കോഴിക്കോട് - വൻകിട കോർപറേറ്റുകൾക്കുവേണ്ടി രാജ്യത്തിന്റെ സമ്പത്തു മുഴുവൻ തീരെഴുതിയതിനു പ്രത്യുപകാരമായി ബി.ജെ.പി 20,000 കോടിയുടെ രാഷ്ട്രീയ സംഭാവന കോർപറേറ്റുകളിൽ നിന്ന് കൈപ്പറ്റിയതായി പഞ്ചാബ് സാംസ്‌കാരിക മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
പതിനായിരം കോടികൾ കിട്ടാക്കടമായി തിരിച്ചടക്കാനുള്ള ഡി.എച്ച്.എൽ.എഫ് മാത്രം ബി.ജെ.പിക്ക് സംഭാവനയായി നൽകിയത് ഇരുപത് കോടിയാണ്. വിളവിറക്കാൻ വാങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ കോർപറേറ്റുകളുടെ കോടികൾ എഴുതിത്തള്ളുകയാണ് കഴിഞ്ഞ അഞ്ചുവർഷം പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്തത്. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി പതിൻമടങ്ങ് വർധിച്ചു.
തൊണ്ണൂറ് ശതമാനം നിഷ്‌ക്രിയ ആസ്തികളുടെ ബാധ്യത പൊതുമേഖലാ ബാങ്കുകളുടെ തലയിലാണുള്ളത്. എന്നാൽ സ്വകാര്യബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുടെ തോത് വളരെക്കുറവാണ്. നീരവ് മോഡിയേയും വിജയ്മല്ല്യയേയും പോലുള്ളവർക്കു പൊതുസ്വത്ത് കൊള്ളയടിച്ചു രാജ്യം വിടാൻ കഴിഞ്ഞു.
ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള വൻകിട കോർപറേറ്റ് കമ്പനികളൊന്നാകെ രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിക്കുകയാണ്. ഇതിന് പ്രധാനമന്ത്രി കൂട്ടുനില്ക്കുന്നു. അനിൽ അംബാനി, അദാനി മുതൽ എസ്.ആർ ഗ്രൂപ്പും അലോക് ഗ്രൂപ്പും തുടങ്ങിയ ഗ്രൂപ്പുകൾക്ക് വേണ്ടിയാണ് ഈ കളികൾ. അദാനിയുടെയും അംബാനിയുടെയും പ്രധാനമന്ത്രിയായി മോഡി മാറി. പേടിഎമ്മിന്റെയും ജിയോയുടെയും പരസ്യത്തിൽ പ്രധാനമന്ത്രി പ്രത്യക്ഷപ്പെടുന്ന അവസ്ഥയിലാണ് രാജ്യമെത്തിയിരിക്കുന്നത്. നോട്ടുനിരോധനമുണ്ടായി നാല് മാസംകൊണ്ടുമാത്രം നാല്പതിനായിരത്തോളം തൊഴിലവസരങ്ങളാണ് നഷ്ടമായത്. ഒഴിഞ്ഞുകിടക്കുന്ന തൊഴിലവസരങ്ങൾ കോൺഗ്രസ് വന്നാൽ പൂർണമായി പൂർത്തീകരിക്കും.
നോട്ടു നിരോധനത്തിന്റെ ഗുണഫലം കിട്ടിയത് ഗൗതം അദാനിക്കും അനിൽ അംബാനിക്കുമാണ്. റാഫേൽ വിമാന ഇടപാടിലെ കരാറുകൾ അനിൽ അംബാനിക്കുവേണ്ടി മാറ്റിയതിന്റെ വിശദാംശങ്ങൾ രാജ്യം പകൽ വെളിച്ചംപോലെ കണ്ടു. സിമന്റു ഫാക്റ്ററി നിർമിക്കാൻ എന്ന പേരിൽ അദാനിക്കു തുച്ചമായ വിലക്കു കൈമാറിയ പൊതുഭൂമി പതിൻമടങ്ങു ലാഭത്തിനു മാസങ്ങൾക്ക് ശേഷം അംബാനി മറിച്ചു വിറ്റു. ഇതിലൊന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല.
അമേരിക്കയും ബ്രിട്ടനും അടക്കമുള്ള വികസിത രാജ്യങ്ങൾ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ നോട്ടുകൾ പിൻവലിക്കുകയാണു ചെയ്തത്. ഇതായിരുന്നു ശാസ്ത്രീയമായ വഴി. എന്നാൽ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചു 2000 രൂപയുടെ വലിയ നോട്ടു കൊണ്ടുവന്നതിലൂടെ സമ്പദ് വ്യവസ്ഥയുടെ തകർച്ച വിളംബരം ചെയ്യുകയാണു മോഡി ചെയ്തത്. നോട്ടു നിരോധനത്തിന്റെ മറവിൽ പണരഹിത ഇടപാടിനുള്ള സാധ്യത റിലയൻസിനു തുറന്നിട്ടുകൊടുത്തു. ഉയർന്ന വളർച്ചാ നിരക്കെന്ന് അവകാശപ്പെടുമ്പോൾ ദശലക്ഷക്കണക്കിനു തൊഴിവസരങ്ങൾ രാജ്യത്തു നഷ്ടപ്പെട്ടു. നമ്മളേക്കാൾ വളർച്ചനിരക്കിൽ പിന്നിലായിരുന്ന ചൈന 65 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചപ്പോൾ എട്ടുലക്ഷം തൊഴിലവസരങ്ങൾ മാത്രമാണ് ഇന്ത്യ സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഡി താൻ നല്കിയ 365 വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിച്ചുവോ എന്നത് തുറന്നു പറയണമെന്നും ഒന്നുപോലും നടപ്പിലാക്കാതെ കള്ളം പറയുകയായിരുന്നു അദ്ദേഹമെന്നും സിദ്ദു പറഞ്ഞു. അഡ്വ. പി.എം നിയാസ്, ലാലി വിൻസെന്റ്, കെ.എം അഭിജിത്ത്, കെ.പി ബാബു എന്നിവരും വാർത്താസമ്മേളത്തിലുണ്ടായിരുന്നു.