മോഡിയുടെ ഹെലിക്കോപ്റ്റര്‍ പരിശോധിച്ചു; സസ്‌പെന്‍ഷന്‍ കിട്ടി

ഭുവനേശ്വര്‍- നേതാക്കളുടെ ഹെലിക്കോപ്റ്ററുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഫ്‌ളൈയിംഗ് സ്‌ക്വാഡ് പരിശോധിക്കുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ കിട്ടി.  ഒഡീഷ സംബല്‍പുരിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ മുഹമ്മദ് മുഹ്‌സിനെതിരയാണ് കമ്മീഷന്റെ നടപടി. കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമല്ല ഉദ്യോഗസ്ഥന്റെ നടപടിയെന്നും എസ് പി ജി സുരക്ഷയുള്ളവരെ പരിശോധനയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.
ചൊവ്വാഴ്ചയാണ് ഒഡീഷയിലെ സംബല്‍പുരിലെത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചത്. ജില്ലാ കലക്ടര്‍, ഡി.ഐ.ജി എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി. പെട്ടെന്നുണ്ടായ പരിശോധനയെ തുടര്‍ന്ന് 15 മിനിറ്റോളം പ്രധാനമന്ത്രിക്ക് കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു കോണ്‍ഗ്രസ് ആരോപിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരുടെ ഹെലികോപ്റ്ററുകളും ഫ്‌ളൈയിംഗ്  സ്‌ക്വാഡ് പരിശോധിച്ചിരുന്നു.

 

Latest News