Sorry, you need to enable JavaScript to visit this website.

അനുസരണക്കേടിനു നല്‍കിയ ശിക്ഷയെന്ന് മാതാപിതാക്കള്‍; വധശ്രമത്തിന് കേസെടുത്തു

കൊച്ചി- ആലുവയില്‍ മര്‍ദനമേറ്റ കുട്ടിയെ അനുസരണക്കേടിന് ശിക്ഷിച്ചതാണെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിനു കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തു വിശദമായി ചോദ്യം ചെയ്തുവരികയാണ്.  
കുട്ടിയെ അമ്മയാണ് ക്രൂരമായി മര്‍ദിച്ചത്. ബാലനീതി നിയമം അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അയല്‍വാസികളില്‍നിന്ന് മൊഴിയെടുത്തു.
തുടര്‍ച്ചയായി മര്‍ദനം നേരിട്ടുവെന്നാണ് മനസ്സിലാകുന്നതെന്ന് പോലീസ് പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്.  ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി മൂന്ന് വയസ്സുകാരനെ ബുധനാഴ്ചയാണ് അച്ഛന്‍ ആശുപത്രിയിലെത്തിച്ചത്.  കുട്ടിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിരുന്നു. മേശപ്പുറത്തുനിന്നു വീണെന്നാണ് അച്ഛന്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

 

Latest News