Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസിനെ വിമര്‍ശിക്കരുതെന്ന് ദൂരദര്‍ശന്‍; തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

ന്യൂദല്‍ഹി- ആര്‍എസ്എസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐയുടെ രാഷ്ട്രീയ പ്രചാരണ പ്രസംഗം പ്രക്ഷേപണം ചെയ്യാനാകില്ലെന്ന് ദൂരദര്‍ശന്‍. മുന്‍കൂട്ടി നല്‍കിയ പ്രസംഗത്തിന്റെ എഴുതിയ രൂപത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വെട്ടിക്കളയണമെന്നാണ് പ്രസംഗം അവതരിപ്പിക്കാനെത്തിയ സിപിഐ ദേശീയ കൗണ്‍സില്‍ സെക്രട്ടറിയും രാജ്യസഭ എംപിയുമായ ബിനോയ് വിശ്വത്തോട് ദൂരദര്‍ശന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പ്രസംഗം അവതരിപ്പിക്കാന്‍ തയാറല്ലെന്നു വ്യക്തമാക്കിയ ബിനോയ് വിശ്വം ദൂരദര്‍ശന്‍ അധികൃതരുടെ പക്കല്‍നിന്നും വിശദീകരണവും എഴുതി വാങ്ങി. സംഭവത്തില്‍ ദൂരദര്‍ശനെതിരേ പരാതി നല്‍കി. തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
    രാഷ്ട്രീയ വിമര്‍ശനങ്ങള്‍ പാടെ വെട്ടിക്കളയുന്ന നടപടി അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉള്‍െപ്പടെയുള്ള സ്വതന്ത്ര സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ബിജെപി സര്‍ക്കാര്‍ കൈയടക്കിവെച്ചു നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭോപ്പാലില്‍ സാധ്വി പ്രഗ്യ സിംഗിനെ സ്ഥാനാര്‍ഥി ആക്കിയതോടെ ബിജെപിയുടെ തീവ്ര ഹിന്ദുത്വ നിലപാട് വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
    ദൂരദര്‍ശന്‍ ഇന്നലെ റിക്കാര്‍ഡ് ചെയ്യാനിരുന്ന പ്രസംഗം 25ന് പ്രക്ഷേപണം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, വെട്ടിത്തിരുത്തലുകളോടെയുള്ള പ്രസംഗത്തിന് തയാറല്ലെന്ന് ബിനോയ് വിശ്വം നിലപാട് എടുത്തതിനാല്‍ ഈ പ്രക്ഷേപണം നടക്കില്ല. അതേസമയം, വളരെ ചെറിയ മാറ്റങ്ങളോടെ സിപിഐയുടെ രാഷ്ട്രീയ പ്രചാരണ പ്രസംഗം ആകാശവാണി റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ഇത് 25ന് പ്രക്ഷേപണം ചെയ്യും. ദൂരദര്‍ശന്‍ വിലക്കിയ പല പരാമര്‍ശങ്ങളും ആകാശവാണിയുടെ പ്രസംഗത്തില്‍ റിക്കാര്‍ഡ് ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
    വംശീയ ആധിപത്യ ആശയങ്ങള്‍ പിന്‍തുടരുന്ന ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തിയായ എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുകയാണെന്നത് ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങളാണ് വെട്ടി നീക്കണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനാ വിദഗ്ധന്‍ എന്നു വിശേഷിപ്പിച്ച് ദൂരദര്‍ശന്‍ അധികൃതര്‍ വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥന്‍ സുഭാഷ് കശ്യപ് ഉള്‍പ്പെടെ അജയ് ചതുര്‍വേദി, ആദര്‍ശ് കെ. ആസാദ് എന്നിവരാണ് തന്നോട് പ്രസംഗത്തില്‍ വെട്ടിത്തിരുത്തല്‍ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം ദല്‍ഹി സിപിഐ ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
    ആര്‍എസ്എസ് പിന്തുണയ്ക്കുന്ന ബിജെപി ഒരിക്കല്‍കൂടി അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ അന്ത്യമായിരിക്കുമെന്നും സിപിഐയുടെ രാഷ്ട്രീയ പ്രസംഗത്തില്‍ പറയുന്നു. ഇതുള്‍പ്പെടെ ഫാസിസ്റ്റ് ആശയങ്ങളാല്‍ നയിക്കപ്പെടുന്ന എന്ന പ്രയോഗവും പ്രസംഗത്തില്‍നിന്നു വെട്ടി നീക്കം ചെയ്യണമെന്നും ദൂരദര്‍ശന്‍ ആവശ്യപ്പെട്ടു.

 

Latest News