ഉംറക്കെത്തിയ ചിത്രകാരി  ഫൈറൂസ മക്കയിൽ മരിച്ചു

മക്ക- അറിയപ്പെടുന്ന ചിത്രകാരി ഫൈറൂസ(32) മക്കയിൽ നിര്യാതയായി. മടവൂർ സ്വദേശി കല്ലുമുട്ടയിൽ ഉമ്മർ þ- ഉമ്മു കുൽസൂം ദമ്പതികളുടെ മകളാണ്. മാതാപിതാക്കളോടൊപ്പം ഈ മാസം ഏഴിനാണ് ഉംറ നിർവഹിക്കാനെത്തിയത്. ശാരീരിക വളർച്ചയില്ലാതിരുന്നിട്ടും അവശത ബാധിച്ചവർക്ക് പ്രോത്സാഹനം നൽകിയിരുന്ന ഫൈറൂസ പാഴ്‌വസ്തുക്കളിൽനിന്ന് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിൽ വിദഗ്ദയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരെയും ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങളെയും സംരക്ഷിക്കുന്നതിന്
നരിക്കുനിയിൽ പ്രവർത്തിക്കുന്ന അത്താണി റിഹാബിലേറ്റഷൻ സെന്ററിലെ നിത്യസന്ദർശകയായിരുന്ന ഫൈറൂസ അന്തേവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. 
ചൊവ്വാഴ്ച കടുത്ത പനി ബാധിച്ചതിനെ മക്ക അൽനൂർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഫൈറൂസ ഇന്നലെ രാവിലെയാണ് മരിച്ചത്. മസ്ജിദുൽ ഹറമിൽ മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം മക്ക അൽശറായ ഖബർസ്ഥാനിൽ മറവു ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മക്ക കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ  നേതൃത്വം നൽകി. 


 

Latest News