അതിർത്തിയിലെ ചിത്രം മാറി; കേന്ദ്ര സർക്കാരിന് നാണക്കേട്

ന്യൂദൽഹി- ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടിൽ പാക്കിസ്ഥാന്‍ അതിർത്തിയിലെ ചിത്രം മാറിപ്പോയതു അന്വേഷിക്കാന്‍ കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

ഇന്ത്യ – പാക്കിസ്ഥാൻ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച ഫ്‌ളഡ് ലൈറ്റുകളുടെ രാത്രികാല ചിത്രമാണു വിവാദം സൃഷ്ടിച്ചത്. ഇന്ത്യ–പാക് അതിർത്തിയിലെ ചിത്രത്തിനു പകരം സ്‌പെയിന്‍- മൊറോക്കോ അതിർത്തിയിലെ ചിത്രമാണ് റിപ്പോർട്ടില്‍ ചേർത്തത്. അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) അധികൃതരോടു വിശദീകരണം ചോദിച്ചതായി ആഭ്യന്തര മന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. വാർഷിക റിപ്പോർട്ടിന്‍റെ 40–ാം പേജിലാണു വിവാദ ചിത്രമുള്ളത്.
2006 ല്‍ സ്പാനിഷ് ഫോട്ടോഗ്രഫർ സാവിയേര്‍ മൊയാനോ പകര്‍ത്തിയ ചിത്രമാണ് ആഭ്യന്തരമന്ത്രാലയം ഇന്ത്യന്‍ അതിര്‍ത്തിയിലേതെന്നു പറഞ്ഞു നല്‍കിയിരിക്കുന്നതെന്നു റിപ്പോർട്ടുകളില്‍ പറയുന്നു. പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാൻ 2043.76 കിലോമീറ്റർ നീളത്തിൽ ഫ്ളഡ് ലൈറ്റ് സ്ഥാപിക്കാനാണു കേന്ദ്രം തീരുമാനിച്ചിരുന്നത്.
എല്‍ഇ.ഡി ബള്‍ബുകളാണ് പദ്ധതിക്കു ഉപയോഗിക്കുകയെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 1943.76 കിലോമീറ്റർ പ്രദേശത്ത് വിളക്കുകൾ സ്ഥാപിച്ചതിനുള്ള തെളിവായാണ് റിപ്പോർട്ടില്‍ വിവാദ ചിത്രം ചേർത്തത്. ഗോവധം അടക്കമുള്ള വിവാദ വിഷയങ്ങളില്‍ മാത്രമേ സർക്കാരിനു താല്‍പര്യമുള്ളൂയെന്ന് ചിത്രം മാറിയ സംഭവം ഏറ്റുപിടിച്ച സമൂഹ മാധ്യമ ഉപയോക്താക്കള്‍ പറയുന്നു.

Latest News