കണ്ണൂർ- കണ്ണൂർ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരന്റെ പ്രചാരണാർഥം പുറത്തിറക്കിയ വിവാദ വീഡിയോയുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും തെരഞ്ഞെടുപ്പു കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെ രാഷ്ട്രീയ നേതാക്കൾ പരസ്പരം ആരോപണങ്ങളുയർത്തി. കെ.സുധാകരനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മാറ്റി നിർത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, വനിതാ കമ്മീഷൻ ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ ചെയ്യുകയാണെന്നാണ് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി ആരോപിച്ചു.
കണ്ണൂരിലെ ഇടതു സ്ഥാനാർഥി പി.കെ. ശ്രീമതി ടീച്ചറെ പരോക്ഷമായി പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തിറക്കിയെന്നാണ് പരാതി. ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി എന്ന പേരിലുള്ള ഈ പരസ്യ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരസ്യം വൻ വിവാദമായിട്ടും പിൻവലിക്കാൻ തയ്യാറാകാത്ത യു.ഡി.എഫ് സ്ഥാനാർഥി കെ.സുധാകരനെ പ്രചാരണത്തിൽ നിന്നും വിലക്കണമെന്ന് എ.വി.ജയരാജൻ ആവശ്യപ്പെട്ടു. അധികൃതർ നിയമ നടപടി ആരംഭിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിട്ടും ഈ പരസ്യം പിൻവലിക്കാത്തത് തെരഞ്ഞെടുപ്പു സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. പരാജയ ഭീതിയിൽ വിറളി പൂണ്ടാണ് യു.ഡി.എഫ് നേതൃത്വവും സ്ഥാനാർഥിയും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന വികസന കാഴ്ചപ്പാടുകളെ എതിർക്കാനാവാതെ വ്യക്തിഹത്യയും അപവാദ പ്രചാരണവുമാണ് യു.ഡി.എഫ് നടത്തുന്നത്. ആദ്യം പുറത്തെടുത്ത അക്രമ രാഷ്ട്രീയ പ്രചാരണം ഏശാതെ വന്നപ്പോഴാണ് വ്യക്തിഹത്യയിലേക്ക് തിരിഞ്ഞതെന്നും ഇതിനു കണ്ണൂരിലെ വോട്ടർമാർ മറുപടി നൽകുമെന്നും എം.വി.ജയരാജൻ പറഞ്ഞു.
ഭരണത്തിന്റെ തണലിൽ സി.പി.എം, വനിതാ കമ്മീഷനെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി പറഞ്ഞു. സി.പി.എം നേതാവായ എം.സി. ജോസഫൈൻ നേതൃസ്ഥാനത്തുള്ള വനിതാ കമ്മീഷൻ ഉദ്ദിഷ്ടകാര്യത്തിനു ഉപകാര സ്മരണ ചെയ്യുകയാണ്. സി.പി.എമ്മിനു വേണ്ടി കെ.സുധാകരനെതിരെ കേസെടുക്കാൻ തീരുമാനിച്ച വനിതാ കമ്മീഷൻ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണ്. കേരളത്തിലെ മുഴുവൻ വനിതകളുടെയും സംരക്ഷണം ഏറ്റെടുക്കേണ്ട കമ്മീഷൻ സി.പി.എമ്മിന്റ ചട്ടുകമായി അധ:പതിച്ചിരിക്കയാണ്. സംസ്ഥാനത്തെ സി.പി.എം നേതാക്കൾക്കെതിരെ ഒട്ടേറെ വനിതകൾ പരാതി നൽകിയപ്പോൾ പോലും കേസെടുക്കാനോ അന്വേഷിക്കാനോ തയ്യാറാവാത്ത വനിതാ കമ്മീഷൻ, നിയമപരമായി നിലനിൽക്കാത്ത, നവമാധ്യമത്തിലെ ഒരു വീഡിയോയുടെ പേരിൽ കെ.സുധാകരനെതിരെ കേസെടുത്ത നടപടി അത്യന്തം പ്രതിഷേധാർഹമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു.