ക്രൂരമര്‍ദനമേറ്റ മൂന്ന് വയസ്സുകാരന്‍ മരിച്ചു; മാതാവ് റിമാന്‍ഡില്‍

കൊച്ചി-  മാതാവിന്റെ ക്രൂര മര്‍ദനത്തിനിരയായ മൂന്ന് വയസ്സുകാരന്‍ മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. തലച്ചോറിനേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. വധശ്രമം അടക്കമുള്ള  കുറ്റങ്ങള്‍ ചുമത്തിയ ഇവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.   
കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന കാര്യം സംശയമാണെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ മൂന്നംഗ വിദഗ്ധ സംഘം വിലയിരുത്തിയിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.45 നാണ് കുട്ടിയെ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഏണിപ്പടിയില്‍ നിന്നു വീണു പരിക്കേറ്റുവെന്നാണ് രക്ഷിതാക്കള്‍ പറഞ്ഞിരുന്നത്.  
കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ മുറിവുകളും പൊള്ളലേറ്റ പാടുകളും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് മതാപിതാക്കളെ ചോദ്യം ചെയ്തത്. മാതാവാണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

 

Latest News