റാഷിദ് ഗസ്സാലിയുടെ പരിഭാഷ സൂപ്പറായെന്ന് മുനവ്വറലി തങ്ങള്‍

കോഴിക്കോട്- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തില്‍ അദ്ദേഹം നടത്തിയ ആവേശ പ്രസംഗങ്ങളോടൊപ്പം അതിന്റെ പരിഭാഷകളും ശ്രദ്ധേയമായി. പത്തനംതിട്ടയില്‍ പി.ജെ. കുര്യന്‍ നടത്തിയ പരിഭാഷ തമാശയായി സമൂഹ മാധ്യമങ്ങളില്‍ തരംഗമായപ്പോള്‍ വയനാട്ടില്‍ പ്രസംഗം പരിഭാഷപ്പെടുത്തിയ റാഷിദ് ഗസ്സാലിക്ക് പൂച്ചെണ്ടുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. വ്യക്തിപരമായി അഭിമാനം തോന്നിയെന്ന് മുനവ്വറലി കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ് വായിക്കാം

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷചെയ്ത റാഷിദ് ഗസ്സാലി സഹോദരതുല്യനായ സഹപ്രവര്‍ത്തകനാണ്. വ്യക്തിപരമായി ഏറെ അഭിമാനം തോന്നിയ നിമിഷം.
മലേഷ്യയില്‍ പഠനം കഴിഞ്ഞു തിരച്ചെത്തിയ ശേഷം ആദ്യമായി നടത്തിയ ഒരു സാമൂഹിക ഇടപെടലായിരുന്നു കോഴിക്കോട് വെച്ചു നടത്തിയ വിഷന്‍ 2005 എന്ന ടാലന്റ് ഹണ്ട്. അന്ന് പ്ലസ്സ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു റാഷിദ്. ആ ഒരു സമയം തൊട്ട് റാഷിദിന്റെ നേട്ടങ്ങളോരോന്നും നേരില്‍ കണ്ടിട്ടുണ്ട്.
റാഷിദിന്റെ കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവും ജീവിതത്തിന്റെ ഈ ചെറിയ കാലയളവില്‍ തന്നെ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അവനെ പ്രാപ്തനാക്കി. ഞങ്ങള്‍ തുടങ്ങിയ സൈന്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിന് വളര്‍ന്ന് പന്തലിച്ച് ഒട്ടേറെ തലങ്ങളില്‍ സാമൂഹിക മുന്നേറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ത്ത് പോകുന്നു.

എല്ലാത്തിനുമപ്പുറം ഇന്ന്, രാജ്യത്തിന്റെ പ്രതീക്ഷയായ നായകന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം വയനാട്ടില്‍ വെച്ച് മനോഹരമായി ഭാഷാന്തരം ചെയ്യാന്‍ റാഷിദിന് ലഭിച്ച അവസരം നമുക്കൊക്കെയും ലഭിച്ച അംഗീകാരമാണ്. മുമ്പ് മഹാത്മാ ഗാന്ധിയുടെ പ്രസംഗം ബാരിസ്റ്റര്‍ വിദ്യാര്‍ത്ഥിയായ സീതി സാഹിബ് പരിഭാഷ ചെയ്തത് ,ചരിത്രത്തിന്റെ സുവര്‍ണ്ണ താളുകളില്‍ എഴുതപ്പെട്ട ഒന്നാണ്.

അത്തരത്തില്‍ യുവാവായ റാഷിദിന്റെ പ്രതിഭാ ധന്യമായ, കാവ്യാത്മകമായ പരിഭാഷ, ഉചിതമായ വാക്കുകളുടെ അകമ്പടിയോടെ കാതിലേക്കൊഴുകുകയാണ്. അഭിനന്ദങ്ങള്‍ റാഷിദ്, അഭിമാനിക്കുന്നു പ്രിയ സുഹൃത്തിനെയോര്‍ത്ത്..

 

 

Latest News