1991ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പി.വി നരസിംഹ റാവു സാമ്പത്തിക ഉദാരവൽക്കരണ പ്രക്രിയക്ക് തുടക്കം കുറിച്ചു. സോവിയറ്റ് മോഡലിനെ പിന്തുടർന്ന് സോഷ്യലിസ്റ്റ് പാതയിൽ മുന്നേറിയ രാജ്യത്ത് പെട്ടെന്നുള്ള ദിശാ മാറ്റം ഏറെ വിമർശനങ്ങൾക്കിടം നൽകി. ലോകം ആദരിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ: മൻമോഹൻ സിംഗായിരുന്നു അന്നത്തെ ധനമന്ത്രി. മൻമോഹൻ സിംഗ് പിന്നീട് രണ്ട് ടേമിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. കാൽ നൂറ്റാണ്ട് മുമ്പ് നരസിംഹ റാവു പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. 'രാജ്യത്ത് ഇപ്പോൾ നടപ്പാക്കി വരുന്ന ഉദാരവൽക്കരണ നടപടികളുടെ ഫലമറിയാൻ കാൽ നൂറ്റാണ്ടെങ്കിലും സമയമെടുക്കും.' അതെ, ഇരുപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട സ്ഥിതിയിലാണ് ഇന്ത്യയിപ്പോൾ. മൻമോഹൻ സിംഗ് രാജ്യത്തെ നയിച്ച വേളയിൽ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യു.എ.ഇയുൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചു. നൂറ്റി ഇരുപത് കോടി ഇന്ത്യക്കാർ ഈ പ്രയാസമൊന്നുമറിയാതെ ജീവിച്ചുവെന്നത് രാജ്യത്തെ നയിച്ചവരുടെ മിടുക്ക്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടക്ക് ഇന്ത്യ ഏറെ മാറി. വിദേശ നിർമിത കാറുകൾ കേരളത്തിലെ കാറുകൾ അടക്കി വാഴുന്നു. ഗ്രാമങ്ങളെന്നോ, നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ ഗതാഗത കുരുക്ക് പതിവായിട്ടുണ്ട്. റാവു പ്രവചിച്ച മാറ്റം നേരിട്ടറിയണമെങ്കിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിച്ചാൽ മതി. സമ്പന്ന രാജ്യങ്ങളോട് കിടപിടിക്കാവുന്ന എല്ലാ സൗകര്യങ്ങളും ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തെ വിമാനത്താവളത്തിലുമായി. ഇക്കുറി പെരുന്നാൾ അവധിക്കാലത്ത് മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയ വിജയവാഡക്കാരായ പ്രവാസികൾ സി.എസ്.ടി വിമാനത്താവളത്തിലെ അത്യാധുനിക സൗകര്യങ്ങൾ കണ്ട് അത്ഭുതപ്പെടുകയായിരുന്നു. ഇത് ലണ്ടൻ ഹീത്രുവിനേക്കാൾ മനോഹരമായിട്ടുണ്ടല്ലോയെന്ന് അവർ അഭിപ്രായപ്പെടുകയും ചെയ്തു. ഗൾഫിലെ എണ്ണ സമ്പന്നമായ പല നഗരങ്ങളിലെ വിമാനത്താവളങ്ങളേക്കാൾ മനോഹരമായി മുംബൈ സി.എസ്.ടി വിമാനത്താവളം മാറിയെന്നത് അഭിമാനകരമാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ ഈ താവളം ലോക റാങ്കിംഗിൽ 35-ാം സ്ഥാനത്താണ്. 750 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിന് അഞ്ച് ടെർമിനലുകളുണ്ട്. നാല് കോടി യാത്രക്കാരാണ് പ്രതിവർഷം മുംബൈ എയർപോർട്ട് വഴി കടന്നു പോകുന്നത്. 2014 ജനുവരിയിൽ ഉദ്ഘാടനം ചെയ്ത ടി2 ടെർമിനലാണ് മുംബൈ വിമാനത്താവളത്തിന്റെ സുപ്രധാന ആകർഷണം. പൊതുമേഖലയും സ്വകാര്യ സംരംഭകരും കൈകോർത്ത് യാഥാർഥ്യമാക്കിയതാണ് ഈ പദ്ധതി. വൈഫൈയില്ലാതെ എന്ത് ജീവിതം എന്ന് പരാതി പറയുന്നവർക്ക് മണിക്കൂറുകളോളം സൗജന്യ വൈഫൈ വിമാനത്താവളത്തിൽ ലഭ്യമാണ്. പണ്ട് സഹാർ വിമാനത്താവളമായിരുന്ന കാലത്ത് സാന്താക്രൂസിലെത്തി ആഭ്യന്തര വിമാനങ്ങളിൽ കയറി യാത്ര തുടർന്നവരെ ഞെട്ടിക്കുന്നതാണ് ഇപ്പോഴത്തെ മാറ്റം. വിസ്തൃതമായ മുംബൈ എയർപോർട്ടിലെ ടി2 ടെർമിനലിൽ വന്നിറങ്ങുന്ന യാത്രക്കാരന് ഡൊമസ്റ്റിക്ക് ഫ്‌ളൈറ്റ് തേടി ബസിൽ കയറി യാത്ര ചെയ്യേണ്ടതില്ല. ടി2 ടെർമിനൽ വഴിയാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്ന് ചില വിമാന കമ്പനികൾ അഭിമാനത്തോടെ വിളംബരം ചെയ്യാറുണ്ട്.
ആകാശ യാത്രയ്ക്ക് സൗകര്യ പ്രദമായ നൂതന വിമാനത്താവളമുണ്ടായത് കൊണ്ട് മാത്രമായില്ല. കാര്യക്ഷമമായ പൊതു ഗതാഗത സംവിധാനമാണ് ഏത് നഗരത്തിനും അനിവാര്യമായിട്ടുള്ളത്. ഇക്കാര്യത്തിലും ഇന്ത്യയുടെ ഷാങ്ഹായ് വൻ കുതിപ്പാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നടത്തിയത്.
ലോകത്ത് ജനസംഖ്യയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന മഹാനഗരമാണ് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ. മെട്രോപോളിറ്റൻ കൗൺസിൽ പരിധിയിൽ മൊത്തം രണ്ടു കോടി അഞ്ച് ലക്ഷം പേരുണ്ട്. ഏത് ദരിദ്രനും പട്ടിണിയില്ലാതെ കഴിയാനുള്ള അവസരം നൽകുന്ന പട്ടണത്തിൽ പാതിരാവിലും യഥേഷ്ടം ഏത് ദിശയിലും യാത്ര ചെയ്യാം. അത്രയ്ക്ക് ശക്തമാണ് പൊതു ഗതാഗത ശൃംഖല.
മഹാനഗരത്തിലെ മെട്രോ ട്രെയിൻ സർവീസ് പുലർച്ചെ 5.30ന് ആരംഭിക്കുന്നു. അർധ രാത്രിവരെ 250 സർവീസുകൾ. റോഡിൽ ഒരു മണിക്കൂറിലേറെ വേണ്ട ദൂരം പിന്നിടാൻ മെട്രോ ട്രെയിനിന് 21 മിനുട്ട് മതി. കൂടുതൽ സൗകര്യങ്ങളൊരുക്കി ജനലക്ഷങ്ങൾക്ക് അവസരവുമായി മഹാനഗരം പുത്തൻ കുതിപ്പുകൾ തുടരുകയാണ്.
വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന 'ബെസ്റ്റ്' ബസുകളെ വെല്ലാൻ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിന്റെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾക്കാവില്ല. പൂനെ ഭാഗത്തു നിന്ന് വരുമ്പോൾ നഗരാതിർത്തിയിലെ റെയിൽവേ ജംഗ്ഷനായ പൻവേൽ പിന്നിട്ടാൽ റെയിൽപ്പാതകളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ചീറിപ്പായുന്ന സബർബൻ ട്രെയിനുകളെ കാണാം. ലോക്കലെന്ന് വിളിക്കുന്ന ഇവയാണ് മഹാനഗരത്തിന്റെ ജീവനാഡി.
രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്താണ് 270 മില്യൺ യു.എസ് ഡോളർ ചെലവിട്ട് ബാന്ദ്രയിൽ നിന്ന് വെർളിയിലേക്ക് കടലിൽ പാലം പണിതത്.
സമീപ കാലത്ത് ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണിത്. ഇത് യാഥാർഥ്യമായതോടെ അരിച്ചുനീങ്ങുന്ന ഗതാഗത കുരുക്കുകളിൽ നിന്ന് മോചനമായി. 2009 ജൂൺ ഒമ്പതിന് സീ ലിങ്ക് തുറന്നതോടെ റോഡ് യാത്രയ്ക്ക് ഒന്നര മണിക്കൂർ വേണ്ടിയിരുന്നത് ഇരുപത് മിനുട്ടായി ചുരുങ്ങി.
2014 ഫെബ്രുവരിയിൽ മുംബൈ മോണോ റെയിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മുംബൈ മെട്രോയും ഗതാഗതത്തിന് തുറന്നു കൊടുത്തു.
ഇന്ത്യയിലാദ്യമായി തീവണ്ടിയുടെ ചൂളം മുഴങ്ങിയത് മുംബൈ-താനെ സെക്ഷനിലാണ്. വി.ടി സ്റ്റേഷനിൽ നിന്ന് 1853 ഏപ്രിൽ 16ന് വൈകുന്നേരം 3.35ന് താനെയിലേക്കുള്ള ആദ്യ സർവീസ് നടത്തി. 34 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽപാതയിലൂടെ 'ഭൂതവണ്ടി' തീതുപ്പി കടന്നു വന്നപ്പോൾ കന്നുകാലികളുടെ അന്തകനായാണ് ജനം കണ്ടിരുന്നത്.
നഗരത്തിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് മെട്രോ റെയിൽവേ യാഥാർഥ്യമായത്. വെർസോവയിൽ നിന്ന് അന്ധേരി വഴി ഘട്‌കോപറിലേക്ക്. 11.4 കിലോമീറ്റർ ദൈർഘ്യത്തിലെ ആദ്യ ഘട്ടം പൂർത്തിയാക്കിയത് പത്ത് വർഷമെടുത്താണ്. ഇന്ത്യയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച ആദ്യ റെയിൽവേ പദ്ധതിയാണിത്.
2356 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരുന്നത്. നിർമാണം പൂർത്തിയായപ്പോൾ ഇത് 4321 കോടിയായി ഉയർന്നു. മെട്രോ യാത്രാ നിരക്ക് കേന്ദ്ര സർക്കാർ ഉയർത്തി കൊടുക്കുകയും ചെയ്തു.
അതിശയിപ്പിക്കുന്ന മറ്റൊരു പദ്ധതിയും പുരോഗമിച്ചുവരികയാണ്. മുംബൈയെ അഹമ്മദാബാദുമായി ബന്ധിപ്പിക്കുന്ന അതിവേഗ പാത. ഇന്ത്യയിലെ നിർമാണ പ്രവർത്തനങ്ങളുടെ കരാർ ലഭിക്കാൻ ജപ്പാനും ചൈനയും മത്സരിക്കുന്നത് തന്നെ പദ്ധതികളുടെ പ്രാധാന്യം വ്യക്തമാക്കുന്നു.






