ഖാർത്തൂം - ഖത്തർ വിദേശ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സ്വീകരിക്കുന്നതിന് സുഡാൻ വിസമ്മതിച്ചതായി ഉന്നതതല സുഡാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. ബുധനാഴ്ചയാണ് ഖത്തർ സംഘം ഖാർത്തൂമിലെത്തിയത്. സുഡാൻ അധികൃതർ സ്വീകരിക്കുന്നതിന് വിസമ്മതിച്ചതിനെ തുടർന്ന് ഖത്തർ സംഘം ഉടനടി ദോഹയിലേക്ക് മടങ്ങുകയായിരുന്നു. ഉന്നതതല സൗദി, യു.എ.ഇ സംയുക്ത സംഘം ചൊവ്വാഴ്ച ഖാർത്തൂമിലെത്തി ഇടക്കാല സൈനിക കൗൺസിൽ പ്രസിഡന്റ് ജനറൽ അബ്ദുൽഫത്താഹ് അൽബുർഹാനുമായി ചർച്ച നടത്തിയിരുന്നു.
സുഡാൻ നേതാക്കൾ സ്വീകരിക്കുന്നതിന് വിസമ്മതിച്ചത് ഖത്തർ സംഘത്തിന് നാണക്കേടായി. ഇത്തരം സന്ദർശനങ്ങൾക്കു മുമ്പ് പരസ്പര ഏകോപനവും ധാരണയുമുണ്ടാകണമെന്ന നയതന്ത്ര മര്യാദകൾ ലംഘിച്ചതാണ് ഖത്തർ സംഘത്തെ സ്വീകരിക്കുന്നതിന് വിസമ്മതിക്കുന്നതിന് കാരണമായി സുഡാൻ വ്യക്തമാക്കിയത്. സുഡാൻ നേതാക്കളെ കാണുന്നതിന് ഖത്തർ സംഘം കാത്തുനിന്നതും അനുമതി ലഭിക്കാതെ സംഘം നാണം കെട്ട് മടങ്ങിയതും ന്യൂസ് ഏജൻസികളിലും സാമൂഹികമാധ്യമങ്ങളിലും ചൂടുള്ള വാർത്തയായി.
ഖത്തർ നയതന്ത്രത്തെ പരിഹസിച്ച് നിരവധി പേർ സാമൂഹികമാധ്യമങ്ങളിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. സൗദി, യു.എ.ഇ സംയുക്ത സംഘത്തിനു പിന്നാലെ ഈജിപ്തിൽ നിന്നുള്ള ഉന്നതതല സംഘവും സുഡാൻ മിലിട്ടറി കൗൺസിൽ പ്രസിഡന്റുമായും വൈസ് പ്രസിഡന്റ് ജനറൽ മുഹമ്മദ് ഹംദാൻ ദഖ്‌ലുവുമായും ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടക്കാല ഭരണം കൈയാളുന്ന സുഡാൻ മിലിട്ടറി കൗൺസിലിനു മേൽ സ്വാധീനം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയായിരിക്കാം ഖത്തർ സംഘം സുഡാനിലെത്തിയതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ പറഞ്ഞു. മേഖലാ രാജ്യങ്ങളിലും ആഗോള തലത്തിലും ഖത്തറിനുള്ള സ്ഥാനവും ഖത്തറിന്റെ സ്വാഭാവിക വലിപ്പവുമാണ് സുഡാനിൽ നിന്ന് ഖത്തർ സംഘത്തിന് നേരിട്ട നാണക്കേട് വ്യക്തമാക്കുന്നതെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.