ വീക്ഷണം കൂടുതൽ ശക്തിപ്രാപിക്കുകയും പൗരന്മാരുടെ അവകാശത്തിന് പരമപ്രാധാന്യം ലഭിക്കുകയും ചെയ്തു. അതിനാൽ ചരിത്രപരമായി ഒരു ജനാധിപത്യത്തിലെ പൗരാവകാശമെന്നത് വിശാലമായ രണ്ടു കാര്യങ്ങളിലധിഷ്ഠിതമായിരിക്കുന്നു. ഒന്ന്, ജീവനും സ്വത്തിനും അന്തസ്സിലും സംരക്ഷണം നൽകുമെന്ന വാഗ്ദാനം, ഒരു പൊതുഭാവിയെക്കുറിച്ച വാഗ്ദാനം. ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും ഈ വാഗ്ദാനങ്ങൾ ഭരണഘടനാവകാശങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നു. നിർഭാഗ്യവശാൽ, ഈ രണ്ട് ഭരണഘടനാവകാശങ്ങളും ഇന്ത്യൻ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇല്ലാതായിരിക്കുന്നു. 
ഇന്ത്യയിലെ മുസ്‌ലിംകൾ, ലോകത്തിന്റെ ഇതരഭാഗങ്ങളിലെ മുസ്‌ലിംകളിൽനിന്ന് വ്യത്യസ്തരായിരിക്കുന്നത് 72 വർഷത്തെ തടസ്സമില്ലാത്ത ജനാധിപത്യ വ്യവസ്ഥയിലെ പൗരന്മാരായി കഴിയാൻ അവർക്ക് സാധിച്ചുവെന്നതാണ്. തുർക്കിയിലെ മുസ്‌ലിംകൾ മാത്രമാണ് ഇക്കാര്യത്തിൽ ഇന്ത്യൻ മുസ്‌ലിംകളോടൊപ്പമുള്ളത്. ജനാധിപത്യത്തിലും അതിന്റെ തത്ത്വങ്ങളിലുമുള്ള അടിയുറച്ച വിശ്വാസവും അതിനൊപ്പം സഞ്ചരിക്കാനുള്ള ആഭിമുഖ്യവുമാണ് ഇന്ത്യൻ മുസ്‌ലിംകളുടെ പുരോഗതിക്കും നിമിത്തമായത്. പ്രമുഖ മാധ്യമ പ്രവർത്തകയായ സീമ മുസ്തഫ എഴുതിയ ഒരു ലേഖനത്തിൽ ഇന്ത്യൻ മുസ്‌ലിംകൾ എന്തുകൊണ്ട് ഭീകരവാദികളാകുന്നില്ല എന്ന ചോദ്യത്തിനുത്തരമായി ഇന്ത്യയിലെ ശക്തമായ ജനാധിപത്യത്തേയും അതിനോട് ഉൾച്ചേർന്നു നിൽക്കുന്ന മുസ്‌ലിംകളേയും കുറിച്ചെഴുതിയിരുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ മോഡി ഭരണത്തിനിടെ, രാജ്യത്തിന്റെ ആണിക്കല്ലുകളിലൊന്നായ ന്യൂനപക്ഷങ്ങൾക്ക് ഈ വിശ്വാസം രക്ഷനൽകിയില്ലെന്നത് രാജ്യത്ത് എല്ലാ മതേതര നിരീക്ഷകരുടെ ശക്തമായി ഊന്നിപ്പറയുന്നുണ്ട്. 
പൗരന്മാർ എന്ന നിലയിൽ അവകാശങ്ങൾ അടിച്ചമർത്തപ്പെടുകയും ആൾക്കൂട്ട കൊലകളുടെ ഇരകളായി മാറുകയും മതസ്വത്വം ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. ജനാധിപത്യത്തിന്റെ ഈ അപകടസന്ധിയെ തന്മയത്വത്തോടെ കൈകാര്യം ചെയ്യുകയാണ് നടന്നുകൊണ്ടിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന മതേതര കർത്തവ്യം. 
മുസ്‌ലിംകൾക്കൊപ്പം സവർണ ഭൂരിപക്ഷാധിഷ്ഠിത ഭരണകൂടത്തിന്റെ ഇരകളായി മാറിയ സമാന സമൂഹങ്ങൾ ഇന്ത്യയിൽ വേറെയുമുണ്ട്. ദളിതുകൾ, ആദിവാസികൾ, സ്ത്രീകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ. ഒരു രാജ്യത്തിന്റെ ചരിത്രത്തിൽ അഞ്ചോ പത്തോ വർഷമെന്നത് ചെറിയൊരു കാലയളവായിരിക്കാം. എന്നാൽ പൗരന്മാരുടെ അടിസ്ഥാനാവകാശങ്ങളെ വകവെച്ചുനൽകുന്ന ജനാധിപത്യ സത്തയുടെ അപ്രത്യക്ഷമാകൽ ഈ ചെറിയ കാലം കൊണ്ട് തന്നെ ഒരു രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചതച്ചരച്ചുകളയും. അത് വീണ്ടെടുക്കുക പിന്നീട് ഒരിക്കലും എളുപ്പമായിരിക്കില്ലെന്ന തിരിച്ചറിവാണ് 2019 തെരഞ്ഞെടുപ്പിനെ, ഇന്ത്യ എന്ന ആശയം നിലനിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള നിർണായക സന്ദർഭമാക്കി മാറ്റുന്നത്.

Latest News