ന്യൂദൽഹി- തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കൾക്കെതിരെ നേരത്തെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടി വിട്ടു. യു.പിയിലെ നേതാക്കൾക്കെതിരെ സ്വീകരിച്ച നടപടി പിൻവലിച്ചതാണ് പാർട്ടി വിടാൻ കാരണം. പാർട്ടി നടപടിയിലുള അതൃപ്തി പ്രിയങ്ക നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
'പാർട്ടിക്ക് വേണ്ടി ഒഴുക്കിയ വിയർപ്പിന്റെയും രക്തത്തിന്റെയും കണക്ക് പറഞ്ഞ് അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ട്. പാർട്ടിക്ക് വേണ്ടി താൻ നിരവധി വിമർശനങ്ങളും അപമാനങ്ങളും നേരിട്ടിട്ടുണ്ട്. പക്ഷെ, തന്നെ ഭീഷണിപ്പെടുത്തിയവരെ മാറ്റി നിർത്താൻ പോലും പാർട്ടി തയ്യാറാകുന്നില്ലെന്നത് സങ്കടകരമാണ്' പ്രിയങ്ക ട്വീറ്റ് ചെയ്തു. പാർട്ടി മാധ്യമ വിഭാഗം കൺവീനർ എന്ന പദവി സോഷ്യൽമീഡിയ പ്രൊഫൈലുകളിൽ നിന്ന് പ്രിയങ്ക നേരത്തെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്ക ചതുർവേദി പാർട്ടി അംഗത്വവും പദവികളും രാജിവച്ചത്.