Sorry, you need to enable JavaScript to visit this website.

ആർത്തവ ചിത്രം വരച്ച നാടക കലാകാരനെ  ആർ.എസ്.എസുകാർ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ചു 

കാസർകോട്- ആർത്തവ ചിത്രം വരച്ചതിന്റെ പേരിൽ നാടക കലാകാരനെ റോഡിലൂടെ വലിച്ചിഴച്ചു മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ചെമ്മനാട് അണിഞ്ഞ സ്വദേശി ജി.എസ് അനന്ത കൃഷ്ണനു നേരെയാണ് അതിക്രമം നടന്നത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് അനന്തു പരാതിപ്പെട്ടു. അനന്തുവിന്റെ പരാതിയിൽ കോട്ടരുവത്തെ മനോജ് എന്നയാൾക്കെതിരെ മേൽപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷു ദിനത്തിൽ പരവനടുക്കം ജിഎച്ച്എസ്എസ് സ്‌കൂൾ പരിസരത്ത് വെച്ച് അനന്ത കൃഷ്ണനെ മർദിക്കുകയായിരുന്നു. വിഷുവിന് മണിയങ്ങാനത്തെ ബന്ധുവിന്റെ വീട് സന്ദർശിച്ച് മടങ്ങവേയായിരുന്നു ആക്രമണം. കേരളത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നപ്പോൾ അനന്തു ചിത്രരചന നടത്തിയിരുന്നു. ഇതാണ് വിരോധത്തിന് കാരണമെന്നാണ് യുവാവ് പറയുന്നത്. നാടക കലാകാരനും ചിത്രകാരനും സ്‌കൂൾ ഓഫ് ഡ്രാമയിലെ മുൻ വിദ്യാർഥിയുമാണ് അനന്തു. പരവനടുക്കം ടൗണിൽ നിരവധി പേരുടെ മുന്നിൽ വെച്ചാണ് അനന്തുവിനെ കോളറിന് പിടിക്കുകയും അവടെ നിന്ന് സ്‌കൂൾ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി മർദിക്കുകയും ചെയ്തതെന്നാണ് പരാതി. കഴുത്തിലുണ്ടായിരുന്ന കുരിശു മാല പൊട്ടിച്ചെറിയുകയും അസഭ്യം പറയുകയും ചെയ്ത സംഘം ഇനി നാട്ടിൽ കാലു കുത്തിയാൽ കൈയും കാലും കൊത്തിയരിയുമെന്നും, നിന്നെ പോലുള്ളവരാണ് തങ്ങളുടെ എതിരാളികളെന്ന് ആക്രോശിക്കുകയും ചെയ്തതായി അനന്തു പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും ആർത്തവ വിവാദം സംബന്ധിച്ചും വിനീഷ് ബാവിക്കര എന്നയാൾ എഴുതിയ കവിതയോടു കൂടിയ ചിത്രം മുമ്പ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതിന്റെ പേരിലാണ് തനിക്കു നേരെ ആക്രമണം നടത്തിയതെന്നും അനന്തകൃഷ്ണൻ പരാതിയിൽ പറഞ്ഞിട്ടുണ്ട്.
  

Latest News