ന്യൂദൽഹി- ലോക്‌സഭയിലേക്ക് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനെ അനുസ്മരിപ്പിക്കുന്ന വിധം രണ്ടാംഘട്ടത്തിലും വ്യാപകഅക്രമം. ബംഗാളിലും കർണാടകയിലും വ്യാപകമായ അക്രമണമുണ്ടായി. കർണാടകത്തിലെ മാണ്ഡ്യയിൽ ഇരുവിഭാഗം കതമ്മിൽ സംഘർഷമുണ്ടായി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡയും ബി.ജെ.പിയുടെ സുമലതയുമാണ് ഇവിടെ മത്സരിക്കുന്നത്. മണിപ്പൂരിലും സംഘർഷമുണ്ടായി. പോളിംഗ് ബൂത്തിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടത്തിന് നേരെ സുരക്ഷാ സേന വെടിയുതിർത്തു. ഇതിനെ തുടർന്ന് ഇന്നർ മണിപ്പൂരിൽ വോട്ടെടുപ്പ് നിർത്തിവച്ചു. പശ്ചിമ ബംഗാളിലും വ്യാപക അക്രമമുണ്ടായി. റായ്ഗഞ്ചിൽ സി.പി.എം സ്ഥാനാർത്ഥി മുഹമ്മദ് സലീമിന്റെ വാഹനം ആക്രമിച്ചു.
പതിനൊന്ന് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും 95 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ദക്ഷിണേന്ത്യയിലെ 53 ഉം ഉത്തരേന്ത്യയിലെ 42 ഉം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
തെരഞ്ഞെടുപ്പ് റദ്ദാക്കിയ വെല്ലൂർ ഒഴികെ തമിഴ്‌നാട്ടിൽ 38 സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നു. 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 10 ഉം ഉത്തർപ്രദേശിൽ എട്ടും മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.






