തിരുവനന്തപുരം- രാഷ്ട്രീയത്തിന്റെ പേരിൽ വിശ്വാസവും ആചാരവും നശിപ്പിക്കാൻ ആരേയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി.
ആചാരങ്ങൾ സംരക്ഷിക്കാൻ കാവൽക്കാരനായി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന വിശ്വാസ പാരമ്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നും ശബരിമലയുടെ പേരെടുത്തുപറയാതെ അദ്ദേഹം വ്യക്തമാക്കി. തന്റെ സർക്കാർ വീണ്ടും അധികാരത്തിൽ വരുമ്പോൾ കോടതിയിലും പാർലമെന്റിലും ഇതിനായി നിലപാടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എൻ.ഡി.എ വിജയസങ്കൽപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ വിഷയത്തിൽ കോൺഗ്രസിന് ദൽഹിയിൽ ഒരു നിലപാടും കേരളത്തിൽ മറ്റൊരു നിലപാടുമാണ്. ഇത് ജനം തിരിച്ചറിയും. കേരളത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ജനങ്ങളോട് ബഹുമാനമില്ല. മനുഷ്യ ജീവനുകൾക്കും വിശ്വാസങ്ങൾക്കും അവർ പ്രധാന്യം കൽപ്പിക്കുന്നില്ല. പൂജാ കർമ്മങ്ങൾ അവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നമ്മുടെ വിശ്വാസങ്ങളെ തകർക്കാൻ അവർക്ക് ഒരിക്കലും സാധിക്കില്ല. ഈശ്വരന്റെ പേര് പരാമർശിക്കുന്നവരെ കള്ളകേസിൽ കുടുക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്യുന്നു. ഇതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾക്ക് ഒന്നും മനസിലാകുന്നില്ലാ എന്നാണ് കോൺഗ്രസും രാഹുലും കരുതുന്നത്. ഒന്നാണെന്ന സന്ദേശം നൽകാനാണെങ്കിൽ വയനാട്ടിനുപകരം തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് സന്ദേശം നൽകാമായിരുന്നു. കോൺഗ്രസിന്റെ പ്രീണനം, കാഴ്ച്ചപാട്, ആശയം എന്നിവ രാജ്യവിരുദ്ധമാണ്. അമേഠിയിലെ വികസന കാഴ്ച്ചപ്പാടുമായാണ് രാഹുൽ കേരളത്തിൽ വന്നിരിക്കുന്നത്. നമുക്ക് വിവരങ്ങൾ ലഭിക്കാൻ ഇന്റർനെറ്റ് ഡാറ്റാ ചെലവ് കുറഞ്ഞരീതിയിൽ ലഭ്യമാക്കുന്നതിനാൽ അമേഠിയിലെ വിവരങ്ങൾ ലഭിക്കാൻ അധികം പ്രയാസമില്ല.
പ്രളയത്തിൽ നാട് വിറങ്ങലിച്ചു നിന്നപ്പോൾ സ്വന്തം ജീവൻ പണയം വച്ച് സഹജീവികളെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച മത്സ്യ തൊഴിലാളികളാണ് നമ്മുടെ നാടിന്റെ കാവൽക്കാരെന്ന് പ്രധാനമന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയത്. മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിന് വേണ്ടിയാണ് അവർക്കായി ഒരു വകുപ്പ് കേന്ദ്ര സർക്കാർ രൂപീകരിച്ചത്. കിസാൻ സമ്മാൻ പദ്ധതിയിൽ മത്സ്യതൊഴിലാളികളെ കൂടി ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നിന്ന മുന്നോക്ക സമുദായക്കാർക്ക് എൻഡിഎ സർക്കാർ 10 ശതമാനം സംവരണം നൽകി. എന്നാൽ ആരുടെയും അവകാശങ്ങൾ തട്ടി എടുത്തുകൊണ്ടല്ല അത് സാധ്യമാക്കിയത്. സാമൂഹ്യ പശ്ചാത്തല വികസനവും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നടപടികളും കേന്ദ്ര സർക്കാർ കൈക്കൊണ്ടുവരികയാണ്. ഭാരതത്തിലെ ആധ്യാത്മിക കേന്ദ്രങ്ങളെ വികസിപ്പിച്ച് ഇവ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ആധ്യാത്മിക ടൂറിസം പദ്ധതിക്ക് വൻ സാധ്യതയാണ് തെളിഞ്ഞു വരുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി.