തിരുവനന്തപുരം- ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂരിന് എൻ.എസ്.എസ് പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾ എൻ.എസ്.എസ് നേതൃത്വം നിഷേധിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രവർത്തകരിൽനിന്ന് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് ശശി തരൂർ പരാതിപ്പെടുന്നതിനിടയിലാണ് എൻ.എസ്.എസ്. അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നതെന്നും മണ്ഡലത്തിലെ പ്രമുഖ സമുദായത്തിന്റെ പരസ്യമായ പിന്തുണ ശശി തരൂർ ക്യാമ്പിന് ആവേശം പകർന്നിട്ടുണ്ടെന്നുമായിരുന്നു പ്രമുഖ ഇംഗ്ലീഷ് പത്രത്തിന്റെ റിപ്പോർട്ട്.
പരസ്യമായി ഇപ്രകാരമൊരു വാർത്ത പ്രത്യക്ഷപ്പെട്ടത് എൻ.എസ്.എസ് ഇഷ്ടപ്പെടാത്തതിനാലാണ് അവർ നിഷേധക്കുറിപ്പ് ഇറക്കിയതെന്നാണ് കരുതുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം സംബന്ധിച്ച എൻ.എസ്.എസിന്റെ അഭിപ്രായം തുറന്നുപറഞ്ഞെങ്കിലും രാഷ്ട്രീയമായി സമദൂര നിലപാടാണ് എന്ന കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അതിന് യാതൊരു മാറ്റവുമില്ലന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു പ്രാദേശിക ഇംഗ്ലീഷ് പത്രം തെറ്റിദ്ധാരണാജനകമായ വാർത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞതിനെ തുടർന്നാണ് വാർത്താകുറിപ്പ് ഇറക്കിയതെന്നും എൻ.എസ്.എസ് നിലപാടുകൾ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയിട്ടുള്ള പ്രസ്താവനക്ക് എൻ.എസ്.എസ് നേതൃത്വത്തിന് ഒരു പങ്കുമില്ലെന്നും കുറിപ്പിൽ പറയുന്നു.
ശബരിമല വിഷയത്തിൽ ഹിന്ദു വോട്ടുകൾ കുമ്മനം രാജശേഖരന് അനുകൂലമായി ഏകീകരിക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പിയെ എൻ.എസ്.എസ് നിലപാട് ആശങ്കപ്പെടുത്തിയതായും വാർത്തയുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും ബി.ജെ.പി സ്ഥാനാർഥി കുമ്മനം രാജശേഖരനും നായർ സമുദായത്തിലുള്ളവരാണ്. സി.പി.ഐയുടെ സി. ദിവാകരൻ ഈഴവ സമുദായമാണ്. 2011 ലെ സെൻസസ്പ്രകാരം തിരുവനന്തപുരം മണ്ഡലത്തിൽ 66.46 ശതമാനം ഹിന്ദുക്കളാണ്. ഇവരിൽ 26 ശതമാനം നായർ സമുദായമാണ്. ക്രിസ്ത്യാനികൾ 19.1 ശതമാനവും മുസ്‌ലിംകൾ 13.72 ശതമാനവും വരും. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി വ്യക്തിപരമായി ഏറെ അടുപ്പം സൂക്ഷിക്കുന്നയാളാണ് ശശി തരൂർ.
മണ്ഡലത്തിലെ കരയോഗങ്ങളിലും വനിതാ സമാജങ്ങളിലും ശശി തരൂരിന് പിന്തുണ നൽകണമെന്ന അറിയിപ്പ് ഉടൻ നൽകുമെന്നും പത്രം റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്ത് 5600 ഓളം കരയോഗങ്ങളാണുള്ളത്. തെരഞ്ഞെടുപ്പിൽ എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും നിലപാടുകൾ നിർണായകമാകാറുണ്ട്. എസ്.എൻ.ഡി.പി. എൽ.ഡി.എഫ് പക്ഷത്താണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രീയ പാർട്ടിയായ ബി.ഡി.ജെ.എസ് ബി.ജെ.പിക്കൊപ്പമാണ്. അതുകൊണ്ട് എസ്.എൻ.ഡി.പി പിന്തുണ ബി.ജെ.പിക്ക് പോകുമെന്നാണ് കരുതുന്നത്.
ഈ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾകൂടി സമാഹരിക്കാനായാൽ ശശി തരൂരിന് വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ. ശബരിമല വിഷയത്തിൽ ശശി തരൂരിനോട് എൻ.എസ്.എസിന് വിരോധമില്ലെന്നാണ് മനസ്സിലാകുന്നത്. ശബരിമല വിഷയം പാർലമെന്റിൽ ആദ്യമായി ഉന്നയിച്ച എം.പിയാണ് ശശി തരൂർ. വിശ്വാസികൾക്കൊപ്പമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
ശബരിമല വിഷയത്തിൽ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നിലപാടുകളെ പാർലമെന്റിൽ ശക്തമായ ഭാഷയിൽ അദ്ദേഹം വിമർശിച്ചിരുന്നു. എന്നിട്ടും അദ്ദേഹം ശബരിമല വിഷയത്തിൽ ഒന്നും ചെയ്തില്ലെന്ന് വാദിക്കുന്നവർക്കുള്ള മറുപടി പാർലമെന്റിലെ അദ്ദേഹത്തിന്റെ പ്രസംഗം പരിശോധിച്ചാൽ ലഭിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.
ബി.ജെ.പി തെരഞ്ഞെടുപ്പ് രംഗത്ത് സംസ്ഥാനത്ത് ഏറ്റവും കാര്യക്ഷമായി പ്രവർത്തിക്കുന്ന മണ്ഡലം തിരുവനന്തപുരമാണ്. കോൺഗ്രസ് വോട്ടുകളും എൽ.ഡി.എഫ് അനുഭാവികളുടെ വോട്ടും നേടിയെടുക്കാൻ എല്ലാവിധ തന്ത്രങ്ങളും നടത്തിവരുകയാണ്. അതുകൊണ്ട് എൻ.എസ്.എസ് ശശി തരൂരിന് പിന്തുണ നൽകിയാലും അത് തങ്ങളെ ബാധിക്കില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്. ബി.ജെ.പി സംസ്ഥാനത്ത് വിജയിക്കുന്ന ഏക സീറ്റ് തിരുവനന്തപുരമാണെന്ന് ചില സർവെ റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ തിരുവനന്തപുരത്ത് മികച്ച വിജയം നേടുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതൃത്വത്തിനുള്ളത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസ് പ്രവർത്തകർക്കും യു.ഡി.എഫ് അനുകൂലികൾക്കും പുത്തനുണർവ് നൽകിയിട്ടുണ്ട്. തരൂരിന്റെ വിജയത്തിനായി യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ഇത് സഹായകമാകുന്നുണ്ട്. സ്ഥാനാർഥിയുടെ മണ്ഡല പര്യടനത്തിന് പുറമെ വീട് കയറിയുള്ള പ്രചാരണങ്ങൾക്കും നഗര, ഗ്രാമപ്രദേശങ്ങളിലെ കവലകളിൽ പൊതുപരിപാടികൾ സംഘടിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികളും തരൂരിന്റെ മണ്ഡലത്തിലെ പത്തുവർഷത്തെ പ്രവർത്തന നേട്ടങ്ങളും വിശദീകരിച്ചുമാണ് യു.ഡി.എഫിന്റെ പ്രവർത്തനം.
നേമം, കോവളം, നെയ്യാറ്റിൻകര, പാറശ്ശാല മണ്ഡലങ്ങളിലെ അവലോകന യോഗം ചേർന്നിരുന്നു. തീരദേശ-മലയോര മേഖലകളിലെ വോട്ടർമാർക്കിടയിലും യുവാക്കൾക്കും സ്ത്രീ വോട്ടർമാർക്കിടയിലും യു.ഡി.എഫ് അനുകൂല തരംഗം പ്രകടമാണന്നാണ് നേതാക്കളുടെ അഭിപ്രായം. ഇന്ന് രാവിലെ 10.30 ന് ബീമാപള്ളിയിൽ നടക്കുന്ന യു.ഡി.എഫ് പൊതുയോഗത്തിൽ ലീഗ് ദേശീയ സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുന്നുണ്ട്.