Sorry, you need to enable JavaScript to visit this website.

പതിനേഴ് ദിവസം പ്രായമായ കുഞ്ഞിന്റെ ശസ്ത്രക്രിയ പൂർത്തിയായി

കൊച്ചി- മംഗലാപുരത്തുനിന്ന് കൊച്ചി അമൃതാ ആശുപത്രിയിൽ എത്തിച്ച പതിനേഴ് ദിവസം പ്രായമായ കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ ആറു മണിക്കൂർ നീണ്ടുനിന്നു. ഇന്ന് രാവിലെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. കുഞ്ഞിനെ കുറേ ദിവസം കൂടി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരിക്കും.
ജന്മനാലുള്ള ഹൃദയ വൈകല്യങ്ങൾ പരിഹരിക്കാനാണ് ശസ്ത്രക്രിയ നടത്തിയത്. നിരവധി ആരോഗ്യപ്രശ്‌നങ്ങൾ കുഞ്ഞിനുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൃദയ അറകളിലേക്ക് രക്തം പമ്പു ചെയ്യുന്ന വെൻട്രിക്കിളിൽ ജനിച്ചപ്പോൾ തന്നെ ദ്വാരമുണ്ടായിരുന്നു.
കുട്ടിയുടെ ഹൃദയവാൽവിലും ദ്വാരമുണ്ട്. ഇതിന് പുറമെ ശരീരത്തിലെ ധമനികൾ ചുരുങ്ങിയ നിലയിലുമായിരുന്നു. കൊച്ചിയിൽ എത്തിക്കും മുൻപ് രണ്ടു പ്രാവശ്യം കുഞ്ഞിന് അപസ്മാരമുണ്ടായി. ഭാവിയിൽ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന വൈകല്യങ്ങളും പരിശോധനയിൽ കണ്ടെത്തിയിരുന്നു. കുഞ്ഞിനെ രണ്ട് ദിവസം മുൻപാണ് മംഗലാപുരത്ത് നിന്ന് അടിയന്തര ഹൃദയശസ്ത്രക്രിയക്കായി കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരുന്ന കുഞ്ഞിന് സർക്കാർ ഇടപെടലിനെ തുടർന്നാണ് കൊച്ചിയിൽ ചികിത്സാ സൗകര്യം ലഭ്യമാക്കിയത്.
 

Latest News