കൽപറ്റ- വയനാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു സാന്നിധ്യം അറിയിക്കാതെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ അപരന്മാർ. മണ്ഡലത്തിലെ സ്ഥാനാർഥി പട്ടികയിലുള്ളതിൽ മൂന്നു പേർക്കാണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ പേരുമായി സാദൃശ്യം. സ്വതന്ത്രൻ ഇ.കെ. രാഹുൽ ഗാന്ധി, അഖില ഇന്ത്യ മക്കൾ കഴകത്തിലെ കെ. രാഘുൽ ഗാന്ധി, ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയിലെ കെ.എം. ശിവപ്രസാദ് ഗാന്ധി എന്നിവരാണ് എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അപരന്മാർ. നാമനിർദേശ പത്രിക സമർപ്പിച്ചതല്ലാതെ അപരന്മാർ മൂന്നും മണ്ഡലത്തിൽ പ്രചാരണത്തിനു ഇറങ്ങിയിട്ടില്ല.
ഇവരുടേതായി പോസ്റ്ററും നോട്ടീസും അടക്കം പ്രചാരണ സാമഗ്രികൾ കാണാനില്ല. എങ്കിലും അപരന്മാർ യു.ഡി.എഫ് ക്യാമ്പിൽ നേരിയ അലോസരം സൃഷ്ടിക്കുന്നുണ്ട്. എ.ഐ.സി.സി അധ്യക്ഷനു ലഭിക്കേണ്ടതിൽ കുറച്ചു വോട്ടുകളെങ്കിലും വഴിമാറിപ്പോകാൻ ഇവർ കാരണമാകുമെന്നു യു.ഡി.എഫ് നേതാക്കൾ കരുതുന്നു.
20 സ്ഥാനാർഥികൾ ഉണ്ടെങ്കിലും മണ്ഡലത്തിൽ എൽ.ഡി.എഫും യു.ഡി.എഫുമായാണ് മത്സരം. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം പി.പി. സുനീറാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാണെങ്കിലും മത്സരത്തെ ത്രികോണ തലത്തിലേക്കുയർത്താൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ദേശീയ ജനാധിപത്യ സഖ്യത്തിനു വേരോട്ടം ഉള്ളതല്ല വയനാട് മണ്ഡലം. ഒരു ലക്ഷത്തിൽ ചുവടെ വോട്ടുകളേ തുഷാറിനു ലഭിക്കൂവെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുടെ അനുമാനം. കുടം അടയാളത്തിലാണ് തുഷാർ ജനവിധി തേടുന്നത്.
പി.കെ. മുഹമ്മദ്-ബഹുജൻ സമാജ് വാദി പാർട്ടി, കെ. ഉഷ-സി.പി.ഐ (എംഎൽ) റെഡ്സ്റ്റാർ, പി.പി. ജോൺ-സെക്യുലർ ഡെമോക്രാറ്റിക് കോൺഗ്രസ്, ബാബു മണി സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, നറുകര ഗോപി, തൃശൂർ നസീർ, ഡോ.കെ. പദ്മരാജൻ, കെ.പി. പ്രവീൺ, ബിജു കാക്കത്തോട്, മുജീബ് റഹ്മാൻ, പി.ആർ. ശ്രീജിത്ത്, ഷിജോ എം.വർഗീസ്, സിബി വയലിൽ, സെബാസ്റ്റ്യൻ വയനാട ്(എല്ലാവരും സ്വതന്ത്രർ) എന്നിവരും മണ്ഡലത്തിലെ സ്ഥാനാർഥികളാണ്.
രാഹുൽ ഗാന്ധിയുമായുള്ള മത്സരം വയനാട് നിയോജകമണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ഇടതു മുന്നണിയുടെ പോരാട്ടവീര്യം വർധിക്കുന്നതിനു കാരണമായിട്ടുണ്ട്. എൽ.ഡി.എഫ് ഒറ്റക്കെട്ടായി സർവ കരുത്തുമെടുത്താണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. യു.ഡി.എഫിനെ അപേക്ഷിച്ച് പ്രചാരണ രംഗത്തു ഒരുപടി മുന്നിലാണ് ഇടതുമുന്നണി. നാമനിർദേശ പത്രികാ സമർപ്പണത്തിനുശേഷം മണ്ഡലത്തിൽ ഒരു ദിവസം മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥി പ്രചാരണത്തിനെത്തിയത്. എന്നാൽ മുഖ്യ എതിരാളി രാഹുൽ ഗാന്ധിയാണെന്നു അറിഞ്ഞതു മുതൽ മണ്ഡലത്തിൽ നിറഞ്ഞുനിൽക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി.
തെരഞ്ഞെടുപ്പുഫലം എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കഴിഞ്ഞ പതിറ്റാണ്ടിനിടെ മണ്ഡലത്തിൽ എടുത്തുപറയത്തക്ക രാഷ്ട്രീയ വളർച്ച എൽ.ഡി.എഫ് കൈവരിച്ചുവെന്നാണ് കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു ഫലങ്ങൾ ചൂണ്ടിക്കാട്ടി നേതാക്കൾ വാദിക്കുന്നത്. ഇതിൽ പതിരില്ലെന്നു തെളിയിക്കാനാണ് എൽ.ഡി.എഫ് ആഞ്ഞുതുഴയുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ ലഭിച്ചിരുന്ന അനുഭാവ വോട്ടുകളിൽ ഒന്നുപോലും ചോർന്നു പോകാതിരിക്കാൻ ഇടതു മുന്നണി അടവുകൾ മുഴുവൻ പയറ്റുകയാണ്. വർഗീയത, ഫാസിസം, അഴിമതി, വികസനം എന്നിവയ്ക്കുപരി കാർഷിക പ്രതിസന്ധിയാണ് എൽ.ഡി.എഫ് വയനാട്ടിൽ മുഖ്യ തെരഞ്ഞെടുപ്പു വിഷയമായി ഉയർത്തുന്നത്. കാർഷിക പ്രതിസന്ധിക്കു മുഖ്യ ഉത്തരവാദി രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന കോൺഗ്രസാണെന്നാണ് എൽ.ഡി.എഫ് വോട്ടർമാരോടു പറയുന്നത്.
2014ലെ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ആകെയുള്ള 12,29,815 വോട്ടിൽ 9,15,020 എണ്ണമാണ് പോൾ ചെയ്തത്. ഇതിൽ 41.2 ശതമാനം (3,77,035) യു.ഡി.എഫിനു ലഭിച്ചു. 38.92 ശതമാനമാണ് (3,56,165) എൽ.ഡി.എഫിനു ലഭിച്ചത്. 8.82 ശതമാനമായിരുന്നു (80,752) എൻ.ഡി.എ വോട്ട് വിഹിതം. വോട്ടിംഗ് ശതമാനത്തിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു കാര്യമായ കുറവുണ്ടായാൽ രാഷ്ട്രീയ വളർച്ച സംബന്ധിച്ച എൽ.ഡി.എഫ് വാദം പൊളിയും. ഇക്കുറി മണ്ഡലത്തിൽ 13,57,819 പേർക്കാണ് വോട്ടവകാശം. 10 ലക്ഷത്തിലധികം വോട്ട് പോൾ ചെയ്യുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. രാഹുൽ ഗാന്ധി രണ്ടു ലക്ഷം വോട്ടിൽ കുറയാത്ത ഭൂരിപക്ഷത്തിനു വിജയിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിഗമനം. മൂന്നു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പറയുന്നവരും ഉണ്ട്.