ന്യൂദല്‍ഹി- തന്നോട് അപമര്യാദയായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെതിരേ പ്രതിഷേധവുമായി കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി. ട്വിറ്ററിലാണ് പ്രിയങ്ക തന്റെ അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസിനുള്ളില്‍ ഗുണ്ടകള്‍ക്കാണോ പ്രാധാന്യമെന്നായിരുന്നു പാര്‍ട്ടിയോട് പ്രിയങ്കയുടെ ചോദ്യം.
പാര്‍ട്ടിയില്‍ അവര്‍ നല്‍കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും പേരില്‍ മാത്രം അവരെ തിരിച്ചെടുത്തതില്‍ കടുത്ത ദുഃഖമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയവരെ മാറ്റി നിര്‍ത്താന്‍ പോലും തയാറാകാത്തത് അങ്ങേയറ്റം സങ്കടകരമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പ്രാദേശിക നേതാക്കള്‍ കോണ്‍ഗ്രസ് വക്താവായ പ്രിയങ്കയോട് അപമര്യാദ കാണിച്ചത്. അവര്‍ക്കെതിരേ അശ്ലീല പരാമര്‍ശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രിയങ്കയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോപണ വിധേയരായവരെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തിരുന്നു.
എന്നാല്‍, തെരഞ്ഞെടുപ്പു അടുത്ത സാഹചര്യത്തില്‍ ഇവരെ പാര്‍ട്ടില്‍ തിരിച്ചെടുത്തു. ഇതിനെ വിമര്‍ശിച്ചാണ് പ്രിയങ്ക ചതുര്‍വേദി ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചത്.