തൃശൂർ- കഞ്ചാവ് വിൽപനക്കെത്തിയ ഗുണ്ടാ സംഘം യുവാവിനെ അടിച്ച് കൊന്നു. ചെമ്മാപ്പിള്ളിയിൽ കഞ്ചാവ് വിൽപനക്കാരായ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. ചെമ്മാപ്പിള്ളി സ്വദേശി പ്രദിൻ (46) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാരോടൊത്ത് സംസാരിച്ചു നിൽക്കുകയായിരുന്ന പ്രദിനെ ഗുണ്ടാ സംഘം ആക്രമിക്കുകയായിരുന്നു. പെരിങ്ങോട്ടുകരയിലെ കഞ്ചാവ് വിൽപന സംഘങ്ങളാണ് ആക്രമണം നടത്തിയത്. പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് സംഘം ചേർന്ന് എത്തിയ ഇവർ സമീപത്തുണ്ടായിരുന്ന പ്രദിനോടും കൂട്ടുകാരോടും തട്ടിക്കയറുകയും ഇവരെ മർദിച്ച് അവശരാക്കുകയുമായിരുന്നു.






