മലപ്പുറം- പൊന്നാനിയിലെ ഇടതുസ്വതന്ത്രസ്ഥാനാർഥിയും നിലമ്പൂർ എം.എൽ.എ.യുമായ പി.വി.അൻവറും സി.പി.എം ജില്ലാ നേതൃത്വവും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കുറെ നാളായി ഉള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന ഭിന്നത പരസ്യമാകുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരു വിഭാഗം സി.പി.എം.നേതാക്കൾ തന്നെ കൈവിടുന്നതായി തിരച്ചറിഞ്ഞതോടെ അൻവർ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തി. പൊന്നാനിയിൽ തെരഞ്ഞെടുപ്പിൽ തോറ്റാൻ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ അൻവർ താൻ നിലമ്പൂരിലെ എം.എൽ.എ സ്ഥാനം വരെ രാജിവെക്കുമെന്നും പരസ്യമായി പറഞ്ഞു. അതോടെ അൻവറിനും സി.പി.എം നേതാക്കൾക്കുമിടയിൽ മാത്രം രഹസ്യമായി നിലനിന്നിരുന്ന അഭിപ്രായഭിന്നത പരസ്യമായി പുറത്തെത്തിയിരിക്കുകയാണ്.
വാർത്തകൾ തത്സമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
അൻവറിനെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കിയതു മുതൽ ഇടതുമുന്നണിക്കുള്ളിൽ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ അൻവർ തന്നെ പരസ്യപ്രസ്താവന നടത്തിയതോടെ കൂടുതൽ വഷളായിരിക്കുന്നത്. അൻവറിനെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കുന്നതിന് മുൻകൈയെടുത്തത് ഇടതുമുന്നണി കൺവീനറും മലപ്പുറം ജില്ലയിലെ പ്രമുഖ സി.പി.എം. നേതാവുമായ എ.വിജയരാഘവനാണ്. എന്നാൽ സി.പി.എം ജില്ലാ കമ്മിറ്റിയിൽ ഈ തീരുമാനത്തിന് എതിർപ്പുകളുണ്ടായിരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ ചിലരും എതിർത്തതോടെ അൻവറിനെ സ്ഥാനാർഥിയാക്കില്ലെന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ വിജയരാഘവന്റെ കടുത്ത സമ്മർദ്ദത്തിൽ പൊന്നാനിയിൽ അൻവർ തന്നെ എത്തിയതോടെ ഇടതുമുന്നണിയിലെ പ്രധാന നേതാക്കളിൽ പലരും നീരസത്തിലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പലരും സജീവമാകാതിരുന്നത് മണ്ഡലത്തിലെ ഇടതുപ്രവർത്തകർക്കിടയിലും മുറുമുറുപ്പിന് ഇടയാക്കിയിരുന്നു. പൊന്നാനിയിൽ ഇടതു പ്രചാരണത്തിന് നായകത്വം നൽകുമെന്ന് കരുതിയിരുന്ന മന്ത്രി കെ.ടി. ജലീൽ മണ്ഡലത്തിൽ സജീവമാകാതിരുന്നതും മുന്നണി പ്രവർത്തകരെ നിരാശരാക്കിയിരുന്നു. മന്ത്രി ജലീൽ ഏതാനും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിച്ചെങ്കിലും സ്ഥാനാർഥിക്കൊപ്പം സജീവമായി രംഗത്തില്ലെന്ന പരാതി വ്യാപകമായി ഉയർന്നിട്ടുണ്ട്.
സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളിലൊരാളായ വി.എസ് അച്ചുതാനന്ദൻ പൊന്നാനിയിൽ പ്രചാരണത്തിന് എത്താതിരുന്നതും വലിയ ചർച്ചയായി. മലപ്പുറത്തെ ഇടതുസ്ഥാനാർഥിക്ക് വേണ്ടി പ്രസംഗിച്ച വി.എസ്. അച്ചുതാനന്ദൻ, കടുത്ത മൽസരം കാഴ്ചവെക്കുമെന്ന് സി.പി.എം പറഞ്ഞ പൊന്നാനിയിൽ എത്താതിരുന്നത് പാർട്ടിക്കുള്ളിലെ ഭിന്നത മൂലമാണെന്ന സംശയവും ശക്തമായി.
അൻവറിന്റെ പ്രചരാണത്തിന് മുന്നിൽ നിന്നിരുന്ന താനൂർ എം.എൽ.എ. വി.അബ്ദുറഹ്മാൻ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് എന്നിവർ തെരഞ്ഞെടുപ്പ് അടുത്തതോടെ സജീവമല്ലാതായെന്ന പരാതിയും പൊന്നാനിയിലെ ഇടതുപ്രവർത്തകർ ഉയർത്തി തുടങ്ങിയിട്ടുണ്ട്.
എം.എൽ.എ.സ്ഥാനം രാജിവെക്കുമെന്ന പി.വി.അൻവറിന്റെ പുതിയ നിലപാട് സി.പി.എം നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ഇടതുപക്ഷത്തിന് അട്ടിമറി വിജയം നേടാനായത് അൻവറിന്റെ വ്യക്തിപരമായ പ്രവർത്തനം കൊണ്ട് കൂടിയായിരുന്നു. പൊന്നാനിയിൽ അൻവർ തോൽക്കുകയും നിലമ്പൂരിലെ എം.എൽ.എ.സ്ഥാനം രാജിവെക്കുകയും ചെയ്താൽ ഇടതുപക്ഷത്തിന് അത് കനത്ത തിരിച്ചടിയാകും. ഇടതുനേതാക്കളെ അവസാനഘട്ടത്തിലെങ്കിലും തനിക്ക് വേണ്ടി സജീവമായി പ്രചാരണത്തിനിറക്കാൻ വേണ്ടിയാണ് അൻവർ രാജി പ്രഖ്യാപനം നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.